ഹൈഡ്രജൻ ഇന്ധന വാഹനനിർമാണത്തിന് കേന്ദ്രാനുമതി; അന്തിമ ഉത്തരവ് ഉടന്‍
ഹൈഡ്രജൻ ഫ്യൂവൽസെൽ വാഹനങ്ങളിൽ പെട്രോൾ, ഡീസൽ വാഹനങ്ങളിലേതുപോലെ മിനിറ്റുകൾക്കുള്ളിൽ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കാൻ കഴിയും.
തിരുവനന്തപുരം: ഹൈഡ്രജൻ ഇന്ധനമായ വാഹനങ്ങളുടെ നിർമാണത്തിന് കേന്ദ്രസർക്കാർ അനുമതിനൽകി. ഹ്രൈഡജൻ ഫ്യൂവൽ സെൽ വാഹനങ്ങളുടെ നിർമാണത്തിനുള്ള കരട് രൂപരേഖയാണ് കേന്ദ്ര ഉപരിതലമന്ത്രാലയം ഇറക്കിയത്. ജൂലായ് അവസാനത്തോടെ അന്തിമ ഉത്തരവിറങ്ങും.
ബാറ്ററി ചാർജ് ചെയ്യാൻ നാലും അഞ്ചും മണിക്കൂർ വേണ്ടിവരുന്നതാണ് വൈദ്യുതിവാഹനങ്ങളുടെ പ്രധാന പോരായ്മ. ഹൈഡ്രജൻ ഫ്യൂവൽസെൽ വാഹനങ്ങളിൽ പെട്രോൾ, ഡീസൽ വാഹനങ്ങളിലേതുപോലെ മിനിറ്റുകൾക്കുള്ളിൽ ടാങ്കിലേക്ക് ഇന്ധനം നിറയ്ക്കാൻ കഴിയും. പെട്രോൾ ബങ്കുകളുടെ മാതൃകയിൽ ഹൈഡ്രജൻ റീ ഫില്ലിങ് സെന്ററുകൾ സജ്ജീകരിക്കാം. വൈദ്യുതിവാഹനങ്ങളെക്കാൾ ഇന്ധനക്ഷമത കൂടുതലാണ്. പരിസ്ഥിതിമലനീകരണം ഉണ്ടാവില്ല. ചെലവ് കൂടുതലാണെന്നതാണ് പോരായ്മ.
ഇലക്‌ട്രോ കെമിക്കൽ എൻജിനുകളാണ് ഹൈഡ്രജൻ ഫ്യൂവൽസെൽ വാഹനങ്ങളിൽ ഉപയോഗിക്കുന്നത്. ഓക്സിജനുമായി ചേർത്ത് ഹൈഡ്രജനെ ഇലക്‌ട്രോ കെമിക്കൽ സെല്ലിലേക്ക് കടത്തിവിട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഹൈഡ്രജനും ഓക്സിജനും ചേരുമ്പോൾ ഉണ്ടാകുന്ന ഇലക്‌ട്രോൺ പ്രവാഹമാണ് വൈദ്യുതിയായി മാറുന്നത്.