കോളേജുകളിലെ റാഗിംഗിനെതിരെ കർശന മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ദില്ലി സർവ്വകലാശാല
ഒന്നാം വർഷ ബിരുദ കോഴ്സുകൾ നവംബർ 22 ന് ആരംഭിക്കാനിരിക്കെയാണ് സർവ്വകലാശാലയുടെ പുതിയ തീരുമാനം. പ്രിൻസിപ്പലിന്റെ ഓഫീസ് മുന്നിൽ സീൽ ചെയ്ത പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചു.
ദില്ലി: റാഗിംഗിനെതിരെ (Against Ragging) കർശന മാർഗനിർദ്ദശങ്ങൾ (guidelines) പുറത്തിറക്കി ദില്ലി സർവ്വകലാശാല (delhi university). ഒന്നാം വർഷ ബിരുദ കോഴ്സുകൾ നവംബർ 22 ന് ആരംഭിക്കാനിരിക്കെയാണ് സർവ്വകലാശാലയുടെ പുതിയ തീരുമാനം. പ്രിൻസിപ്പലിന്റെ ഓഫീസ് മുന്നിൽ സീൽ ചെയ്ത പരാതിപ്പെട്ടികൾ സ്ഥാപിക്കാൻ നിർദ്ദേശിച്ചു. പുതിയ വിദ്യാർത്ഥികൾക്ക് കോളേജിനെയും ഡിപ്പാർട്ട്മെന്റുകളെയും പരിചയപ്പെടാൻ ഓറിയന്റേഷൻ ദിനങ്ങൾ പ്രഖ്യാപിക്കും. നവംബർ 20ന് മിറാൻഡ ഹൗസ് ഓൺലൈൻ ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിക്കും. വിദ്യാർത്ഥികൾക്ക് കോളേജിൽ ഒരു വിർച്വൽ സന്ദർശനം നടത്താൻ ഇതിലൂടെ സാധിക്കും. ശ്രീറാം കോളേജ് ഓഫ് കൊമേഴ്സ്, ഇന്ദ്രപ്രസ്ഥ കോളേജ് ഫോർ വിമൻ, ഗാർഗി കോളേജ്, രാമാനുജ കോളേജ് എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓൺലൈൻ ഓറിയന്റേഷൻ ക്ലാസുകൾ സംഘടിപ്പിക്കും. ഭാസ്കരാചാര്യ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് നവംബർ 20 ബിരുദ ദാന ചടങ്ങ് നടത്തും.
ഡിപ്പാർട്ട്മെന്റുകൾ പുതിയ വിദ്യാർത്ഥികൾക്കായി പ്രത്യേക ഓറിയന്റേഷൻ ക്ലാസുകൾ നടത്തും. ഓറിയന്റേഷൻ പ്രോഗ്രാമുകൾ ഓൺലൈൻ രീതിയിലും ക്ലാസുകൾ വിർച്വൽ രീതിയും നടത്തും. റാഗിംഗിനെതിരെയുള്ള ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥാപനങ്ങൾക്ക് ക്യാംപസിനുള്ളിൽ ഹോർഡിംഗുകൾ, ബോർഡുകൾ, ബാനറുകൾ എന്നിവ സ്ഥാപിക്കാം. മുതിർന്ന സ്ഥാപനത്തിന്റെയോ അധ്യാപകരുടെയോ വകുപ്പികളുടെയോ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഡിസിപ്ലിനറി കമ്മിറ്റികളും രൂപീകരിക്കാം. ഇതിൽ മുതിർന്ന വിദ്യാർത്ഥികളെയും ഉൾപ്പെടുത്താം. വിദ്യാർത്ഥികൾക്കിടയിലെ അച്ചടക്കരാഹിത്യം പരിഹരിക്കാനും അനിഷ്ടസംഭവങ്ങൾ തടയാനും നിരന്തര ജാഗ്രത ആവശ്യമാണ്, അതിനായി എൻഎസ്എസ് എൻസിസി വോളണ്ടിയർമാരുടെ സഹായം തേടാവുന്നതാണ്.
പ്രിൻസിപ്പലിന്റെ ഹോസ്റ്റലിന് മുന്നിൽ പ്രത്യേകിച്ച് ഹോസ്റ്റലുകളുള്ള ബിരുദ കോളേജിൽ സീൽ ചെയ്ത പരാതിപ്പെട്ടികൾ സ്ഥാപിക്കും. റാഗിംഗ് നേരിടേണ്ടി വന്ന വിദ്യാർത്ഥികൾക്ക് അവരുടെ പരാതികളും നിർദ്ദേശങ്ങളും ഇവിടെ നൽകാം. നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഇവ പരിശോധിച്ച് സർവ്വലാശാല മാനദണ്ഡങ്ങൾക്ക് അനുസരിച്ച് ആവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്ന് മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. വിദ്യാർത്ഥികൾ ഐഡന്റിറ്റി കാർഡ് എപ്പോഴും കയ്യിൽ കരുതണം. തിരിച്ചറിയൽ കാർഡുകളുടെ പരിശോധന കൃത്യമായി പാലിക്കണം. പ്രവേശനം നിയന്ത്രിതമാക്കാൻ സെക്യൂരിറ്റി ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും ശ്രദ്ധിക്കേണ്ടതാവശ്യമാണ്. ജാതി, ലിംഗം, മതം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു വിദ്യാർത്ഥിയെയും ഉപദ്രവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ഈ സാഹചര്യത്തിൽ ശിക്ഷാനടപടികളേക്കാൾ പ്രതിരോധ പ്രവർത്തനങ്ങളാണ് പ്രധാനമെന്നും മാർഗനിർദ്ദേശങ്ങളിൽ പറയുന്നു.