ഇന്ത്യൻ എംബസിയിൽ തൊഴിൽ അവസരങ്ങൾ; 7200 റിയാൽ വരെ ശമ്പളം, അപേക്ഷ ഓൺലൈനായി സമർപ്പിക്കാം
ക്ലർക്ക്, ജൂനിയർ ട്രാൻസിലേറ്റർ എന്നീ ഒഴിവുകളിലേക്കാണ് എംബസി അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
റിയാദ്: സൗദി അറേബ്യൻ തലസ്ഥാനമായ റിയാദിലെ ഇന്ത്യൻ എംബസിയിൽ തൊഴിലവസരങ്ങൾ. ക്ലർക്കിന്റെയും ജൂനിയർ ട്രാൻസിലേറ്ററുടെയും ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. സൗദി അറേബ്യയിലെ സാധുവായ ഇഖാമയുള്ള ഇന്ത്യാക്കാർക്ക് അപേക്ഷ നൽകാം. യോഗ്യതയും ശമ്പളവും അപേക്ഷയുടെ വിശദാംശങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ ഇങ്ങനെ
1. ക്ലർക്ക്
ഒരു അംഗീകൃത സർവകലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ് ക്ലർക്കിന് വേണ്ട അടിസ്ഥാന യോഗ്യത. കൂടാതെ കമ്പ്യൂട്ടറിൽ പ്രായോഗിക പരിജ്ഞാനം, ഇംഗ്ലീഷിൽ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യം, അറബി ഭാഷയിൽ പ്രവർത്തന പരിജ്ഞാനം എന്നീ യോഗ്യതകളും വേണം. 2024 ഒക്ടോബർ ഒന്നിന് 35 വയസ് കടക്കാത്തവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാം.
എഴുത്തുപരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും ഇൻറർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക ശമ്പളം 4,000 സൗദി റിയാൽ. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. നവംബർ 12-നുള്ളിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷ ലിങ്കും വിശദവിവരങ്ങളും എംബസിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്.
2. ജൂനിയർ ട്രാൻസിലേറ്റർ
ഒരു അംഗീകൃത സർവകലാശാലയിൽ നിന്ന് നിർബന്ധിത ഇംഗ്ലീഷ് ഭാഷാ വിഷയത്തോടുകൂടിയ അറബി ഭാഷയിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ് ജൂനിയർ ട്രാൻസിലേറ്റർ (വിവർത്തകന്) വേണ്ട അടിസ്ഥാന യോഗ്യത. അറബിയിൽ നിന്ന് ഇംഗ്ലീഷിലേക്കും തിരിച്ചും വിവർത്തനം ചെയ്യാനുള്ള കഴിവ്, കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം, ഇംഗ്ലീഷ്, അറബി ഭാഷകളിൽ എഴുതാനും സംസാരിക്കാനുള്ള കഴിവ് എന്നിവയും ഉണ്ടായിരിക്കണം. ഇംഗ്ലീഷ്-അറബിക് വിവർത്തകൻ എന്ന നിലയിലുള്ള പ്രവൃത്തിപരിചയം വളരെ അഭികാമ്യം. ഇത് തെളിയിക്കാനാവശ്യമായ എക്സ്പീര്യൻസ് സർട്ടിഫിക്കറ്റ് ഉണ്ടായിരക്കണം.
ഔദ്യോഗിക പ്രതിനിധികൾക്കൊപ്പം ദ്വിഭാഷിയായി പ്രവർത്തിക്കേണ്ടി വരും. ഉയർന്ന പ്രായപരിധി 2024 ഒക്ടോബർ ഒന്നിന് 45 വയസാണ്. എഴുത്തുപരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും ഇൻറർവ്യൂവിന്റെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. പ്രാഥമിക ശമ്പളം 7,200 സൗദി റിയാൽ. യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഓൺലൈനിലാണ് അപേക്ഷിക്കേണ്ടത്. നവംബർ 10നുള്ളിൽ അപേക്ഷിക്കണം. ഓൺലൈൻ അപേക്ഷയുടെ ലിങ്കും വിശദവിവരങ്ങളും എംബസി വെബ്സൈറ്റിൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് www.eoiriyadh.gov.in എന്ന വെബ്സൈറ്റും സന്ദർശിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം