Supreme Court : ദളിത് വിദ്യാര്‍ത്ഥിക്ക് ഐഐടി പ്രവേശനം സാധ്യമാക്കി സുപ്രീം കോടതി ഇടപെടല്‍

ഉത്തർപ്രദേശിലെ ​ഗാസിയബാദ് സ്വദേശിയായ വിദ്യാർത്ഥിക്ക് ഒക്ടോബർ 27നാണ് ബോംബെ ഐഐടിയിൽ സിവിൽ എഞ്ചിനീയറിം​ഗ് പ്രവേശനം ലഭിച്ചത്. എന്നാൽ മുൻകൂർ ഫീസായ 15000 രൂപ അടക്കാൻ സാധിച്ചില്ല.

Supreme Court intervenes Dalit student  seat IIT

ദില്ലി: സുപ്രീം കോടതിയുടെ (Supreme Court) ഇടപെടലിനെ തുടർന്ന് ഐഐടി പ്രവേശനം (IIT Admission) സാധ്യമായി ദളിത് ബാലൻ (Dalit Student). പതിനേഴുകാരനായ പ്രിൻസ് ജയ്ബീർ സിം​ഗ് എന്ന വിദ്യാർത്ഥിയാണ് ഐഐടി പ്രവേശനത്തിൽ തടസം നേരിട്ടതിനെ തുടർന്ന് സുപ്രീം കോടതിയെ സമീപിച്ചത്. വിദ്യാർത്ഥിക്ക് ഐഐടി പ്രവേശനം ലഭിക്കാതിരിക്കുകയും പരമോന്നത നീതി പീഠത്തിൽ നിന്ന് നീതി ലഭിക്കാതിരിക്കുകയും ചെയ്താൽ അത് നീതിയെ പരിഹാസ്യമാക്കുന്നത് പോലെയാകും എന്നായിരുന്നു ഉത്തരവ് പുറപ്പെടുവിച്ച ബെഞ്ചിന്റെ വാക്കുകൾ.  

ഉത്തർപ്രദേശിലെ ​ഗാസിയബാദ് സ്വദേശിയായ വിദ്യാർത്ഥിക്ക് ഒക്ടോബർ 27നാണ്  ഐഐടിയിൽ സിവിൽ എഞ്ചിനീയറിം​ഗ് പ്രവേശനം ലഭിച്ചത്. എന്നാൽ മുൻകൂർ ഫീസായ 15000 രൂപ അടക്കാൻ സാധിച്ചില്ല. സീറ്റ് ഉറപ്പാക്കാൻ വേണ്ടി ഓൺലൈനായിട്ടാണ് തുക അടക്കേണ്ടിയിരുന്നത്. പിന്നീട് സഹോദരിമാരുടെ സഹായത്തോടെ പണം സ്വരൂപിച്ച് അടക്കാൻ ശ്രമിച്ചപ്പോൾ വെബ്സൈറ്റിലെ സാങ്കേതിക തകരാർ മൂലം ഫീസടക്കാൻ സാധിച്ചില്ല. 

'പണം തയ്യാറാക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നു. പക്ഷേ എന്റെ സഹോദരി പിന്നീട് സഹായിച്ചു. പിന്നീട് ഫീസ് അടക്കാൻ എത്തിയപ്പോൾ സാങ്കേതിക തകരാർ മൂലം സാധിച്ചില്ല.' തന്റെ പ്രശ്നം ഉന്നയിച്ച് വിദ്യാർത്ഥി ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ബോംബെ ഹൈക്കോടതി അപേക്ഷ തള്ളിക്കളയുകയാണുണ്ടായത്. പിന്നീടാണ് സുപ്രീം കോടതിയെ സമീപിച്ചത്. 48 മണിക്കൂറിനുളളിൽ സീറ്റ് അനുവദിക്കണമെന്നാണ് തിങ്കളാഴ്ച സുപ്രീം കോടതി ഐഐടിയോട് ആവശ്യപ്പെട്ടത്. 'ഈ വിദ്യാർത്ഥിക്ക് സീറ്റ് നൽകുക, ഒപ്പം മറ്റ് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്നില്ലെന്ന് ഉറപ്പു വരുത്തുക' എന്ന് കോടതി നിർദ്ദേശിച്ചു. 

'ബോംബെ ഐഐടിയിൽ പ്രവേശനം ലഭിച്ചിട്ടും തന്റെ സീറ്റ് നഷ്ടപ്പടുമോ എന്ന ആശങ്കയുള്ള ഒരു ദളിത് വിദ്യാർത്ഥിയാണ് കോടതിക്ക് മുന്നിലെത്തിയത്. ഫീസ് അടക്കാത്തതിന്റെ പേരിൽ ഈ വിദ്യാർത്ഥിക്ക് സീറ്റ് നഷ്ടപ്പെടുകയും സുപ്രീം കോടതിയിൽ നിന്ന് നീതി ലഭിക്കാതിരിക്കുകയും ചെയ്താൽ അത് നീതിയെ പരിഹസിക്കുന്നതിന് തുല്യമാണ്.' രണ്ടംഗബെഞ്ചിൽ ഉൾപ്പെട്ട ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. 'ദൈവം ഞങ്ങളുടെ പ്രാർത്ഥന കേട്ടു. ഇപ്പോൾ വളരെ സന്തോഷമുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങൾ വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. സുപ്രീം കോടതിയായിരുന്നു അവസാന പ്രതീക്ഷ.' വിദ്യാർത്ഥി പറഞ്ഞു. 

അഖിലേന്ത്യാ തലത്തിൽ 25894ാം റാങ്കും എസ് സി വിഭാ​ഗത്തിൽ 864ാം റാങ്കുമാണ് നേടിയത്. കുടുംബത്തിൽ നിന്ന് ഐഐടി പ്രവേശനം ലഭിക്കുന്ന ആദ്യ വ്യക്തിയാണ് പ്രിൻസ്. ദില്ലി പൊലീസിലെ താഴെത്തട്ടിലുള്ള ഉദ്യോ​ഗസ്ഥനാണ് പ്രിൻസിന്റെ പിതാവ്.  ഐഐടിയിൽ പഠിക്കുക എന്നത് എല്ലാക്കാലത്തെയും തന്റെ സ്വപ്നമായിരുന്നുവെന്ന് പ്രിൻസ് കൂട്ടിച്ചേർത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios