Samanwaya Project : തണലായി സമന്വയ പദ്ധതി; പാതിവഴിയിൽ നിർത്തിയ പഠനം പൂർത്തിയാക്കാൻ ട്രാൻസ്ജെൻഡറായ ശിവാങ്കിനി

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് ശിവാങ്കിനി പത്താം ക്ലാസ് വരെ പഠിച്ചിരുന്നു. പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. അതോടെ പാതിവഴിയില്‍ പഠനം മുടങ്ങി.

Shivankini a transgender completes her studies

വയനാട്: പാതി വഴിയിൽ മുടങ്ങിയ പഠനം പൂർത്തിയാക്കാനൊരുങ്ങി ട്രാൻസ്ജെൻഡർ (Transgender Person) വ്യക്തിയായ തൃക്കൈപ്പറ്റ സ്വദേശി ശിവാങ്കിനി (Sivankini). സംസ്ഥാന സാക്ഷരതാ മിഷന്‍ തുടര്‍ പഠന പദ്ധതിയായ (Samanwaya project) സമന്വയ പദ്ധതിയാണ് ശിവാങ്കിനിക്ക് തണലാകുന്നത്. ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലെത്തി പത്താം തരം തുല്യതാ പരീക്ഷക്ക്  ശിവാങ്കിനി പ്രവേശനം നേടി. 'പത്താം തരം വിജയിക്കണം, തുടര്‍പഠനത്തിലൂടെ സ്വന്തമായൊരു ജോലി വേണം' പ്രതീക്ഷകളോടെ ശിവാങ്കിനി പറഞ്ഞു.   

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് മുമ്പ് ശിവാങ്കിനി പത്താം ക്ലാസ് വരെ പഠിച്ചിരുന്നു. പരീക്ഷ എഴുതിയെങ്കിലും വിജയിച്ചില്ല. അതോടെ പാതിവഴിയില്‍ പഠനം മുടങ്ങി. പഠിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും അവസരം ലഭിക്കാത്തതിനാല്‍ ശ്രമിച്ചില്ല. ഇപ്പോള്‍ സമന്വയ പദ്ധതി തുണയായി വന്നതോടെ ഈ ആഗ്രഹങ്ങളെല്ലാം സഫലമാകും. തന്നെപ്പോലെയുള്ള പല ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെയും നേരിട്ടറിയാമെന്നും അവരെകൂടി സമന്വയിലേക്ക് കൂടെകൂട്ടുമെന്നും ശിവാങ്കിനി പറഞ്ഞു. പാതി വഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്ന മുഴുവന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്കും തുടര്‍വിദ്യാഭ്യാസം സാധ്യമാക്കുന്നതിനുള്ള സംസ്ഥാന സാക്ഷരത മിഷന്‍ പദ്ധതിയാണ് സമന്വയ. സൗജന്യ പഠനത്തോടൊപ്പം സ്‌കോളര്‍ഷിപ്പും സമന്വയയില്‍ അനുവദിക്കും.

ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനു പ്രത്യേക തുടര്‍വിദ്യാഭ്യാസ പദ്ധതി നടപ്പാക്കുകയും ഇതിനായി സ്‌കോളര്‍ഷിപ്പ് നല്‍കുകയും ചെയ്യുന്നത് കേരളത്തില്‍ മാത്രമാണ്. സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തുടങ്ങിയതോടെ കൂടുതല്‍ ട്രാന്‍സ്ജന്‍ഡര്‍ പഠിതാക്കള്‍ പഠനത്തില്‍ സജീവമാകാന്‍ തുടങ്ങിയിട്ടുണ്ട്. ജില്ലയില്‍ കഴിഞ്ഞവര്‍ഷം ട്രാന്‍സ്‌ജെന്‍ഡറുകളായ രണ്ടു പേരാണ് സമുന്വയയിലൂടെ പഠനം പൂര്‍ത്തിയാക്കിയത്. വേര്‍തിരിവില്ലാതെ ട്രാന്‍സ് ജന്‍ഡേഴ്‌സിനെ പഠനത്തിലേക്ക് കൈപിടിക്കാനും, പുതിയ ജിവിതം സജ്ജമാക്കാനും ഇതിലൂടെ പരിശ്രമിക്കുകയാണ് സംസ്ഥാന സാക്ഷരത മിഷന്‍.

സംസ്ഥാന സാക്ഷരത മിഷന്റെ സമന്വയ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ പത്താം തരം തുല്യത പരീക്ഷക്കുള്ള ട്രാന്‍സ്ജെന്‍ഡേഴ്സ് രജിസ്ട്രേഷന്‍ തുടങ്ങി. ട്രാന്‍സ്ജെന്‍ഡര്‍ ശിവാങ്കിനിയില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി. സി. മജീദ് സ്വീകരിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ സ്വയ നാസര്‍, പി വി ജാഫര്‍, എം എസ് ഗീത, കെ വസന്ത തുടങ്ങിയവര്‍ പങ്കെടുത്തു.


 

Latest Videos
Follow Us:
Download App:
  • android
  • ios