ICFOSS Online Certificate Course : ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ്: ഫെബ്രുവരി 26 വരെ അപേക്ഷ
പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ് എന്നിവയാണ് കോഴ്സുകൾ. മാർച്ച് ഒന്നിന് ക്ലാസ് ആരംഭിക്കും.
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്വെയർ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേരളസർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയർ കേന്ദ്രം (ഐസിഫോസ്സ്) (ICFOSS) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് (Online Certificate Course) കോഴ്സുകളിലെ അഞ്ചാമത് ബാച്ചിലേക്ക് അപേക്ഷിക്കാം. പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ് എന്നിവയാണ് കോഴ്സുകൾ. മാർച്ച് ഒന്നിന് ക്ലാസ് ആരംഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം.
ദിവസം രണ്ട് മണിക്കുർ വീതമായിരിക്കും ക്ലാസ്. പൊതുവായും ഇൻഡസ്ട്രിയിലും ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് പാഠ്യക്രമം തയാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. എഞ്ചിനീയറിംഗ് ടെക്നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗാത്മകതയും പ്രശ്നപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.
സായാഹ്ന ബാച്ചുകളും ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ നടത്തിയ കോഴ്സുകളിൽ 1290 ലധികം പേരാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്. മറ്റുള്ള ഓൺലൈൻ ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി, തത്സമയ വിനിമയത്തിലൂടെയാണ് ക്ലാസുകൾ എടുക്കുന്നത്. വിദ്യാർഥികൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധരായ പരിശീലകരുടെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും. പ്രത്യേകം വൈദഗ്ദ്ധ്യം ലഭിച്ച പരിശീലകരുടെ മേൽനോട്ടത്തിലാണ് പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിക്കേണ്ടത്.
ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൂഡിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താൽപര്യമുള്ളവർ https://icfoss.in/events എന്ന വെബ്സൈറ്റിലൂടെ 2022 ഫെബ്രുവരി 26 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962 എന്നീ നമ്പരുകളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടാം.