സ്കൂളിലെ ശരാശരി വിദ്യാർത്ഥി; സംസ്ഥാന തല മത്സരപരീക്ഷയിൽ ഒന്നാം റാങ്ക്; ഗൗരവ് വിജയം എത്തിപ്പിടിച്ചതിങ്ങനെ...
വിജയം എളുപ്പമായിരുന്നില്ലെന്ന് ഗൗരവ് പറയുന്നു. സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാനൊരു ശരാശരി വിദ്യാർത്ഥിയായിരുന്നു. ജെഇഇ പരീക്ഷയിൽ വിജയം നേടാൻ എനിക്ക് സാധിച്ചില്ല.
ബീഹാർ: സ്കൂളിൽ പഠിക്കുന്ന സമയത്ത് ശരാശരി പഠനനിലവാരമുണ്ടായിരുന്ന ഒരു വിദ്യാർത്ഥി പിൽക്കാലത്ത് മത്സരപരീക്ഷയിലെ റാങ്ക് ജേതാവായതെങ്ങനെയായിരിക്കും? ഈ ചോദ്യത്തിനുള്ള ഉത്തരം ബീഹാർ പബ്ലിക് സർവ്വീസ് കമ്മീഷൻ (Bihar public Service Commission) നടത്തിയ കമ്പൈൻഡ് കോംപറ്റേറ്റീവ് എക്സാമിനേഷനിലെ റാങ്ക് ജേതാവായ ഗൗരവ് സിംഗ് (Gourav Singh) എന്ന ചെറുപ്പക്കാരന്‍ പറയും. ബീഹാറിലെ റോഹ്താസ് ജില്ലയിൽ നിന്നുള്ള വ്യക്തിയാണ് ഗൗരവ് സിംഗ്. വ്യാഴാഴ്ചയാണ് ബീഹാർ പബ്ലിക് സർവ്വീസ് കമ്മീഷൻ 65ാമത് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണത്തെ പരീക്ഷയിലും ഇയാൾ യോഗ്യത നേടിയിരുന്നു. സ്റ്റേറ്റ് സോഷ്യൽ വെൽഫെർ ഡിപ്പാർട്ടമെന്റിൽ അസിസ്റ്റന്റ് ഡയറക്ടറായി നിയമനം ലഭിക്കാനിരിക്കവേയാണ് രണ്ടാം തവണയും പരീക്ഷയെഴുതി റാങ്ക് നേടിയത്.
വിജയം എളുപ്പമായിരുന്നില്ലെന്ന് ഗൗരവ് പറയുന്നു. 'സ്കൂളിൽ പഠിക്കുന്ന സമയത്ത് ഞാനൊരു ശരാശരി വിദ്യാർത്ഥിയായിരുന്നു. ജെഇഇ പരീക്ഷയിൽ വിജയം നേടാൻ എനിക്ക് സാധിച്ചില്ല. ആത്മവിശ്വാസമില്ലാതിരുന്നത് കൊണ്ടാണ് മൂന്നു തവണ സിവിൽ സർവ്വീസ് പരീക്ഷയിൽ എനിക്ക് വിജയിക്കാൻ സാധിക്കാതെ വന്നത്.' ഗൗരവ് പറഞ്ഞു. കെഐഐടിയിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബിടെക് ബിരുദം നേടി, മൂന്നു വർഷം ജോലി ചെയ്തു. സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന സമയത്തും സർക്കാർ സർവ്വീസിൽ ജോലി ചെയ്യണമെന്നായിരുന്നു ആഗ്രഹം. അതിനായി തയ്യാറെടുപ്പുകൾ ആരംഭിച്ചു. ഡിഫൻസ് സർവ്വീസ് പരീക്ഷയെഴുതാൻ വേണ്ടിയാണ് തയ്യാറെടുത്തത്.
അസിസ്റ്റന്റ് കമാൻഡന്റ് എഴുത്തുപരീക്ഷയിൽ വിജയിച്ചെങ്കിലും മെഡിക്കൽ പരിശോധനയിൽ പരാജയപ്പെട്ടു. അങ്ങനെ ആ ആഗ്രഹം ഉപേക്ഷിച്ചു. പിന്നീട് സിവിൽ സർവ്വീസ് പരീക്ഷക്ക് തയ്യാറെടുക്കാൻ തീരുമാനിച്ചു. സർക്കാർ സേവനമായിരുന്നു ലക്ഷ്യം. യുപിഎസ്‍സി സിവിൽ സർവ്വീസ് പരീക്ഷക്ക് പഠിക്കാൻ ആരംഭിച്ചു. അതേ സമയം തന്നെ പിസിഎസ് പരീക്ഷക്കും തയ്യാറെടുത്തു. രണ്ട് പരീക്ഷയുടെയും സിലബസ് ഏകദേശം ഒരുപോലെ ആയിരുന്നു. അതുകൊണ്ട് പഠനം എളുപ്പമായി. മിക്ക പരീക്ഷാർത്ഥികളും പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത് ദില്ലിയാണ്. എന്നാൽ ഗൗരവ് അത് പിന്തുടർന്നില്ല. 'ഞാൻ ജോലി ചെയ്തിരുന്നത് പൂനെയിലായിരുന്നു. അതുകൊണ്ട് അവിടെത്തന്നെ പരിശീലനവും നടത്താൻ തീരുമാനിച്ചു. എല്ലാ പഠന സാമഗ്രികളും ഓൺലൈനിൽ ലഭ്യമാണ്.' അതുകൊണ്ട് തന്ന മറ്റൊരു നഗരത്തിൽ പോയി പഠിക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ചെന്നും ഗൗരവ് പറയുന്നു.
ബിപിഎസ്‍സി സിസിഇ പരീക്ഷക്ക് വെറും 20 ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് പഠനം ആരംഭിച്ചത്. അതിന് മുമ്പ് സിവിൽ സർവ്വീസ് പരീക്ഷയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചത്. യുപി എസ് സിക്ക് വേണ്ടി തയ്യാറാക്കിയ നോട്ട്സാണ് ഈ പരീക്ഷക്കും ആശ്രയിച്ചത്. സമകാലിക വിഷയങ്ങൾക്കാണ് പ്രാധാന്യം നൽകിയത്. സ്വയം തയ്യാറാക്കിയ നോട്ടുകളാണ് പഠനത്തിന് ഉത്തമമെന്നും ഗൗരവ് നിർദ്ദേശിക്കുന്നു. അതുപോലെ മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ പരിശീലിച്ചു. അഭിമുഖത്തിന്റെ സമയത്ത് ബീഹാറിനെക്കുറിച്ചോ തന്റെ വിദ്യാഭ്യാസ പശ്ചാത്തലത്തെക്കുറിച്ചോ ഒരു വാക്കു പോലും ചോദിച്ചില്ലെന്നും ഗൗരവ്. സമകാലികവിഷയങ്ങളിൽ മികച്ച അറിവുണ്ടായിരിക്കണം എന്നതാണ് പ്രധാനം.