ഡാനിയലിന്റെയും കുടുംബത്തിന്റെയും എല്ലാ സമ്പാദ്യവും കണ്ടുകെട്ടണമെന്ന് ആക്ഷൻ കൗൺസിൽ; കണ്ണീരിലായി ആയിരങ്ങൾ

പോപ്പുലർ ഫിനാൻസ് ഇൻവസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ നിയമ ഉപദേശങ്ങൾ തേടുവാൻ സ്ഥിരം അഡ്വക്കേറ്റിനെ ചുമതലപ്പെടുത്തി.    
 

action council decisions about popular finance financial scandal

സംസ്ഥാനത്തിന്റെ സാമ്പത്തിക രം​ഗത്തെ വലിയ നിക്ഷേപത്തട്ടിപ്പായ പോപ്പുലർ ഫിനാൻസിന്റെ തകർച്ചയിൽ പ്രതിസന്ധിയിലായതിൽ കൂടുതലും ഇടത്തരക്കാർ. ഇടത്തരക്കാരായ ആയിരക്കണക്കിന് നിക്ഷേപകരെയാണ് ഫിനാൻസിന്റെ തകർച്ച കണ്ണീരിലാഴ്ത്തിയത്. 

സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ചവര്‍, വിദേശ മലയാളികള്‍, സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ തുടങ്ങി ആയിരങ്ങളുടെ നിക്ഷേപമാണ് സാമ്പത്തിക തട്ടിപ്പിലൂടെ പ്രതിസന്ധിയിലായത്. വീടുപണി, വിവാഹം, വാര്‍ദ്ധക്യകാല കരുതല്‍ നിക്ഷേപം തുടങ്ങിയ ആവശ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പലരും പണം ഫിനാന്‍സില്‍ നിക്ഷേപിച്ചത്. എന്നാല്‍, കമ്പനി തങ്ങളുടെ നിക്ഷേപകരെ വഞ്ചിക്കുന്ന പ്രവര്‍ത്തനമാണ് നടത്തിയത്. നിക്ഷേപം കാലവധി പൂർത്തിയായിട്ടും ഉപഭോക്താക്കൾക്ക് തിരികെ കിട്ടാതെ വന്നപ്പോഴാണ് സാമ്പത്തിക തട്ടിപ്പ് വിവരങ്ങൾ പുറത്തറിഞ്ഞത്. 

തുടക്കത്തിൽ 13 ശതമാനം എന്ന ഉയർന്ന പലിശയാണ് പോപ്പുലർ ഫിനാൻസ് നിക്ഷേപകർക്ക് വാ​ഗ്ദാനം ചെയ്തിരുന്നത്. പിന്നീട് ഇത് 11 ശതമാനമായി കുറയ്ക്കുകയും ശേഷം, നിക്ഷേപങ്ങൾക്ക് പലിശ നിരക്ക് വർധിപ്പിക്കുകയാണെന്ന് പ്രഖ്യാപനത്തോടെ 12 ശതമാനമായി വർധിപ്പിക്കുകയും ചെയ്തു. നിക്ഷേപങ്ങൾക്ക് നൽകിയിരുന്നു ഈ ഉയർന്ന പലിശയാണ് വ്യക്തികളെ ഫിനാ‍ൻസിലേക്ക് ആകർഷിച്ചിരുന്നത്.

നിക്ഷേപത്തട്ടിപ്പിൽ ശക്തമായ പ്രക്ഷേപ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പോപ്പുലർ ഇൻവെസ്റ്റേഴ്സ് ആക്ഷൻ കൗൺസിലിന്റെ തീരുമാനം. സെപ്റ്റംബർ രണ്ടിന് ചേർന്ന ആക്ഷൻ കൗൺസിൽ യോ​ഗം ഭാവി പ്രക്ഷേപ പരിപാടികളും നിയമപോരാട്ടത്തിന് ആവശ്യമായ നടപടികളും ചർച്ച ചെയ്തു.

‌നിയമ പോരാട്ടം ശക്തമാക്കും

യോ​ഗം ആക്ഷൻ കൗൺസിലിന്റെ കേന്ദ്ര കമ്മിറ്റി അം​ഗങ്ങളെ തെരഞ്ഞെടുത്തു. നിലവിൽ തുറന്നുപ്രവർത്തിക്കുന്ന എല്ലാ പോപ്പുലർ ഫിനാൻസ് ബ്രാഞ്ചുകളും, സഹോദര സ്ഥാപനങ്ങളുടെ ബ്രാഞ്ചുകളും ഉപഭോക്താക്കളുടെ നേതൃത്വത്തിൽ അടപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വികരിക്കാൻ യോ​ഗത്തിൽ ധാരണയായി. 

കേന്ദ്ര കമ്മിറ്റിക്ക് കീഴിൽ ജില്ലാ തലത്തിലെ ആക്ഷൻ കൗൺസിലിന്റെ ഏകോപനത്തിന് ജില്ലാ കമ്മിറ്റികളെ യോ​ഗം തെരഞ്ഞെടുത്തു. ഇവരുടെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ ധർണയും പ്രകടനങ്ങളും നടത്തും. നിക്ഷേപം തിരികെ ലഭിക്കുന്നതിനായുളള പോരാട്ടത്തിന്റെ ഭാ​ഗമായി പ്രധാനമന്ത്രി, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്‌, കേന്ദ്ര ധനകാര്യമന്ത്രി, കേരളത്തിലെ എംപിമാർ, എംഎൽഎമാർ എന്നിവർക്ക് നിവേദനം സമർപ്പിക്കും.    

ഡാനിയലിന്റെയും കുടുംബത്തിന്റെയും എല്ലാ സമ്പാദ്യവും കണ്ടുകെട്ടി അനേഷണ ഏജൻസിയെ എൽപ്പിക്കണമെന്നാണ് ആക്ഷൻ കൗൺസിൽ ആവശ്യപ്പെടുന്നത്. ഇത് സംബന്ധിച്ച് ആക്ഷൻ കൗൺസിൽ ഹൈക്കോ‌ടതിയിൽ കേസ് ഫയൽ ചെയ്യും. പോപ്പുലർ ഫിനാൻസ് ഇൻവസ്റ്റേഴ്സ് ആക്ഷൻ കൗൺസിൽ നിയമ ഉപദേശങ്ങൾ തേടുവാൻ സ്ഥിരം അഡ്വക്കേറ്റിനെ ചുമതലപ്പെടുത്തി.  

Latest Videos
Follow Us:
Download App:
  • android
  • ios