ജെഇഇ പരീക്ഷ; പെണ്‍കുട്ടികളില്‍ ഒന്നാമത് കാവ്യ ചോപ്ര; ഗണിതവും കംപ്യൂട്ടറും ഇഷ്ടം
360 ൽ 348 മാർക്ക് നേടിയാണ് മൃദുൽ റാങ്ക് നേടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ കാവ്യ ചോപ്രയാണ് ഒന്നാമത്. 360 ൽ 286 മാർക്ക് നേടി.
ദില്ലി: ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ അഡ്വാൻസ്ഡ് (ജെഇഇ അഡ്വാൻസ്ഡ്) (JEE Advanced) ഫലങ്ങൾ ഒക്ടോബർ 15 നാണ് പ്രഖ്യാപിച്ചത്. ജയ്പൂരിൽ നിന്നുള്ള മൃദുൽ അഗർവാൾ (Mridul Agarwal) 96.66% നേടി ഒന്നാമതെത്തി, 360 ൽ 348 മാർക്ക് നേടിയാണ് മൃദുൽ റാങ്ക് നേടിയത്. പെൺകുട്ടികളുടെ വിഭാഗത്തിൽ കാവ്യ ചോപ്രയാണ് ഒന്നാമത്. 360 ൽ 286 മാർക്ക് നേടി.
ഐഐടി ബോംബെയിൽ ബിടെക് കമ്പ്യൂട്ടർ സയൻസ് കോഴ്സ് തിരഞ്ഞെടുക്കാനാണ് കാവ്യയുടെ തീരുമാനം. കാവ്യ ഗണിതശാസ്ത്രത്തിൽ മിടുക്കിയാണെന്നും കമ്പ്യൂട്ടറുകൾ ഇഷ്ടമാണെന്നും കാവ്യയുടെ അമ്മ പറഞ്ഞു. ഡൽഹിയിലെ ഡിപിഎസ് വസന്ത് കുഞ്ചിലെ വിദ്യാർത്ഥിനിയായ കാവ്യ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ 97.6 ശതമാനം നേടിയാണ് പാസ്സായത്. ജെഇഇ (അഡ്വാൻസ്ഡ്) 2021 ൽ 1, 2 പേപ്പറുകളിൽ ആകെ 1,41,699 ഉദ്യോഗാർത്ഥികളാണ് പരീക്ഷയെഴുതിയത്. 41,862 ഉദ്യോഗാർത്ഥികൾ യോഗ്യത നേടി.
രാജ്യത്തെമ്പാടുമുള്ള ഐഐടികളിൽ പ്രവേശനം നേടുന്നതിനായി നടത്തുന്ന പ്രവേശന പരീക്ഷയായ ജെഇഇ ഒക്ടോബർ 3 നാണ് നടത്തിയത്. മെയ് മാസത്തിൽ നടത്താനിരുന്ന പരീക്ഷ കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. നാല് സെഷനുകളായിട്ടാണ് എൻടിഎ പരീക്ഷ നടത്തിയത്.