റിലയൻസ് ജിയോയെ മറികടന്ന് എയർടെൽ; രാജ്യത്ത് ഒന്നാം സ്ഥാനം
2020 ലെ രണ്ടാം അർധവാർഷികത്തിൽ എയർടെൽ വൻ മുന്നേറ്റമാണ് നേടിയത്.
മുംബൈ: രാജ്യത്തെ പുതിയ സബ്സ്ക്രൈബർമാരുടെ എണ്ണത്തിൽ റിലയൻസ് ജിയോയെ മറികടന്ന് എയർടെൽ. ഡിസംബറിൽ 55 ലക്ഷം പേരെ എയർടെൽ തങ്ങളുടെ ഭാഗമാക്കി. ജിയോയ്ക്ക് 32 ലക്ഷം പേരെയാണ് ചേർക്കാനായത്. കഴിഞ്ഞ 14 മാസത്തിനിടെ ഉണ്ടായ ഏറ്റവും വലിയ വർധനവാണിത്. ഇതോടെ ആക്ടീവ് സബ്സ്ക്രൈബർമാരുടെ കാര്യത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിപണി വിഹിതമുളള ടെലികോം കമ്പനിയെന്ന സ്ഥാനത്തേക്ക് എയർടെൽ വീണ്ടുമെത്തി.
2020 ലെ രണ്ടാം അർധവാർഷികത്തിൽ എയർടെൽ വൻ മുന്നേറ്റമാണ് നേടിയത്. 2.2 കോടി പേരെ കൂടി സബ്സ്ക്രൈബർമാരാക്കാൻ കമ്പനിക്ക് സാധിച്ചത് നേട്ടമായി. ജിയോയ്ക്കാകട്ടെ 1.1 കോടി പേരെ മാത്രമാണ് തങ്ങളുടെ കൂടെ അധികമായി ചേർക്കാനായത്.
ഓരോ മാസവും സബ്സ്ക്രൈബർമാരുടെ എണ്ണം കുത്തനെ ഉയർന്നതോടെ എയർടെലിന്റെ ഓഹരിയിലും വൻ കുതിപ്പുണ്ടായി. സെപ്തംബർ മാസത്തിന് ശേഷം 40 ശതമാനമാണ് കമ്പനിയുടെ ഓഹരി വില വർധിച്ചത്.
റിലയൻസ് ജിയോയെ അപേക്ഷിച്ച് ഇരട്ടിയോളം വളരാൻ സാധിച്ചത് എയർടെലിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. അതേസമയം മൂന്നാം സ്ഥാനത്തുള്ള വൊഡഫോൺ ഇന്ത്യയുടെ പ്രകടനം ഓരോ മാസവും താഴേക്ക് പോവുകയാണ്. 2020 ജനുവരി 20 ന് 30.1 ദശലക്ഷം ഉപഭോക്താക്കളുണ്ടായിരുന്ന സ്ഥാനത്ത് നിന്ന് ഡിസംബർ മാസത്തിലെത്തുമ്പോഴേക്കും കമ്പനിയുടെ സബ്സ്ക്രൈബർമാരുടെ എണ്ണം 26.3 ദശലക്ഷത്തിലേക്ക് ഇടിഞ്ഞു.