കൊച്ചി മെട്രോയ്ക്ക് ഇനി സ്വന്തം ഫോര്‍ സ്റ്റാര്‍ ഹോട്ടലും!
എറണാകുളം സൗത്തിലെ മെട്രോ സ്റ്റേഷനടുത്ത് എട്ടു നിലകളില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ സൗകര്യം ഒരുക്കാന്‍ കൊച്ചി മെട്രോ പദ്ധതി
കൊച്ചി: കൊച്ചിയില്‍ എത്തുന്ന സഞ്ചാരികള്‍ക്കും യാത്രികര്‍ക്കുമൊരു സന്തോഷവാര്‍ത്ത. കൊച്ചി മെട്രോ നിങ്ങള്‍ക്കായി താമസസൗകര്യം ഒരുക്കുന്നു. എറണാകുളം സൗത്തിലെ മെട്രോ സ്റ്റേഷനടുത്ത് എട്ടു നിലകളില്‍ ഫോര്‍ സ്റ്റാര്‍ ഹോട്ടല്‍ സൗകര്യം ഒരുക്കാനാണ് കൊച്ചി മെട്രോ പദ്ധതിയിടുന്നത്. ടിക്കറ്റിതര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളുടെ ഭാഗമായാണ് ഇത്.
വിദേശ രാജ്യങ്ങളില്‍ മെട്രോ സൗകര്യത്തിന്‍റെ ഭാഗമായുള്ള ഹോട്ടല്‍ പദ്ധതികളുടെ പാത പിന്തുടര്‍ന്നാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആര്‍.എല്‍) പുതിയ പദ്ധതി ആവിഷ്കരിച്ചത്. മെട്രോയുടെ സ്ഥലത്താവും ഹോട്ടല്‍ നിര്‍മ്മിക്കുകയെങ്കിലും കെ.എം.ആര്‍.എല്‍ ആയിരിക്കില്ല ഇത് നടത്തുന്നത്. എട്ടു നിലകളിലായി അര ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിക്കുന്ന ഹോട്ടലിന്‍റെ നടത്തിപ്പ് ചുമതലക്കാരനെ തീരുമാനിക്കുന്നത് ടെന്‍ഡറിലൂടെ ആയിരിക്കും.
ഹോട്ടല്‍ 35 വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കാനാണ് ഇപ്പോള്‍ ആലോചന. പാട്ടത്തുക ഉള്‍പ്പെടെയുള്ള വരുമാനം കെഎംആര്‍എല്ലിനു ലഭിക്കും. ഹോട്ടല്‍ മേഖലയില്‍ മികവു തെളിയിച്ചവര്‍ക്കായിരിക്കും അവസരം നല്‍കുക. ഹോട്ടലിന്‍റെ നടത്തിപ്പ് ചുമതല ലഭിക്കുന്നവര്‍ക്ക് സ്വന്തം താല്പര്യം അനുസരിച്ചു ഈ സൗകര്യം വികസിപ്പിക്കാനും അനുമതി ഉണ്ടാകും. എന്നാല്‍ പാര്‍ക്കിംഗ്, താമസം, ഭക്ഷണം എന്നീ കാര്യങ്ങളില്‍ കെഎംആര്‍എല്‍ മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്കനുസരിച്ചായിരിക്കണം ഇതെന്ന് മാത്രം. 150 കാറുകളെങ്കിലും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കണം എന്നാണ് മെട്രോ നിര്‍ദ്ദേശിക്കുന്നത്.
താമസത്തിനും ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങള്‍ കൂടാതെ കോണ്‍ഫറന്‍സ് ഹാള്‍, സ്വിമ്മിംഗ് പൂള്‍, സ്പാ, ജിംനേഷ്യം, വില്‍പനശാലകള്‍ എന്നിവക്കുള്ള സൗകര്യം കൂടി ഹോട്ടലില്‍ ഒരുക്കാനാണ് കെഎംആര്‍എല്‍ ഉദ്ദേശിക്കുന്നത്.