സാക്ഷരതാ മിഷന്‍ തുല്യതാ കോഴ്‌സിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; ഫെബ്രുവരി 28 അവസാന തീയതി
അവധി ദിനങ്ങളില്‍ മാത്രം ഒരുക്കിയിട്ടുള്ള ഈ കോഴ്‌സ് ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ധരായ അധ്യാപകരാണ് നയിച്ചുവരുന്നത്
തിരുവനന്തപുരം: സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടത്തിവരുന്ന പത്താംതരം തുല്യതാ കോഴ്‌സിന്റെ (equivalent course) 16-ാം ബാച്ചിലേക്കും (22-23). ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിന്റെ 7-ാം ബാച്ചിലേക്കും (2022-24) രജിസ്‌ട്രേഷന്‍ ആരംഭിച്ചു. രജിസ്‌ട്രേഷന്‍ ഫെബ്രുവരി 28 ന് അവസാനിക്കും.
ഔപചാരിക പഠനക്രമത്തിലുള്ള എല്ലാ വിഷയങ്ങളും ഉള്‍ക്കൊള്ളിച്ച് ജില്ലയിലെ തിരഞ്ഞടുത്ത ഗവണ്‍മെന്റ്, എയ്ഡഡ് സ്‌കൂളുകളില്‍ അവധി ദിനങ്ങളില്‍ മാത്രം ഒരുക്കിയിട്ടുള്ള ഈ കോഴ്‌സ് ബന്ധപ്പെട്ട വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ വിദഗ്ധരായ അധ്യാപകരാണ് നയിച്ചുവരുന്നത്. ഏഴാം ക്ലാസ് വിജയിച്ച് 17 വയസ് പൂര്‍ത്തിയായവര്‍ക്ക് പത്താംതരം തുല്യതാ കോഴ്‌സിനും 21 വയസ് പൂര്‍ത്തീകരിച്ച് 10-ാം ക്ലാസ് വിജയിച്ചവര്‍ക്ക് ഹയര്‍സെക്കന്‍ഡറി തുല്യതാ കോഴ്‌സിനും രജിസ്‌ട്രേഷന്‍ നടത്താം.
കോഴ്‌സ് വിജയിച്ചവര്‍ക്ക് സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പില്‍ നിന്നും ലഭിക്കുന്ന ഈ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഔദ്യോഗിക സ്ഥാനക്കയറ്റം നേടാം. പിഎസ്‌സി അംഗീകാരമുള്ള ഈ സര്‍ട്ടിഫിക്കറ്റ് ഉപരിപഠനത്തിനും ഉപയോഗിക്കാം. എസ്‌സി, എസ്ടി, ഭിന്നശേഷി, ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് കോഴ്‌സ് ഫീസ് സൗജന്യമാണ്.