ഇന്ത്യൻ ആർമിയിൽ ജോലി നേടാം, അഗ്നിവീർ റിക്രൂട്ട്‌മെന്‍റ് റാലി നവംബർ 16 മുതൽ കൊച്ചിയിൽ
2023 ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ യോഗ്യത നേടിയ കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള യുവാക്കളാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.
കൊച്ചി: ബംഗളൂരിലെ റിക്രൂട്ടിംഗ് സോൺ ആസ്ഥനത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ് സംഘടിപ്പിക്കുന്ന അഗ്നിവീർ റിക്രൂട്ട്മെൻ്റ് റാലി നവംബർ 16 മുതൽ 25 വരെ എറണാകുളം മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ നടത്തുന്നതാണ്. 2023 ഏപ്രിൽ 17 മുതൽ 24 വരെ നടത്തിയ ഓൺലൈൻ കോമൺ എൻട്രൻസ് പരീക്ഷയിൽ (CEE) യോഗ്യത നേടിയ കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള യുവാക്കളാണ് ഈ റാലിയിൽ പങ്കെടുക്കുന്നത്.
കേരളത്തിലെ ഏഴ് തെക്കൻ ജില്ലകളായ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലെ ഉദ്യോഗാർത്ഥികൾക്കായി അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്‌നിക്കൽ, അഗ്നിവീർ ക്ലാർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, അഗ്നിവീർ ട്രേഡ്‌സ്‌മാൻ എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൂടാതെ, കേരള, കർണാടക സംസ്ഥാനങ്ങളിൽ നിന്നും ലക്ഷദ്വീപ്, മാഹി എന്നീ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള ഉദ്യോഗാർത്ഥികൾക്കായി സോൾജിയർ നഴ്‌സിംഗ് അസിസ്റ്റന്റ്/നേഴ്‌സിംഗ് അസിസ്റ്റന്റ് വെറ്റിനറി, ശിപായി ഫാർമ, റിലീജിയസ് ടീച്ചർ ജൂനിയർ കമ്മീഷൻഡ് ഓഫീസർ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോ എന്നീ വിഭാഗങ്ങളിലേക്കുമാണ് റാലി സംഘടിപ്പിച്ചിരിക്കുന്നത്.
ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ അഡ്മിറ്റ് കാർഡുകൾ ഇതിനകം രജിസ്റ്റർ ചെയ്ത ഇ-മെയിൽ ഐഡികളിലേക്ക് അയച്ചിട്ടുണ്ട്. കൂടാതെ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളുടെ വ്യക്തിഗത ലോഗിൻ വഴിയും ഡൗൺലോഡ് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം