"പണം വാങ്ങി പറ്റിച്ചു, താൻ സഹ സ്ഥാപകൻ": പേടിഎമ്മിനെതിരെ ആരോപണം, വിവാദം ഐപിഒക്ക് തൊട്ടുമുൻപ്
അശോക് കുമാർ സക്സേനയുടെ പരാതി പോലീസ് ഫയലിൽ സ്വീകരിച്ചു. എന്നാൽ, ദില്ലി പോലീസിൽ സമർപ്പിച്ചിരിക്കുന്ന ഈ പരാതി കമ്പനിയെ ഉപദ്രവിക്കാൻ മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്ന് റോയിട്ടേഴ്സിനോട് പേടിഎം പ്രതികരിച്ചു.
മുംബൈ: 2.2 ബില്യൺ ഡോളറിന്റെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് ഐപിഒയുമായി മുന്നോട്ടു പോകുന്ന പേടിഎമ്മിന് മുന്നിൽ അപ്രതീക്ഷിത തടസ്സം. 71 കാരനായ മുൻ ഡയറക്ടർ ഉന്നയിച്ചിരിക്കുന്ന ആരോപണം വളരെ ഗുരുതരമാണ്. 27,500 ഡോളർ നിക്ഷേപം സ്വീകരിച്ചിട്ടും കമ്പനി ഓഹരി നൽകിയില്ലെന്നും താൻ കമ്പനിയുടെ സഹ സ്ഥാപകനാണെന്നും അശോക് കുമാർ സക്സേന ആരോപിക്കുന്നു.
അശോക് കുമാർ സക്സേനയുടെ പരാതി പോലീസ് ഫയലിൽ സ്വീകരിച്ചു. എന്നാൽ, ദില്ലി പോലീസിൽ സമർപ്പിച്ചിരിക്കുന്ന ഈ പരാതി കമ്പനിയെ ഉപദ്രവിക്കാൻ മാത്രം ലക്ഷ്യമിട്ട് ഉള്ളതാണെന്ന് റോയിട്ടേഴ്സിനോട് പേടിഎം പ്രതികരിച്ചു. തന്നെ പോലെ ഒരു വ്യക്തിക്ക് ഉപദ്രവിക്കാൻ സാധിക്കുന്ന തരത്തിലുള്ള ഒരു ചെറിയ കമ്പനി അല്ല പേടിഎം എന്നാണ് സക്സേനയുടെ പ്രതികരണം.
കമ്പനിയുടെ ഐപിഒ തടയണമെന്നാവശ്യപ്പെട്ട് സെബിയെയും സക്സേന ബന്ധപ്പെട്ടിട്ടുണ്ട്. കമ്പനിയിൽ നിക്ഷേപം നടത്തുന്നവർക്ക് ഓഹരികൾ ലഭിക്കാൻ സാധ്യതയില്ല എന്നാണ് സക്സേന ഉന്നയിച്ചിരിക്കുന്ന പരാതി. 27 ബില്യൺ ഡോളറിന്റെ വിപണി മൂലധനമാണ് ഐപിഒയിലൂടെ കമ്പനി പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ പരാതി ഐപിഒക്ക് സെബിയിൽ നിന്നും അനുമതി വൈകാൻ കാരണമായേക്കും.
ഇതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളോട് സെബി ഇതുവരെ പ്രതികരിച്ചിട്ടില്ല. വിപണിയിൽ വൻമുന്നേറ്റം ലക്ഷ്യമിടുന്ന കമ്പനിയെ സംബന്ധിച്ച് വലിയ കുരുക്കാണ് അശോക് കുമാർ സക്സേനയുടെ പരാതി. പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona