Vacancies and Appointments ; പിആർഡി പ്രൊഫഷണൽസ്, സ്റ്റാഫ് നഴ്സ്: ഒഴിവുകളും നിയമനങ്ങളും അറിയാം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തിരുവനന്തപുരം: ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പ് (Information and public relations department) മുഖേന നടത്തുന്ന വിവിധ പ്രോജക്ടുകളുടെ വെബ്സൈറ്റുകളുടെയും സോഷ്യൽ മീഡിയ ഹാൻഡിലുകളുടെയും പരിപാലനത്തിന് കരാർ അടിസ്ഥാനത്തിൽ ആറുമാസത്തെ കാലയളവിലേക്ക് (Professional Staffs) പ്രൊഫഷണൽ ജീവനക്കാരെ നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 28 നകം www.careers.cdit.org എന്ന പോർട്ടലിലൂടെ ഓൺലൈനായി സമർപ്പിക്കണം. വിഭാഗങ്ങൾ, യോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയ വിശദാംശങ്ങൾ www.careers.cdit.org യിൽ ലഭ്യമാണ്.
സ്റ്റാഫ് നഴ്സ് കരാർ നിയമനം
തിരുവനന്തപുരം മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. സയൻസ് വിഷയമായി പ്ലസ്ടു/പ്രീഡിഗ്രി/വി.എച്ച്.എസ്.ഇ/അംഗീകൃത സർവകലാശാലയിൽനിന്ന് ഡൊമസ്റ്റിക് നഴ്സിങ്ങിൽ വി.എച്ച്.എസ്.ഇ. എന്നിവയും അംഗീകൃത സർവകലാശാലയിൽനിന്നു ബി.എസ്സി നഴ്സിങ്/ മൂന്നു വർഷ കാലാവധിയിൽ കുറയാത്ത ജനറൽ നഴ്സിങ് ആൻഡ് മിഡ്വൈഫറി കോഴ്സ് എന്നിവയും കേരള നഴ്‌സസ് ആൻഡ് മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷനുമുള്ളവർക്ക് അപേക്ഷിക്കാം.
ഒരു വർഷ കാലാവധിക്കാകും നിയമനം. താത്പര്യമുള്ളവർ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം, മേൽവിലാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 19നു വൈകിട്ടു മൂന്നിനു മുൻപായി തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ തപാൽ വഴിയോ ഇ-മെയിൽ വഴിയോ നേരിട്ടോ അപേക്ഷിക്കണം. അപേക്ഷകൾ പരിശോധിച്ച് യോഗ്യതയുടെ അടിസ്ഥാനത്തിൽ അഭിമുഖം നടത്തിയാകും നിയമനം. കൂടുതൽ വിവരങ്ങൾക്ക് 0471 2528855.
പ്രിൻസിപ്പൽ കരാർ നിയമനം
പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ എറണാകുളം, പാലക്കാട് ജില്ലകളിൽ പ്രവർത്തിക്കുന്ന പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെന്ററിൽ പ്രിൻസിപ്പൽ തസ്തികയിൽ പ്രതിമാസം 20,000 രൂപ ഹോണറേറിയം വ്യവസ്ഥയിൽ ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമിക്കുന്നതിന് ഉന്നത വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ/ സെലക്ഷൻ ഗ്രേഡ് ലക്ചറർ/ സീനിയർ ഗ്രേഡ് ലക്ചറർ തസ്തികകളിൽ വിരമിച്ചവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, സ്വയം തയ്യാറാക്കിയ അപേക്ഷ സഹിതം 25നകം ഡയറക്ടർ, പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ്, മ്യൂസിയം- നന്ദാവനം റോഡ്, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം- 695033 എന്ന വിലാസത്തിൽ ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2737246.