ബിഎസ്എൻഎൽ - വിഐ ലയനം നടക്കുമോ?
ഇപ്പോൾ കടത്തൽ മുങ്ങിയിരിക്കുന്ന സ്വകാര്യ കമ്പനിയെ ഏറ്റെടുക്കേണ്ട എന്ന് തന്നെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട്.
ദില്ലി : രാജ്യത്ത് ഉപഭോക്തൃ സേവനത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിലും പുറകിൽ നിൽക്കുന്ന കമ്പനികളാണ്, കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ ബിഎസ്എൻഎല്ലും എംടിഎൻഎല്ലും കോർപ്പറേറ്റ് കമ്പനിയായ വോഡഫോൺ ഐഡിയയും. നിലവിൽ ഭീമമായ നഷ്ടം നേരിടുന്ന കമ്പനിയിലെ തന്റെ ഓഹരി വിഹിതം കേന്ദ്ര സർക്കാറിന് കീഴിൽ ഏതെങ്കിലും പൊതുമേഖലാ സ്ഥാപനത്തിന് അല്ലെങ്കിൽ സർക്കാരുകൾക്ക് തന്നെയോ വിൽക്കാനുളള സന്നദ്ധത നേരത്തെ കുമാർ മംഗളം ബിർള വ്യക്തമാക്കിയതാണ്. ഈ വിഷയത്തിൽ കേന്ദ്ര നിലപാട് എന്താണ് എന്നുള്ളതാണ് ഇപ്പോൾ ടെലികോം സെക്ടറിൽ നിന്നുള്ള ഏറ്റവും പ്രധാനപ്പെട്ട ചോദ്യം.
ഇതുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകളിൽ ബിഎസ്എൻഎല്ലും വോഡഫോൺ ഐഡിയയും തമ്മിൽ ലയിക്കുമോ എന്ന ചോദ്യം പ്രസക്തമാകുകയാണ്. ഇപ്പോൾ കടത്തൽ മുങ്ങിയിരിക്കുന്ന സ്വകാര്യ കമ്പനിയെ ഏറ്റെടുക്കേണ്ട എന്ന് തന്നെയാണ് കേന്ദ്രസർക്കാരിന്റെ നിലപാട് എന്നാണ് പേരു വെളിപ്പെടുത്താതെ ഉന്നത ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങൾക്ക് നൽകിയിരിക്കുന്ന വിവരം. തന്റെ പക്കലുള്ള 27 ശതമാനം വി ഐ ഓഹരി വിഹിതം കേന്ദ്ര സർക്കാരിന് നൽകാമെന്ന് ബിർള നേരത്തെ വ്യക്തമാക്കിയിരുന്നു.
നിലവിൽ ലാഭത്തിൽ പ്രവർത്തിക്കുന്ന പല പൊതുമേഖല കമ്പനികളെയും സ്വകാര്യവൽക്കരിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. ഇങ്ങനെ ഒരു ഘട്ടത്തിൽ നഷ്ടത്തിൽ പ്രവർത്തിക്കുന്ന ഒരു കമ്പനിയെ എങ്ങിനെയാണ് കേന്ദ്രസർക്കാർ ഏറ്റെടുക്കുക എന്നുള്ള ചോദ്യവും കേന്ദ്ര സർക്കാർ ഉന്നതരിൽ നിന്നും ഉയരുന്നുണ്ട്. നിലവിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ പണം സമാഹരിക്കാൻ ലക്ഷ്യമിടുന്ന കേന്ദ്ര സർക്കാർ, നഷ്ടം നേരിടുന്ന വിഐ പോലുള്ള ഒരു കമ്പനിയുടെ ഓഹരി ഏറ്റെടുക്കാൻ താല്പര്യപ്പെടുന്നില്ല എന്നുതന്നെയാണ് വ്യക്തമാകുന്നത്. ജൂൺ മാസത്തിലെ ട്രായ്‍യുടെ കണക്കുകൾ പ്രകാരം വിഐക്ക് 43 ലക്ഷം ഉപഭോക്താക്കളെയാണ് നഷ്ടമായിരിക്കുന്നത്. ഇങ്ങനെ ഒരു ഘട്ടത്തിൽ കുമാർ മംഗളം ബിർളയുടെ ഓഫർ കേന്ദ്ര സർക്കാർ നിരാകരിക്കും എന്നുതന്നെയാണ് വിദഗ്ധരും അഭിപ്രായപ്പെടുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona