ഇഷ്ടപുസ്തകങ്ങൾ തെരഞ്ഞടുക്കാം; സർക്കാർ സ്കൂളുകൾക്കായി ദില്ലിയില്‍ വിർച്വൽ മെഗാ പുസ്തകമേള
ദില്ലിയിലെ സർക്കാർ സ്കൂളുകൾക്ക് അവരുടെ ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ ഓൺലൈനായി തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുകയാണ് ഈ വിർച്വൽ പുസ്തകമേള.
ദില്ലി: ദേശീയ തലസ്ഥാനത്ത് (Delhi) സർക്കാർ സ്കുളുകൾക്കായി വിർച്വൽമെഗാ പുസ്തകമേള (virtual book fair) സംഘടിപ്പിച്ചു. ദില്ലി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ വീഡിയോ കോൺഫറൻസിലൂടെ ഞായറാഴ്ച പുസ്തകമേള ഉദ്ഘാടനം ചെയ്തു. ദില്ലിയിലെ സർക്കാർ സ്കൂളുകൾക്ക് (government schools) അവരുടെ ലൈബ്രറികളിലേക്കുള്ള പുസ്തകങ്ങൾ ഓൺലൈനായി തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കുകയാണ് ഈ വിർച്വൽ പുസ്തകമേള. 220 ലധികം പ്രസാധകരുടെ 8000ത്തിലധികം പുസ്തകങ്ങളാണ് ഡിസംബർ 1 വരെ നീണ്ടു നിൽക്കുന്ന പുസ്തകമേളയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്തെ എല്ലാ സ്കൂളുകളും ഒരുമിച്ച് ഇത്തരമൊരു വിർച്വൽ പുസ്തകമേളയിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ സർവ്വതോന്മുഖമയ വളർച്ചക്ക് പുസ്തകങ്ങൾ വളരെയധികം പങ്കുവഹിക്കുന്നു. നാലഞ്ചു വർഷങ്ങൾ കൊണ്ട് സർക്കാർ സ്കൂളുകളിലെ ലൈബ്രറികളിൽ വളരെ പ്രധാനപ്പെട്ട മാറ്റങ്ങൾ കൊണ്ടുവരാൻ ദില്ലി സർക്കാരിന് കഴിഞ്ഞു. മനീഷ് സിസോദിയ പ്രസ്താവനയിൽ വ്യക്തമാക്കി. ഈ വർഷം 1031 സ്കൂളുകൾക്ക് പുസ്തകങ്ങൾ വാങ്ങാൻ 9 കോടി രൂപ അനുവദിച്ചതായി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയ വ്യക്തമാക്കി.
സ്കൂളുകൾക്കും വിദ്യാർത്ഥികൾക്കും അവരുടെ ഇഷ്ടപുസ്തകങ്ങളെ സംബന്ധിച്ച നിർദ്ദേശങ്ങൾ വെബ്സൈറ്റിൽ നൽകാം. വിവിധ അക്കാദമിക് പ്രവർത്തനങ്ങളിൽ സജീവമായ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം. പ്രത്യേകിച്ച് അവരവരുടെ ലൈബ്രറികൾക്കുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നതിൽ. മനീഷ് സിസോദിയ വ്യക്തമാക്കി.