എജിആർ കുടിശ്ശിക : ടെലികോം കമ്പനികൾക്ക് കൂടുതൽ സാവകാശം നൽകാൻ കേന്ദ്ര സർക്കാർ
കമ്പനികൾ പ്രതിസന്ധിയിലാണെന്നതും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്.
ദില്ലി: ടെലികോം എജിആർ (അഡ്ജസ്റ്റഡ് ഗ്രോസ് റവന്യു) കുടിശ്ശിക അടയ്ക്കാൻ കൂടുതൽ സാവകാശം നൽകാൻ മാർഗങ്ങൾ തേടി കേന്ദ്ര സർക്കാർ. നിലവിൽ സുപ്രീം കോടതി നിർദ്ദേശമനുസരിച്ച് 10 വർഷമാണ് കുടിശ്ശിക അടച്ചുതീർക്കാനുളള സമയപരിധി. ഇത് 20 വർഷമായി ദീർഘിപ്പിക്കണമെന്നാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. എന്നാൽ, കോടതി വിധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കാലാവധി എങ്ങനെ ദീർഘിപ്പിക്കണമെന്നതിൽ നിയമ ഉപദേശം തേടാനൊരുങ്ങുകയാണ് ടെലികോം വകുപ്പ്.
കമ്പനികൾ പ്രതിസന്ധിയിലാണെന്നതും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്പനികൾ സർക്കാരിനെ സമീപിച്ചിരുന്നു. വീഡിയോകോണിൽ നിന്ന് സ്പെക്ട്രം വാങ്ങിയതിനാൽ അവരുടെ പേരിലുളള കുടിശ്ശിക തങ്ങളിൽ നിന്ന് ഇടാക്കരുതെന്നാണ് എയർടെൽ ആവശ്യപ്പെടുന്നത്.
വോഡാഫോൺ-ഐഡിയുടെ എജിആർ കുടിശ്ശിക 58,254 കോടി രൂപയാണ്. ഇതിൽ 7,854 കോടി രൂപ മാത്രമാണ് കമ്പനി അടച്ചത്. എയർടെല്ലിന്റെ കുടിശ്ശിക 43,980 കോടി രൂപയാണ്. ഇതിൽ 18,000 കോടി രൂപ എയർടെൽ ഇതുവരെ അടച്ചു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona