CBSE : സിബിഎസ്ഇ പരീക്ഷഫലം ഇന്ന് പ്രഖ്യാപിക്കുമെന്ന പ്രചരണം തെറ്റ്; നടപടികൾ പുരോഗമിക്കുന്നു
വിദ്യാർത്ഥികൾക്ക് ലോഗിൻ അക്കൗണ്ട് വഴി സ്കോർ നേരിട്ട് ലഭിക്കുന്ന രീതിയിലാകും ഫലപ്രഖ്യാപനം.
ദില്ലി: സിബിഎസ്ഇ (CBSE) പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ആദ്യ ടേം പരീക്ഷ ഫലം (Exam Result) ഇന്ന് പ്രഖ്യാപിക്കുമെന്ന പ്രചാരണം തെറ്റെന്ന് സിബിഎസ്ഇ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട്. ഫലപ്രഖ്യാപനത്തിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിദ്യാർത്ഥികൾക്ക് ലോഗിൻ അക്കൗണ്ട് വഴി സ്കോർ നേരിട്ട് ലഭിക്കുന്ന രീതിയിലാകും ഫലപ്രഖ്യാപനം.
ചോദ്യപ്പേപ്പർ വിവാദവുമായി ബന്ധപ്പെട്ട് രണ്ട് വിഷയ വിദ്ഗധരെ ചോദ്യപ്പേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് സിബിഎസ്ഇ പുറത്താക്കിയിരുന്നു. സോഷ്യോളജി, ഇംഗ്ലീഷ്, വിഷയങ്ങളിലെ വിദഗ്ധരെയാണ് പുറത്താക്കിയത്. പന്ത്രണ്ടാം ക്ലാസിലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ചോദ്യത്തിൻ്റെയും, പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ സ്ത്രീവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട ചോദ്യത്തിന്റെയും പേരിലാണ് നടപടി.
എതിർപ്പുകളുയർന്നതിനെ തുടർന്ന് സിബിഎസ്ഇ ചോദ്യപ്പേപ്പറുകളിലെ വിവാദ പരാമർശം ഉൾപ്പെട്ട ഭാഗം പിൻവലിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങൾക്ക് എല്ലാ വിദ്യാർത്ഥികൾക്കും മുഴുവൻ മാർക്കും നൽകുമെന്നും സി ബി എസ് ഇ അറിയിച്ചു. സ്ത്രീ ശാക്തീകരണവും, സ്ത്രീ -പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികൾക്കു മേൽ രക്ഷകർത്താക്കൾക്കുള്ള സ്വാധീനം കുറച്ചുവെന്നുമുള്ള പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ പരാമർശങ്ങളാണ് വിവാദമായത്. 'ഭാര്യമാരുടെ വിമോചനം' കുട്ടികളുടെ മേലുള്ള മാതാപിതാക്കളുടെ അധികാരം ഇല്ലാതാക്കിയെന്നതടക്കമുള്ള പരാമർശങ്ങളാണ് വിവാദത്തിലേക്ക് വഴിവച്ചത്.
12ാം ക്ലാസ് വിദ്യാര്‍ഥികളുടെ ബോര്‍ഡ് പരീക്ഷയുടെ ചോദ്യ പേപ്പറിനേക്കുറിച്ചും സിബിഎസ്ഇക്ക് ക്ഷമാപണം നടത്തേണ്ടി വന്നിരുന്നു. സോഷ്യോളജി ചോദ്യപേപ്പറിലെ ഗുജറാത്ത് കലാപം സംബന്ധിച്ച ചോദ്യത്തേക്കുറിച്ചാണ് ക്ഷമാപണം. 2002ല്‍ ഗുജറാത്തിൽ മുസ്ലീം വിരുദ്ധ അക്രമത്തിന്റെ അഭൂതപൂർവമായ വ്യാപനമുണ്ടായത് ഏത് സര്‍ക്കാരിന്‍റെ കാലത്താണ് എന്നായിരുന്നു വിവാദമായ ചോദ്യം.