Agniveer SSR Recruitment 2022 : നേവിയിൽ അഗ്നിവീർ ആകാം; സ്ത്രീകൾക്കും അവസരം; അവസാന തീയതി ജൂലൈ 22
2800 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 560 തസ്തികകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം.
ദില്ലി: അഗ്നിവീർ സീനിയർ സെക്കണ്ടറി റിക്രൂട്ട്സ് പ്രവേശനത്തിന് (Agniveer SSR recruitment) അപേക്ഷ വിജ്ഞാപനം (notification) പുറത്തിറക്കി ഇന്ത്യൻ നേവി. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ joinindiannavy.gov.in. വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. 2800 തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. 560 തസ്തികകളിലേക്ക് വനിതകൾക്ക് അപേക്ഷിക്കാം. ജൂലൈ 22 ആണ് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി. നാലു വർഷത്തേക്കാണ് നിയമനം. ജൂലൈ 15 മുതലാണ് അപേക്ഷ നടപടികൾ ആരംഭിച്ചത്. യോഗ്യത മാത്‌സും ഫിസിക്സും പഠിച്ച് പ്ലസ് ടു ജയം (കെമിസ്ട്രി/ബയോളജി/കംപ്യൂട്ടർ സയൻസ് ഇവയിൽ ഒരു വിഷയം പഠിച്ചിരിക്കണം).
ശമ്പളം 30000. 1999 നവംബർ 1നും 2005 ഏപ്രില് 30 നും ഇടയിൽ ജനിച്ചവരായിരിക്കണം. അപേക്ഷ സമർപ്പിക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചും പ്രായപരിധിയെക്കുറിച്ചുമുള്ള വിവരങ്ങൾ വിശദമായി വിജ്ഞാപനം പരിശോധിച്ച് മനസ്സിലാക്കണം. ശാരീരികയോഗ്യത ഉയരം- പുരുഷൻ: 157 സെ.മീ.; സ്ത്രീ: 152 സെ.മീ. എഴുത്തുപരീക്ഷ, ഫിസിക്കൽ ടെസ്റ്റ് എന്നിവ മുഖേനയാണ് തെരഞ്ഞെടുപ്പ്. ഫിസിക്കൽ ടെസ്റ്റിൽ പുരുഷൻ: 6 മിനിറ്റ് 30 സെക്കന്റിൽ 1.6 കിമീ ഓട്ടം, 20 സ്ക്വാറ്റ്സ്, 12 പുഷ് അപ്സ്.
സ്ത്രീ: 8 മിനിറ്റിൽ 1.6 കിമീ ഓട്ടം, 15 സ്ക്വാറ്റ്സ്, 10 സിറ്റ് അപ്സ് എന്നിവ ഉൾപ്പെടുന്നു. വിശദാംശങ്ങൾക്കായി joinindiannavy.gov.in. സന്ദർശിക്കുക.