മാപ്പപേക്ഷയ്ക്ക് പുറമേ സമരങ്ങളുടെ ഭാഗമാകില്ലെന്ന് എഴുതി നല്‍കണം; ഗവേഷക വിദ്യാര്‍ത്ഥിയോട് ഐഐടി ഗുവാഹത്തി

ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ അധ്യാപകനായ ബ്രജേഷ് റായിയോട് നിര്‍ബന്ധിച്ച് വിരമിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം നടത്തിയതിനാണ് ഗവേഷക വിദ്യാര്‍ത്ഥിയെ പുറത്താക്കിയിരുന്നു

fourth year PhD Scholar punished by  IIT Guwahati pledge to not protest again

പിഎച്ച്ഡി പഠനം തുടരാനായി സമരങ്ങളില്‍ പങ്കെടുക്കില്ലെന്ന് ഗവേഷക വിദ്യാര്‍ത്ഥിയോട് എഴുതി വാങ്ങി ഐഐടി ഗുവാഹത്തി. നാലാം വര്‍ഷ ഗവേഷക വിദ്യാര്‍ത്ഥിയ്ക്ക് പഠനം തുടരാന്‍ വേണ്ടിയാണ് വിചിത്രമായ ഉപാധിയില്‍ ഒപ്പുവയ്ക്കേണ്ടി വന്നത്.  മുപ്പതുവയസ് പ്രായമുള്ള 30 കാരനായ ഹിമാന്‍ചല്‍ സിംഗ് എന്ന വിദ്യാര്‍ത്ഥിക്കാണ് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നത്. യാതൊരു വിധത്തിലുമുള്ള സമരങ്ങളുടേയും ഭാഗമാകില്ലെന്നാണ് നിബന്ധന. കഴിഞ്ഞ വര്‍ഷം അവസാന സെമസ്റ്റര്‍ പുരോഗമിക്കുന്നതിനിടെയാണ് സിംഗിനെതിരെ അച്ചടക്ക നടപടിയെടുത്തത്. 2020 ജനുവരി 4 മുതല്‍ ഏഴുവരെ മറ്റൊരു വിദ്യാര്‍ത്ഥിയോടൊപ്പം നിരാഹാര സമരത്തില്‍ ഭാഗമായതിനേ തുടര്‍ന്നായിരുന്നു നടപടി.

ഇലക്ട്രോണിക്സ് ആന്‍ഡ് ഇലക്ട്രിക്കല്‍ എന്‍ജിനിയറിംഗ് വിഭാഗത്തിലെ അധ്യാപകനായ ബ്രജേഷ് റായിയോട് നിര്‍ബന്ധിച്ച് വിരമിക്കാന്‍ ആവശ്യപ്പെട്ടതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. സ്ഥാപനത്തിലെ മേലുദ്യോഗസ്ഥരുടെ അഴിമതിയേക്കുറിച്ച് നിരന്തമായി ആരോപണങ്ങള്‍ ഉയര്‍ത്തിയതിന് പിന്നാലെയാണ് അധ്യാപകനോട് പിരിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടത്. സ്ഥാപനത്തിന്‍റെ പ്രതിച്ഛായ കളങ്കപ്പെടുത്തിയെന്ന് ആരോപിച്ചായിരുന്നു ഇത്. 2020 ജനുവരി 1 മുതല്‍ നിര്‍ബന്ധമായി പിരിഞ്ഞുപോകാനായിരുന്നു നിര്‍ദ്ദേശം. അധ്യാപകന് പിന്തുണയുമായി എത്തിയ സിംഗിനെതിരെ പത്തംഗസമിതിയാണ് നടപടി നിര്‍ദ്ദേശിച്ചത്. ഒരുസെമസ്റ്ററും അധികാരികള്‍ തീരുമാനിക്കുന്നത് വരേയും വിലക്കുകയായിരുന്നു സിംഗിനെതിരേയെടുത്ത നടപടി.

എന്‍ഐടി പട്നയില്‍ നിന്ന് വയര്‍ലെസ് കമ്യൂണിക്കേഷനില്‍ എംടെക്ക് എടുത്ത ശേഷം ഐഐടിയില്‍ ഗവേഷണത്തിനെത്തിയ സിംഗിനെ ഹോസ്റ്റല്‍ ബോര്‍ഡില്‍ നിന്നും നീക്കിയത്. കൊവിഡ് 19 വ്യാപിച്ചതോടെ ക്യാംപസ് അടച്ചിരുന്നു. ഇതിന് പിന്നാലെ ക്യാംപസ് തുറന്നപ്പോഴും സിംഗിന് വിലക്ക് തുടരുകയായിരുന്നു. മാര്‍ച്ച് 4ന് ക്യാംപസിലെത്തിയ സിംഗിനോട് ഹോസ്റ്റലിന് വെളിയില്‍ പോകാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് മാര്‍ച്ച് 8ന് ആറ് നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍ ക്യാംപസില്‍ പഠനം നടക്കില്ലെന്ന് ഐഐടി രജിസ്ട്രാര്‍ സിംഗിനെ അറിയിക്കുകയായിരുന്നു.

മാപ്പപേക്ഷയ്ക്കൊപ്പം സമൂഹമാധ്യമങ്ങളില്‍ സ്ഥാപനത്തിനെതിരായ കുറിപ്പുകള്‍ ഇടുന്നതടക്കം ആറ് നിബന്ധനകളാണ് സിംഗിന് ഒപ്പിട്ട് നല്‍കേണ്ടി വന്നത്. ഇത്തരം നടപടികള്‍ ഉണ്ടായാല്‍ മുന്നറിയിപ്പില്ലാതെ പുറത്താക്കുമെന്നും സിംഗിന് ഐഐടി ഗുവാഹത്തി മുന്നറിയിപ്പ് നല്‍കി. പുറത്താക്കിയ നടപടികള്‍ക്കെതിരെ സിംഗ് കോടതിയെ സമീപിച്ചതാണ് സ്ഥാപനത്തെ പ്രകോപിപ്പിച്ചതെന്നാണ് ദി ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Latest Videos
Follow Us:
Download App:
  • android
  • ios