ഇക്വഡോര്‍ യുവ ഫുട്‌ബോളര്‍ക്ക് കാറപകടത്തില്‍ ദാരുണാന്ത്യം
മേജര്‍ ലീഗ് സോക്കറില്‍ എഫ്സി സിന്‍സിനാറ്റി താരമായ അംഗുലോ ഇക്വഡോറിയന്‍ ക്ലബ്ബായ എല്‍ഡിയു ക്വിറ്റോയില്‍ ലോണില്‍ കളിക്കുകയായിരുന്നു.
ക്വിറ്റോ: ഇക്വഡോര്‍ യുവ ഫുട്‌ബോര്‍ മാര്‍ക്കോ അംഗുലോയ്ക്ക് കാറപകടത്തെ തുടര്‍ന്ന് ദാരുണാന്ത്യം. 22കാരനായ താരം ഒക്‌റ്റോബര്‍ ഏഴിനുണ്ടായ കാറപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്നാല്‍ താരത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല. ഇക്വഡോര്‍ ദേശീയ ടീമിനൊപ്പം രണ്ട് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട് താരം. ഇറാഖിനും ഓസ്ട്രേലിയയ്ക്കുമെതിരായ സൗഹൃദ മത്സരങ്ങളിലാണ് അംഗുലോ കളിച്ചു. ദേശീയ ടീമിനൊപ്പം അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകള്‍ക്കൊപ്പവും ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ അംഗുലോ കളിച്ചിട്ടുണ്ട്.
മേജര്‍ ലീഗ് സോക്കറില്‍ എഫ്സി സിന്‍സിനാറ്റി താരമായ അംഗുലോ ഇക്വഡോറിയന്‍ ക്ലബ്ബായ എല്‍ഡിയു ക്വിറ്റോയില്‍ ലോണില്‍ കളിക്കുകയായിരുന്നു. അപകടത്തില്‍ അംഗുലോയ്ക്ക് തലയ്ക്കും ശ്വാസകോശത്തിനും പരിക്കേറ്റതായും ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനായതായും ഇക്വഡോറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാറിലുണ്ടായിരുന്ന സുഹൃത്തും ഇന്‍ഡിപെന്റൈന്റെ ഡെല്‍ വെല്ലയുടെ അണ്ടര്‍ 20 താരമായിരുന്ന റോബെര്‍ട്ടോ കബേസാസ് അപകട സമയത്ത് തന്നെ മരണപ്പെട്ടിരുന്നു.
അപകടനത്തിന് ഒരു ദിവസം മുമ്പ് ഒക്ടോബര്‍ ആറിനായിരുന്നു ക്വിറ്റോയ്ക്കുവേണ്ടി അംഗുലോയുടെ അവസാന മത്സരം. താരത്തിന്റെ സിന്‍സിനാറ്റി അനുശോചനം രേഖപ്പെടുത്തി.