ആമസോൺ സുപ്രീം കോടതിയിലേക്ക്: നേരിടുമെന്ന് ഫ്യൂച്ചർ ഗ്രൂപ്പ്; ഓഹരി ഇടപാടിലെ നിയമയുദ്ധം തുടരുന്നു
ഫ്യൂച്ചർ-റിലയൻസ് ഡീലുമായി ബന്ധപ്പെട്ട ക്രമീകരണ പദ്ധതിക്ക് ഇതിനകം തന്നെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സിസിഐ) നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്
ദില്ലി: ഫ്യൂച്ചർ ഗ്രൂപ്പിന്റെ റിലയൻസ് ഇൻഡസ്ട്രീസുമായുള്ള 24,713 കോടി ഇടപാടിലെ ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെ ആമസോൺ സുപ്രീം കോടതിയെ സമീപിച്ചതായി ഫ്യൂച്ചർ റീട്ടെയിൽ ലിമിറ്റഡ് (എഫ്ആർഎൽ) അറിയിച്ചു. നിയമപരമായ ഉപദേശങ്ങളിലൂടെ ആമസോണിന്റെ നടപടികളെ പ്രതിരോധിക്കുമെന്ന് എഫ്ആർഎൽ സ്റ്റോക്ക് എക്സ്ചേഞ്ചുകളിലേക്കുള്ള ഫയലിംഗിൽ പറഞ്ഞു.
യുഎസ് ഇ-കൊമേഴ്സ് ഭീമൻ ഫ്യൂച്ചർ ഗ്രൂപ്പിനെ സിംഗപ്പൂർ ആർബിട്രേഷൻ വ്യവഹാരത്തിലേക്ക് വലിച്ചിഴച്ചതിനെത്തുടർന്നാണ് ആമസോണും ഫ്യൂച്ചർ ഗ്രൂപ്പും തമ്മിലുളള രൂക്ഷമായ നിയമപോരാട്ടം ആരംഭിച്ചത്. എതിരാളികളായ റിലയൻസുമായുള്ള കരാറിൽ ഏർപ്പെടുന്നതിലൂടെ തങ്ങളുമായുളള കരാറുകൾ കമ്പനി ലംഘിച്ചുവെന്നാണ് ആമസോണിന്റെ വാദം. ഫ്യൂച്ചർ ഗ്രൂപ്പിന്റെ റിലയൻസുമായുള്ള കരാർ തടയാനുള്ള ശ്രമത്തിലാണ് ആമസോൺ സുപ്രീം കോടതിയിലേക്ക് എത്തിയത്.
ഫ്യൂച്ചർ-റിലയൻസ് ഡീലുമായി ബന്ധപ്പെട്ട ക്രമീകരണ പദ്ധതിക്ക് ഇതിനകം തന്നെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയിൽ (സിസിഐ) നിന്ന് അനുമതി ലഭിച്ചിട്ടുണ്ട്, കൂടാതെ വിപണി നിയന്ത്രണ ഏജൻസിയായ സെബിക്കും ഓഹരി ഇടപാടിനോട് എതിർപ്പില്ല.
സിംഗപ്പൂർ ഇന്റർനാഷണൽ ആർബിട്രേഷൻ സെന്ററിലെ (എസ്ഐഎസി) എമർജൻസി ആർബിട്രേറ്ററുടെ (ഇഎ) ഇടക്കാല ഉത്തരവ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ മാസം ആമസോൺ ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു. റീട്ടെയിൽ, മൊത്ത, ലോജിസ്റ്റിക്സ്, വെയർഹൗസിംഗ് യൂണിറ്റുകൾ വിൽക്കാൻ ഫ്യൂച്ചർ ഗ്രൂപ്പ് ശതകോടീശ്വരൻ മുകേഷ് അംബാനിയുടെ ആർ ഐ എല്ലുമായി 24,713 രൂപ കരാറിലാണ് ഏർപ്പെട്ടിരിക്കുന്നത്.