വരുന്നൂ രാജ്യത്തെ ആദ്യത്തെ ഫാറ്റ് ടയര്‍ ഇ-ബൈക്ക്
ദില്ലിയിലായിരിക്കും ഈ ഇലക്ട്രിക് ബൈക്ക് ആദ്യം കമ്പനി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മുംബൈ, ബെംഗളൂരു, പൂനെ തുടങ്ങിയ മറ്റ് മെട്രോ നഗരങ്ങളിലും ആദ്യ ഘട്ടത്തില്‍ കോറിറ്റ് ഇലക്ട്രിക് പരിചയപ്പെടുത്തും.
ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പ് കമ്പനിയായ കോറിറ്റ് രാജ്യത്തെ ആദ്യത്തെ തദ്ദേശീയ ഫാറ്റ് ടയര്‍ ഇ-ബൈക്ക് പുറത്തിറക്കാന്‍ തയ്യാറെടുക്കുന്നു. ഹോവര്‍ സ്‌കൂട്ടര്‍ എന്ന് പേരുള്ള ഈ പുതിയ മോഡല്‍ ഉടന്‍ എത്തുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
12 മുതല്‍ 18 വയസുവരെയുള്ള യുവ തലമുറക്കായാണ് ഹോവര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കോറിറ്റ് ഇലക്ട്രിക് പറയുന്നു. കൗമാരക്കാര്‍ക്കും ഒപ്പം വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികള്‍ക്കും അനുയോജ്യമായ രീതിയിലാണ് ബൈക്കിന്റെ രൂപകല്‍പ്പന. ഈ സ്‌കൂട്ടര്‍ ഓടിക്കാന്‍ ലൈസന്‍സ് വേണ്ടിവരില്ല. ഉയര്‍ന്നവേഗത 25 കിലോ മീറ്റര്‍ ആണ്. ഒറ്റചാര്‍ജില്‍ 110 കിലോമീറ്റര്‍ വരെ ഓടിക്കാമെന്നും ഒരുകിലോമീറ്റര്‍ ഓടിക്കാന്‍ ഒരു രൂപമതിയെന്നുമാണ് കമ്പനി പറയുന്നത്. രണ്ട് സീറ്റര്‍ ഇലക്ട്രിക് ബൈക്കിന് 250 കിലോഗ്രാം ലോഡ് വഹിക്കാനുള്ള ശേഷിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
കോറിറ്റ് ഹോവറിന് 74,999 രൂപയാണ് വില. തുടക്കത്തില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് 69,999 രൂപയ്ക്കും ലഭിക്കും. നവംബര്‍ മുതല്‍ ഡെലിവറി ആരംഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്, യെല്ലോ, പിങ്ക്, പര്‍പ്പിള്‍, ബ്ലൂ, ബ്ലാക്ക് കളര്‍ ഓപ്ഷനുകളില്‍ സ്‌കൂട്ടര്‍ പുറത്തിറക്കും. തവണ വ്യവസ്ഥകളിലും ഉപഭോക്താക്കള്‍ക്ക് വണ്ടി സ്വന്തമാക്കാനാവും.
ദില്ലിയിലായിരിക്കും ഈ ഇലക്ട്രിക് ബൈക്ക് ആദ്യം കമ്പനി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മുംബൈ, ബെംഗളൂരു, പൂനെ തുടങ്ങിയ മറ്റ് മെട്രോ നഗരങ്ങളിലും ആദ്യ ഘട്ടത്തില്‍ കോറിറ്റ് ഇലക്ട്രിക് പരിചയപ്പെടുത്തും. രണ്ടാം ഘട്ടത്തില്‍ അടുത്ത വര്‍ഷം മുതല്‍ കോറിറ്റ് മറ്റ് മെട്രോ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.