NEET Exam topper|സയൻസ് ഫിക്ഷൻ നോവൽ പ്രസിദ്ധീകരിക്കാനൊരുങ്ങി നീറ്റ് പരീക്ഷയിലെ അഞ്ചാം റാങ്ക് ജേതാവ് നിഖർ
എട്ടാം ക്ലാസിൽ പഠിക്കുമ്പോളാണ് നിഖർ ആദ്യമായി നോവൽ എഴുതി തുടങ്ങിയത്. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാൽ നോവലെഴുത്തുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല.
ദില്ലി: 16 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഈ വർഷത്തെ നീറ്റ് പരീക്ഷ ഫലം (NEET Exam Result 2021) പ്രതീക്ഷിച്ച് കാത്തിരുന്നത്. സെപ്റ്റംബറിൽ നടന്ന പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയത് പതിനെട്ടുകാരനായ നിഖർ ബൻസൽ (Nikhar Bansal) എന്ന വിദ്യാർത്ഥിയാണ്. ആഗ്ര സ്വദേശിയായ നിഖർ ദില്ലിയിലെ മാതാ കസ്തൂരി ദേവി സ്കൂളിൽ നിന്നാണ് പന്ത്രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കിയത്. നീറ്റ് പരീക്ഷ എഴുതിയതും ദില്ലിയിലെ പരീക്ഷ കേന്ദ്രത്തിൽ നിന്നാണ്. പഠനത്തിൽ മാത്രമല്ല, മറ്റ് പാഠ്യേതര പ്രവർത്തനങ്ങളിലും കലയിലും മികവ് പുലർത്തിയ വിദ്യാർത്ഥിയായിരുന്നു നിഖർ.
നോവലുകളോടും എഴുത്തിനോടും അഗാധമായ താത്പര്യമുണ്ടായിരുന്ന നിഖർ കലയേക്കാൾ മെഡിക്കൽ മേഖല തെരഞ്ഞെടുക്കാനാണ് ആഗ്രഹിച്ചത്. വളരെ ലളിതമായ ജീവിത ലക്ഷ്യമാണ് എനിക്കുള്ളത്. സാധിക്കുന്ന രീതിയിൽ ജനങ്ങൾക്ക് സഹായം നൽകാൻ ആഗ്രഹിക്കുന്നു. അച്ഛൻ ആളുകളെ സഹായിക്കുന്നത് കണ്ടാണ് ഞാൻ വളർന്നത്. അതുകൊണ്ട് തന്നെ ആ ആഗ്രഹം സ്വാഭാവികമായി തന്നെ വരുന്നതാണ്. നിഖർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. നിഖറിന്റെ അച്ഛൻ അജയ് ബൻസാൽ ഓർത്തോപീഡിക് സർജനാണ്. അമ്മ പൂർണ്ണിമ ബൻസാൽ വീട്ടമ്മയും.
എട്ടാം ക്ലാസിൽ പഠിക്കുമ്പോളാണ് നിഖർ ആദ്യമായി നോവൽ എഴുതി തുടങ്ങിയത്. എന്നാൽ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടി വന്നതിനാൽ നോവലെഴുത്തുമായി മുന്നോട്ട് പോകാൻ സാധിച്ചില്ല. സയൻസ് ഫിക്ഷൻ നോവലുകളുടെ ആരാധകനാണ് ഞാൻ. ഏറ്റവും ബുദ്ധിമുട്ടേറിയ പരീക്ഷ മികച്ച രീതിയിൽ പൂർത്തിയാക്കി. ഇനി നോവലെഴുത്തിലേക്ക് മടങ്ങി വരികയാണ്. ഉടൻ പ്രസിദ്ധീകരിക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അമേരിക്കൻ എഴുത്തുകാരനായ ജയിംസ് സ്മിത്ത് ഡാഷ്നർ ആണ് ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരനന്ന് നിഖർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസം രംഗത്ത് സാധ്യമായ എല്ലാ മേഖലയിലും റിസർച്ച് ചെയ്യാനും നിഖറിന് ആഗ്രഹമുണ്ട്. അതിനാൽ ഏത് വിഷയത്തിൽ സ്പെഷലൈസേഷൻ നടത്തണമെന്ന് തീരുമാനിച്ചിട്ടില്ല. ദില്ലി എയിംസിൽ പഠനം തുടരാനാണ് ആഗ്രഹം.
കൊവിഡിനെ തുടർന്ന് മിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഫ്‍ലൈനിൽ നിന്ന് ഓൺലൈനിലേക്ക് മാറിയത് ഒട്ടുമിക്ക വിദ്യാർത്ഥികളെയും സംബന്ധിച്ച് വളരെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ തനിക്ക് അതൊരു മികച്ച അവസരമായിട്ടാണ് അനുഭവപ്പെട്ടതെന്ന് നിഖാർ പറയുന്നു. മഹാമാരിയുടെ തുടക്കത്തിൽ 2020 മാർച്ചിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സമയത്ത് സിലബസ് പുറത്തെത്തി. മികച്ച പരിശീലനം നടത്താൻ ഈ സമയത്ത് എനിക്ക് സാധിച്ചു. പരീക്ഷയിൽ മികച്ച വിജയം നേടാൻ സാധിച്ചത് ഈ പരിശീലനത്തിലൂടെയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. നിഖാറിന്റെ വാക്കുകൾ,
നിഖറിന്റെ സഹോദരൻ ദില്ലിയിലെ മൗലാന ആസാദ് മെഡിക്കൽ കോളേജിൽ എംബിബിഎസ് പഠിക്കുകയാണ്. നീറ്റ് പരീക്ഷക്ക് തയ്യാറെടുക്കുന്ന സമയത്ത് സംശയനിവാരണം വരുത്താൻ സഹോദരൻ തയ്യാറാക്കി വച്ചിരുന്ന കുറിപ്പുകൾ സഹായകമായി. പഠനത്തിനിടയിലെ വിശ്രമവേളകളിൽ യൂട്യൂബിലെ സ്റ്റാൻഡ് അപ്പ് കോമഡി വീഡിയോസ് കാണാനും സമയം ചെലവഴിച്ചതായി നിഖർ പറയുന്നു.