Meritorious Scholarship : പട്ടികജാതി വിഭാഗത്തിന് മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
തിരുവനന്തപുരം ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ (District Panchayat) വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് (Meritorious Scholarship) അപേക്ഷ ക്ഷണിച്ചു. 2021-22 വര്‍ഷത്തില്‍ ബിരുദം, ബിരുദാനന്തര ബിരുദം, എഞ്ചിനീയറിംഗ്, മെഡിക്കല്‍, പോളിടെക്‌നിക്ക് തുടങ്ങിയ സര്‍ക്കാര്‍ അംഗീകൃത റഗുലര്‍ കോഴ്‌സുകളില്‍ പഠിക്കുന്ന ജില്ലയിലെ ഗ്രാമപഞ്ചായത്ത് പരിധിയില്‍ സ്ഥിരതാമസക്കാരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മറ്റു സര്‍ക്കാര്‍ പദ്ധതികള്‍ പ്രകാരം പ്രസ്തുത സ്‌കോളര്‍ഷിപ്പ് ലഭിച്ചവരായിക്കരുത്.
നിശ്ചിത ഫോമില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, സ്ഥാപനമേധാവി നല്‍കിയ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ്, പ്രസ്തുത ആനുകൂല്യം അനുവദിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന പട്ടികജാതി വികസന ഓഫീസറുടെയും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെയും സാക്ഷ്യപത്രം എന്നിവയും സഹിതം തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് കാര്യാലയത്തില്‍ ഫെബ്രുവരി 15 നകം ലഭ്യമാക്കണം. ഗ്രാമപഞ്ചായത്തുകളില്‍ നിന്നും ജില്ലാ പഞ്ചായത്തിലേക്ക് ലഭ്യമാക്കിയ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ടവരും അനുബന്ധ രേഖകള്‍ സമര്‍പ്പിക്കണമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് -0471 2550750.