ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ: കിറ്റുകൾ നൽകും
സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അർഹതാപട്ടികയിൽ ഉൾപ്പെട്ടിരുന്നത്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന ബഡ്സ് / സ്പെഷ്യൽ വിദ്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്പെഷ്യൽ സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ സർക്കാർ നിർദേശം. സർക്കാർ, എയ്ഡഡ് മേഖലകളിലായി 43 സ്കൂളുകളാണ് ഈ വിഭാഗത്തിൽ വരുന്നത്. ഒന്നുമുതൽ എട്ടാം ക്ലാസ് വരെയുള്ള കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾക്കും ശാരീരിക പ്രയാസങ്ങൾ മൂലം വീടിനുള്ളിൽ തുടർന്ന് അധ്യാപകരുടെ സഹായത്തോടെ വിദ്യാഭ്യാസം നേടുന്ന കുട്ടികൾക്കും സ്കൂൾ തുറന്നു പ്രവർത്തിക്കുന്നതുവരെ ഭക്ഷ്യ ഭദ്രതാ അലവൻസ് ഭക്ഷ്യകിറ്റുകളായി വിതരണം ചെയ്യും.
ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സ്കൂളുകൾ തുറന്നു പ്രവർത്തിക്കാത്തതിനാൽ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട സംസ്ഥാനത്തെ എല്ലാ സ്കൂൾ കുട്ടികൾക്കും സപ്ലൈകോയുടെ സഹകരണത്തോടെ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്. സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ എട്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികളാണ് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അർഹതാപട്ടികയിൽ ഉൾപ്പെട്ടിരുന്നത്. മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾ പഠിക്കുന്ന ബഡ്സ് / സ്പെഷ്യൽ വിദ്യാലയങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.
എന്നാൽ, കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷി കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ ഉണ്ടായിരുന്നില്ല. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്ന് മുതൽ എട്ടാം ക്ലാസ്സുവരെ എൻറോൾ ചെയ്തിട്ടുള്ള ഏകദേശം 4800 കുട്ടികൾ ശാരീരിക അവശതകൾ /പ്രയാസങ്ങൾ മൂലം ചുമതലപ്പെട്ട റിസോഴ്സ്അദ്ധ്യാപകരുടെ സഹായത്തോടെ വീടുകളിൽ തന്നെ തുടർന്ന് വിദ്യാഭ്യാസം നേടുന്നവരാണ്. സ്കൂളുകളിൽ ഹാജരാകുവാൻ കഴിയാത്ത ഈ കുട്ടികളെ സ്വാഭാവികമായും ഉച്ചഭക്ഷണ പദ്ധതിയുടെ ഫീഡിങ് ലിസ്റ്റിൽ ഉൾപ്പെടുത്താറില്ലായിരുന്നു.
ഈ പശ്ചാത്തലത്തിൽ ആണ് സർക്കാർ ഇക്കാര്യം വിശദമായി പരിശോധിച്ച് ഈ വിഭാഗങ്ങൾക്ക് കൂടി ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്യാൻ തീരുമാനിച്ചത്. ഭക്ഷ്യകിറ്റുകൾ കുട്ടികൾക്ക് യഥാസമയം വിതരണം ചെയ്തിട്ടുണ്ടെന്ന കാര്യം ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യഅകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.