New Education Policy 2020| പുതിയ വിദ്യാഭ്യാസനയം രാജ്യത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കും: അസം ഗവർണർ
രാജ്യത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കാൻ വേണ്ടിയാണ് ന്യൂ എഡ്യൂക്കേഷൻ പോളിസി 2020 കൊണ്ടുവന്നിരിക്കുന്നതെന്നും സാമ്പത്തിക വളർച്ച, സാമൂഹിക നീതി, ശാസ്ത്രീയമുന്നേറ്റം എന്നീ മേഖലകളിൽ ആഗോളതലത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ വിദ്യാഭ്യാസ നയം നിർണ്ണായകമാകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
ദില്ലി: ഇന്ത്യയുടെ പഴയ പ്രതാപം വീണ്ടെടുക്കാൻ പുതിയ വിദ്യാഭ്യാസ നയം 2020 (New Education Policy 2020) സഹായിക്കുമെന്ന് അസം ഗവർണർ ജഗ്ദീഷ് മുഖി (governor Jagdish Mukhi). യുവാക്കൾ രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിന് മികച്ച വിദ്യാഭ്യാസ അവസരങ്ങൾ നൽകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പുതിയ വിദ്യാഭ്യാസ നയത്തിൻമേൽ നോർത്ത് ഈസ്റ്റ് എഡ്യൂക്കേഷൻ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പഴയ പ്രതാപം വീണ്ടെടുക്കാൻ സഹായിക്കാൻ വേണ്ടിയാണ് ന്യൂ എഡ്യൂക്കേഷൻ പോളിസി 2020 കൊണ്ടുവന്നിരിക്കുന്നതെന്നും സാമ്പത്തിക വളർച്ച, സാമൂഹിക നീതി, ശാസ്ത്രീയമുന്നേറ്റം എന്നീ മേഖലകളിൽ ആഗോളതലത്തിൽ ഇന്ത്യയുടെ മുന്നേറ്റത്തിൽ വിദ്യാഭ്യാസ നയം നിർണ്ണായകമാകുമെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
യുവാക്കൾക്ക് ഉയർന്ന നിലവാരത്തിലുളള വിദ്യാഭ്യാസ അവസരങ്ങൾ നൽകുന്നതിന് ഈ നയത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന ഗുണങ്ങൾ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വരുന്ന ഒന്നോ രണ്ടോ ദശാബ്ദങ്ങൾക്കുള്ളിൽ ജോലി നേടുന്ന യുവജനങ്ങളുടെ സംഖ്യ ഏറ്റവും കൂടുതൽ ഇന്ത്യയിലായിരിക്കുമെന്നു അദ്ദേഹം പറഞ്ഞു. ഉയർന്ന വൈജ്ഞാനിക ശേഷി സൃഷ്ടിക്കുക മാത്രമല്ല വിദ്യാഭ്യാസം കൊണ്ടുദ്ദേശിക്കുന്നത്. സാമൂഹികവും വൈകാരികവും ധാർമ്മികവുമായ കഴിവുകൾ വികസിപ്പിക്കണം എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയുളളതാണ് ന്യൂ എഡ്യൂക്കേഷൻ പോളിസി. പുരാതനവും ശാശ്വതവുമായ ഇന്ത്യയുടെ അറിവിന്റെയും സംസ്കാരത്തിന്റെയും പൈതൃകമാണ് പുതിയ വിദ്യാഭ്യാസ നയത്തിന്റെ വഴികാട്ടിയെന്നും ജഗദീഷ് മുഖി പറഞ്ഞു.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആവശ്യങ്ങളും അഭിലാഷങ്ങൾക്കും അനുസൃതമായി ഇന്ത്യയിലെ ജനങ്ങളെ, പ്രത്യേകിച്ച് യുവാക്കളെ മുന്നോട്ട് നയിക്കാൻ വിദ്യാഭ്യാസ നയത്തിന് സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതൊരു നയരേഖ മാത്രമല്ല, ഇന്ത്യയിലെ വിദ്യാർത്ഥികളുടെയും പൗരൻമാരുടെയും അഭിലാഷങ്ങളുടെ പ്രതിഫലനം കൂടിയാണ്. ഈ അവസരം ഫലപ്രദമായി വിനിയോഗിക്കുക എന്നുള്ളത് എല്ലാ സംസ്ഥാനങ്ങളുടെയും ഉത്തരവാദിത്വമാണ്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ വിജയത്തിനായി സംഭാവനകൾ നൽകണം. വളരെ സുപ്രധാന തീരുമാനങ്ങളോടു കൂടി പുതിയ വിദ്യാഭ്യാസ നയം നടപ്പിലാക്കാനുളള പ്രവർത്തനങ്ങൾ അസ്സം നടത്തിവരികയാണ്. ഉന്നത തല സമിതി ഇതിനോടകം ശുപാർശകളും സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.