കോഗ്നിസെന്റ് സിഇഒയുടെ പ്രതിഫലം ജീവനക്കാരുടെ ശരാശരി വേതനത്തിന്റെ 514 മടങ്ങ്
കോഗ്നിസന്റ് സിഇഒ ബ്രയാൻ ഹംഫ്രീസിന് 2019 ൽ പ്രതിഫലമായി ലഭിച്ചത് 16 ദശലക്ഷം ഡോളർ. ഇതിൽ പത്ത് ദശലക്ഷം ഡോളറും സ്റ്റോക് അവാർഡായി ലഭിച്ചതാണ്.
ബെംഗളൂരു: കോഗ്നിസന്റ് സിഇഒ ബ്രയാൻ ഹംഫ്രീസിന് 2019 ൽ പ്രതിഫലമായി ലഭിച്ചത് 16 ദശലക്ഷം ഡോളർ. ഇതിൽ പത്ത് ദശലക്ഷം ഡോളറും സ്റ്റോക് അവാർഡായി ലഭിച്ചതാണ്. കമ്പനിയിൽ ജോലി ചെയ്യുന്നവരുടെ വേതനത്തിന്റെ ശരാശരിയുടെ 514 മടങ്ങാണ് സിഇഒയ്ക്ക് ലഭിച്ച പ്രതിഫലം.
ലോകത്താകമാനം കോഗ്നിസന്റിൽ ജോലി ചെയ്യുന്ന ജീവനക്കാരുടെ വാർഷിക വേതനത്തിന്റെ ശരാശരി 32084 ഡോളറാണ്. 24.48 ലക്ഷം ഇന്ത്യൻ രൂപയോളം വരും ഈ തുക. ഹംഫ്രീസിന്റെ മുൻഗാമിയായ ഫ്രാൻസിസ് ഡിസൂസ 14 ദശലക്ഷം ഡോളറാണ് 2018 ൽ നേടിയത്. 2017 ൽ ഡിസൂസയ്ക്ക് 12 ദശലക്ഷം ഡോളറും ലഭിച്ചു.
ഡിസൂസയുടെ കാലത്ത് ജീവനക്കാരുടെ വേതനവും സിഇഒയുടെ വേതനവും തമ്മിലുള്ള അനുപാതം ഇപ്പോഴത്തേതിലും കുറവായിരുന്നു. 2017 ൽ 1:390, 2018 ൽ 1:412 എന്നിങ്ങനെയായിരുന്ന അനുപാതമാണ് ഒറ്റവർഷം കൊണ്ട് 1:514 ആയത്. കമ്പനി പുതിയൊരു റിട്ടയർമെന്റ് പോളിസി കൂടി അവതരിപ്പിച്ചിട്ടുണ്ട്.
വൈസ് പ്രസിഡന്റ് ലെവലിലുള്ളവർക്ക് 55 വയസ് പൂർത്തിയാവുകയോ, കുറഞ്ഞത് പത്ത് വർഷത്തെ സേവനം ഉണ്ടാവുകയോ ചെയ്യുന്ന സാഹചര്യത്തിൽ വോളന്ററി റിട്ടയർമെന്റ് എടുക്കാമെന്നതാണ് പുതിയ പോളിസി.