ഇപ്പോള്‍ തമാശ പറയാനുള്ള സമയമല്ല, ജനതാ കര്‍ഫ്യുവിനെ പിന്തുണയ്ക്കണമെന്നും ലൈവില്‍ അമൃത സുരേഷ്

ബിഗ് ബോസ്സിലെ ഒരുപാട് വിശേഷങ്ങള്‍ പറയാനുണ്ടെന്നും ലൈവില്‍ അമൃത സുരേഷ്.

Amrutha Suresh supports Janta Curfew

ലോകം കൊവിഡ് 19നെ പ്രതിരോധിക്കാനുള്ള ജാഗ്രതയിലാണ്. ഇന്ത്യയിലും കൊവിഡ് 19 സ്ഥിരീകരിക്കുകയും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജാഗ്രതയോടെ തുടരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ബിഗ് ബോസ് സംപ്രേഷണം നിര്‍ത്തിവച്ചിരുന്നു. ബിഗ് ബോസ് നിര്‍ത്തിവയ്‍ക്കുന്ന തീരുമാനം റിയാലിറ്റി ഷോയുടെ ആരാധകരെ ഞെട്ടിച്ചിരുന്നു. ബിഗ് ബോസ്സില്‍ ബാക്കിയുണ്ടായിരുന്ന മത്സരാര്‍ഥികള്‍ സ്വന്തം വീട്ടില്‍ തിരിച്ചെത്തുകയും ചെയ്‍തു. ഇപ്പോള്‍ വിശേഷങ്ങളുമായി സാമൂഹ്യമാധ്യമത്തില്‍ ലൈവില്‍ എത്തിയിരിക്കുകയാണ് അമൃത സുരേഷ്.

ബിഗ് ബോസ്സില്‍ തുടരാൻ പിന്തുണച്ചതിന് ആദ്യം നന്ദി പറയുകയായിരുന്നു അമൃത സുരേഷ്. ഓരോരുത്തരും സമയം കണ്ടെത്തി പിന്തുണച്ചതുകൊണ്ടാണ് ബിഗ് ബോസ്സില്‍ തുടരാൻ കഴിഞ്ഞത് എന്ന് അമൃത സുരേഷ് പറഞ്ഞു. കൊവിഡ് 19ന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ചും തുടര്‍ന്ന് അമൃത സുരേഷ് പറഞ്ഞു.  ബിഗ് ബോസ്സില്‍ നിന്ന് പുറത്തിറങ്ങി നേരെ വീട്ടിലേക്ക് വരികയാണ് ചെയ്‍തത്. മറ്റെവിടെയും പോയിട്ടില്ല. വീട്ടില്‍ തന്നെയാണ് നില്‍ക്കുകയും ചെയ്യുന്നത്. ബിഗ് ബോസ്സിന്റെ ഒരുപാട് വിശേഷങ്ങള്‍ പറയാനുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യം അതല്ല. തമാശ പറയാൻ പറ്റുന്ന അവസ്ഥയിലല്ല എല്ലാവരും. ബിഗ് ബോസ്സില്‍ ആയിരിക്കുമ്പോള്‍ പുറത്ത് എന്താണ് എന്ന് അറിഞ്ഞിരുന്നില്ല. ലാലേട്ടൻ വന്നു പറഞ്ഞപ്പോഴാണ് ഇത്രയും ഗുരുതരമായ സംഭവമാണ് പുറത്ത് എന്ന് മനസ്സിലായത്. അപ്പോള്‍ വീട്ടിലേക്ക് എത്താൻ ആയിരുന്നു തിടുക്കം. കൊവിഡിനെ നേരിടാൻ സോഷ്യല്‍ കര്‍ഫ്യു എല്ലാവരും പാലിക്കണം. നാളെ ആരും പുറത്തിറങ്ങരുത് എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ട്. നമുക്ക് അത് പാലിക്കണം. വൈറസ് പടരുന്നത് തടയുകയാണ് ആവശ്യം. നമുക്ക് കരുത്തുറ്റ ഒരു ആരോഗ്യമന്ത്രിയുണ്ട്. അവരൊക്കെ പറയുന്ന കാര്യങ്ങള്‍ പാലിക്കുകയെന്നതാണ് പ്രധാനം. ഇപ്പോഴത്തെ സാഹചര്യം മനസ്സിലായതുകൊണ്ടാണ് വന്നതിന് ശേഷം ഒരു വീഡിയോ പോലും ഇടാതിരുന്നത്. വിശേഷങ്ങള്‍ പിന്നീട് പറയാമെന്നും അമൃത സുരേഷ് പറഞ്ഞു.

Latest Videos
Follow Us:
Download App:
  • android
  • ios