'ജുഡീഷ്യറിയുടെ പണി നിങ്ങളെടുക്കേണ്ട'; ഭരണഘടന ഓർമിപ്പിച്ച് സുപ്രീം കോടതി, ബുൾഡോസർ കേസിലെ പ്രധാന നിരീക്ഷണങ്ങൾ

പൊളിക്കൽ നടപടി മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ, പൊളിച്ച വസ്‌തുക്കൾ തിരികെ നൽകുന്നതിന് ഉത്തരവാദികളായിരിക്കുമെന്ന് ഉദ്യോഗസ്ഥരോട് പറയണമെന്നും കോടതി പറഞ്ഞു. ഇതിനുള്ള ചെലവ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും കോടതി പറഞ്ഞു.

Executive cannot replace the Judiciary, SC says in Bulldozer case

ദില്ലി: കേസിൽ ഉൾപ്പെട്ടവരുടെ വീട് പൊളിച്ച് നീക്കുന്ന ബുൾഡോസർ കേസിൽ സുപ്രധാന നിരീക്ഷണങ്ങളുമായി സുപ്രീം കോടതി. രാജ്യത്ത് ജുഡീഷ്യറിയിൽ നിക്ഷിപ്തമായ ജോലി എക്സിക്യൂട്ടീവ് ചെയ്യേണ്ടെന്ന് സർക്കാറുകളോട് സുപ്രീം കോടതി അടിവരയിട്ട് പറഞ്ഞു. കുറ്റാരോപിതർക്കെതിരെയുള്ള ബുൾഡോസർ നടപടിയെ ചോദ്യം ചെയ്തുള്ള ഹർജികളിലാണ് ജസ്റ്റിസ് ബിആർ ഗവായ്, ജസ്റ്റിസ് കെ വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. ഓരോ കുടുംബത്തിൻ്റെയും സ്വപ്‌നമാണ് ഒരു വീട്. ആരോപണത്തിന്റെ പേരിൽ പാർപ്പിടം പൊളിച്ച് നീക്കാൻ അനുവദിക്കില്ല. നിയമവാഴ്ച ഒരു ജനാധിപത്യ ഗവൺമെൻ്റിൻ്റെ അടിത്തറയാണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലെ നീതിയാണ് ഈ വിഷയം. നിയമനടപടികൾ കുറ്റാരോപിതരുടെ കുറ്റം മുൻവിധിയാക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി. 

ഭരണഘടനയ്ക്ക് കീഴിൽ ഉറപ്പുനൽകുന്ന അവകാശങ്ങളാണ് കോടതി പരി​ഗണിച്ചത്. ഏകപക്ഷീയമായ ഭരണകൂട നടപടികളിൽ നിന്ന് വ്യക്തികൾക്ക് സംരക്ഷണം നൽകേണ്ടത് കോടതിയുടെ കടമയാണ്. സ്വത്ത് ഏകപക്ഷീയമായി തട്ടിയെടുക്കില്ലെന്ന് വ്യക്തികൾക്ക് ഉറപ്പാക്കാൻ നിയമവാഴ്ച സുരക്ഷ നൽകുന്നു. എക്‌സിക്യൂട്ടീവും ജുഡീഷ്യറിയും തമ്മിലുള്ള അധികാര വിഭജനത്തിൽ വിധി നിർണയ പ്രവർത്തനങ്ങൾ ജുഡീഷ്യറിയെയാണ് ഏൽപ്പിച്ചിരിക്കുന്നത്. എക്സിക്യൂട്ടീവിനെ ജുഡീഷ്യറിക്ക് പകരം വെക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കുറ്റാരോപിതനായതിനാൽ എക്സിക്യൂട്ടീവ് വ്യക്തിയുടെ വീട് ഏകപക്ഷീയമായി തകർക്കുകയാണെങ്കിൽ, അത് അധികാര വിഭജന തത്വത്തിൻ്റെ ലംഘനമാണെന്ന് കോടതി കരുതുന്നു- ജസ്റ്റിസ് ഗവായ് പറഞ്ഞു.

നിയമം കൈയിലെടുക്കുന്ന ഉദ്യോഗസ്ഥർക്ക് ഉത്തരവാദിത്തം ബോധ്യപ്പെടുത്തണം. ഉദ്യോഗസ്ഥർക്ക് ഏകപക്ഷീയവും അമിതവുമായ നടപടികൾ സ്വീകരിക്കാൻ കഴിയില്ല. സംസ്ഥാനത്തെ ഏതെങ്കിലും ഉദ്യോഗസ്ഥൻ തൻ്റെ അധികാരം ദുരുപയോഗം ചെയ്യുകയോ അല്ലെങ്കിൽ തികഞ്ഞ ഏകപക്ഷീയമോ ദുരുദ്ദേശ്യപരമോ ആയ രീതിയിൽ പ്രവർത്തിക്കുകയോ ചെയ്യാനാകില്ലെന്നും കോടതി. എക്‌സിക്യൂട്ടീവിന് ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാനാകില്ല.

ആരോപണത്തിൻ്റെ അടിസ്ഥാനത്തിൽ ഒരു വീട് പൊളിക്കുകയാണെങ്കിൽ, അത് നിയമവാഴ്ചയുടെ അടിസ്ഥാന തത്വത്തെ ബാധിക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.  ഒരു ശരാശരി പൗരനെ സംബന്ധിച്ചിടത്തോളം, വർഷങ്ങളുടെ കഠിനാധ്വാനത്തിൻ്റെയും സ്വപ്നങ്ങളുടെയും അഭിലാഷങ്ങളുടെയും പരിസമാപ്തിയാണ് വീട്. വീട് സുരക്ഷിതത്വത്തിൻ്റെയും ഭാവിയുടെയും കൂട്ടായ പ്രതീക്ഷയെയും ഉൾക്കൊള്ളുന്നു. വീട് പൊളിക്കുകയാണെങ്കിൽ പകരം സംവിധാനമൊരുക്കുകയാണ് ഏക പോംവഴി. കുറ്റാരോപിതനായ ഒരാൾ താമസിക്കുന്നുവെന്ന കാരണത്താൽ മാത്രം, മറ്റ് അം​ഗങ്ങളും താമസിക്കുന്ന വീട് എങ്ങനെ പൊളിക്കാൻ സാധിക്കുമെന്നും കോടതി ചോദിച്ചു. 

ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള അധികാരങ്ങൾ ഉപയോഗിച്ച്, സുപ്രീം കോടതി പൊളിച്ചുമാറ്റുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. കാരണം കാണിക്കൽ നോട്ടീസ് നൽകാതെ പൊളിക്കരുതെന്നും 15 ദിവസം മുമ്പ് നോട്ടീസ് നൽകിയ ശേഷം മാത്രമേ നടപടിയെടുക്കാവൂവെന്നും കോടതി വ്യക്തമാക്കി.

Read More... കട്ടപ്പുകയല്ലാതെ ഒന്നും കാണാത്ത സ്ഥിതി! കാഴ്‌ചാപരിധി പൂജ്യമായി ചുരുങ്ങി; പ്രതിസന്ധിയിൽ ദില്ലി വിമാനത്താവളം

നോട്ടീസിൽ അനധികൃത നിർമ്മാണത്തിൻ്റെ സ്വഭാവം, നിയമ ലംഘനത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ, പൊളിക്കുന്നതിനുള്ള കാരണങ്ങൾ എന്നിവ ഉണ്ടായിരിക്കണം. ബന്ധപ്പെട്ട അതോറിറ്റി കുറ്റാരോപിതരുടെ വാദം കേൾക്കുകയും അന്തിമ ഉത്തരവ് പുറപ്പെടുവിക്കുകയും വേണം. കോടതിയുടെ നിർദേശങ്ങൾ ലംഘിക്കുന്നത് കോടതിയലക്ഷ്യ നടപടികളിലേക്ക് നയിക്കുമെന്നും ബെഞ്ച് മുന്നറിയിപ്പ് നൽകി.

പൊളിക്കൽ നടപടി മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തിയാൽ, പൊളിച്ച വസ്‌തുക്കൾ തിരികെ നൽകുന്നതിന് ഉത്തരവാദികളായിരിക്കുമെന്ന് ഉദ്യോഗസ്ഥരോട് പറയണമെന്നും കോടതി പറഞ്ഞു. ഇതിനുള്ള ചെലവ് ഉദ്യോഗസ്ഥരുടെ ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും കോടതി പറഞ്ഞു.

Asianet News Live

Latest Videos
Follow Us:
Download App:
  • android
  • ios