ആ പണം കിട്ടിയാൽ രണ്ടുദിവസത്തിനുള്ളിൽ കേസുകളെല്ലാം പിൻവലിക്കും: കേന്ദ്രത്തിന് കമ്പനിയുടെ ഉറപ്പ്
പാരീസിലെ നയതന്ത്ര താമസസ്ഥലങ്ങൾ കണ്ടുകെട്ടാനും അമേരിക്കയിലെ എയർ ഇന്ത്യ വിമാനങ്ങൾ കണ്ടുകെട്ടാനുള്ള തീരുമാനത്തിൽനിന്ന് റീഫണ്ട് ലഭിച്ചാലുടൻ പിന്മാറുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്.
ദില്ലി: ഒരു ബില്യൺ ഡോളർ റീഫണ്ട് ലഭിച്ചാൽ, അടുത്ത രണ്ടു ദിവസത്തിനുള്ളിൽ ഇന്ത്യക്കെതിരെ ഫ്രാൻസ് മുതൽ അമേരിക്ക വരെയുള്ള രാജ്യങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കുമെന്ന് കെയിൻ എനർജി ലിമിറ്റഡ് വ്യക്തമാക്കി.
റിട്രോസ്‌പെക്റ്റീവ് നികുതിയുടെ പേരിൽ തങ്ങളുടെ പക്കൽനിന്നും ഈടാക്കിയ തുക തിരിച്ചു തരുന്നപക്ഷം കേസുകളെല്ലാം പിൻവലിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നുവെന്നും കെയിൻ എനർജി സിഇഒ സൈമൺ തോംസൺ പിടിഐയോട് പറഞ്ഞു.
പാരീസിലെ നയതന്ത്ര താമസസ്ഥലങ്ങൾ കണ്ടുകെട്ടാനും അമേരിക്കയിലെ എയർ ഇന്ത്യ വിമാനങ്ങൾ കണ്ടുകെട്ടാനുള്ള തീരുമാനത്തിൽനിന്ന് റീഫണ്ട് ലഭിച്ചാലുടൻ പിന്മാറുമെന്നുമാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. കമ്പനിയുടെ ഓഹരി ഉടമകളും ഈ തീരുമാനത്തിൽ സംതൃപ്തരാണ്.
രാജ്യത്തെ നിക്ഷേപകരുടെ സൗഹൃദ രാജ്യമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. റിട്രോസ്പെക്ടീവ് നികുതി ഇതിനൊരു അപവാദമായിരുന്നു. ഈ നികുതി നിർദേശം ഒഴിവാക്കിയതോടെ ഇതിലൂടെ പിരിച്ചെടുത്ത 8100 കോടിയും തിരിച്ചു കൊടുക്കാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുന്നത്. റീഫണ്ട് നൽകണം എന്നുണ്ടെങ്കിൽ കമ്പനികൾ പലിശയ്ക്ക് വേണ്ടി നിയമനടപടി തേടരുത് എന്നും നിലവിൽ നൽകിയിരിക്കുന്ന എല്ലാ കേസുകളും പിൻവലിക്കണമെന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇതിൽ തന്നെ 7900 കോടി രൂപയും കെയിൻ എനർജിയിൽ നിന്ന് കേന്ദ്ര സർക്കാർ ഈടാക്കിയതാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona