'ദില്ലി വൃത്തികെട്ടതും അപകടം നിറഞ്ഞതുമായ നഗരം, എങ്കിലും, ഞാനിവിടം ഇഷ്ടപ്പെടുന്നു'; വിദേശ വ്ലോഗറുടെ വീഡിയോ വൈറൽ
വൃത്തികെട്ടതും മോശവുമാണെങ്കിലും ദില്ലിയെ ഇഷ്ടപ്പെടുന്നുവെന്ന് പറയുന്ന സീന്‍, 'കേരളം വേറെ ലെവലാ'ണെന്നാണ് ഒരു വീഡിയോയില്‍ അഭിപ്രായപ്പെട്ടത്.
ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും പുരാതനകാലത്ത് തന്നെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്ക് നിരവധി പേര്‍ വന്ന് പോയിട്ടുണ്ട്. ആദ്യകാലങ്ങളിൽ അത് അറിവും സുഗന്ധവ്യജ്ഞനങ്ങളും തേടിയാണെങ്കില്‍ പില്‍ക്കാലത്ത് സാംസ്കാരിക വൈവിധ്യങ്ങള്‍ തേടിയായിരുന്നു. ഇന്നും ലോകമെമ്പാട് നിന്നുമുള്ള സഞ്ചാരികള്‍ ഇന്ത്യയെന്ന ദേശം തേടിയെത്തുന്നു. അടുത്തിടെ ദില്ലിയിലെത്തിയ ഒരു സഞ്ചാരിയും വ്ലോഗറുമായ സീൻ ഹാമണ്ട് തന്‍റെ ദില്ലി അനുഭവങ്ങളെ കോര്‍ത്തിണക്കി ചെയ്ത വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടി.
'ദില്ലി വളരെ മോശവും അപകടകരവുമായ നഗരം' എന്ന് പറഞ്ഞ് കൊണ്ടാണ് സീൻ ഹാമണ്ട് തന്‍റെ ഇന്‍സ്റ്റാഗ്രാം വീഡിയോ തുടങ്ങുന്നത്. ദില്ലിയിലേക്ക് വരാന്‍ തീരുമാനിച്ചപ്പോള്‍ സുഹൃത്തുക്കളും ചില ഇന്ത്യക്കാരും തന്നെ നിരുത്സാഹപ്പെടുത്തിയെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ദില്ലിയിലെ തെരുവുകള്‍ ഊര്‍ജ്ജസ്വലവും വർണ്ണാഭവുമാണെന്ന് സീന്‍ ചില തെരുവ് ദൃശ്യങ്ങളിലൂടെ വ്യക്തമാക്കുന്നു. പിന്നാലെ ദില്ലിയിലെ ഭക്ഷണത്തെ അദ്ദേഹം പ്രശംസിക്കുന്നു. ഇന്ത്യയിലേക്ക് എത്തിയപ്പോള്‍ ഒന്നും പ്രതീക്ഷിക്കാതെ തന്നെ സ്വീകരിച്ച നിരവധി പേരുണ്ടെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം ഇന്ത്യക്കാരുടെ ആതിഥ്യ മര്യാദയെ പുകഴ്ത്തുന്നു. ഒപ്പം ഇന്ത്യന്‍ വാസ്തുവിദ്യയ്ക്ക് തെളിവായി ലോട്ടസ് ക്ഷേത്രവും ഹുമയൂണിന്‍റെ ശവകുടീരവും അക്ഷർധാം ക്ഷേത്രവും അദ്ദേഹം കാണിക്കുന്നു. അക്ഷര്‍ധാം പോലൊരു നിര്‍മ്മാണം താന്‍ ജീവിതത്തില്‍ കണ്ടെട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
"ഞാൻ ഇന്ത്യയിൽ ഏറ്റവും കൂടുതൽ സന്ദർശിച്ച സ്ഥലവും ദില്ലിയാണ്. സത്യസന്ധമായി എനിക്ക് ഏറ്റവും സൗകര്യപ്രദമായി തോന്നുന്ന സ്ഥലം. (ഒരുപക്ഷേ ഞാൻ നിരവധി തവണ ഇവിടെ വന്നതിനാലാകാം, പക്ഷേ ആളുകൾ സങ്കൽപ്പിക്കുന്നതിനേക്കാൾ നാവിഗേറ്റ് ചെയ്യാൻ വളരെ എളുപ്പമായിരിക്കാം)." സീന്‍ തന്‍റെ വീഡിയോയില്‍ പറയുന്നു. ദില്ലിയിലെ വായു മലിനീകരണം ചൂണ്ടിക്കാണിച്ച അദ്ദേഹം "മലിനീകരണം കൂടുതലാണെന്നത് ശരിയാണ്, അത് അൽപ്പം പ്രശ്നമാണ്. എന്നാൽ ഒരിടവും എല്ലാം തികഞ്ഞതല്ല, സത്യം പറഞ്ഞാൽ ഞാൻ പ്രശ്നങ്ങള്‍ ഇഷ്ടപ്പെടുന്നു, അവിടെയാണ് ഞാൻ അഭിവൃദ്ധി പ്രാപിക്കുന്നത്!" സീന്‍ വീഡിയോയില്‍ തന്‍റെ നയം വ്യക്തമാക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും അദ്ദേഹം തന്‍റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചു. ഇതില്‍ കേരളത്തില്‍ നിന്നുള്ള വീഡിയോയുമുണ്ട്. അഞ്ച് ദിവസം മുമ്പാണ് സീന്‍ കേരളത്തെ കുറിച്ചുള്ള വീഡിയോ പങ്കുവച്ചത്. ഇടുക്കിയിലെ വിശാലമായ തെയിലത്തോട്ടങ്ങളില്‍ നിന്നുള്ള വീഡിയോ പങ്കുവച്ച് കൊണ്ട് സീന്‍ ഇങ്ങനെ എഴുതി, 'ഇന്തോനേഷ്യയിലെ നെൽവയലുകൾ കാണുന്നത് എല്ലായ്പ്പോഴും അതിശയകരമായ അനുഭവമാണ്, പക്ഷേ, നിങ്ങൾ കേരളത്തിലേക്ക് വരുന്നു, ഞാൻ കണ്ട മറ്റൊന്നുമായും താരതമ്യപ്പെടുത്താൻ പോലും കഴിയാത്തത്ര വലിയ തോതിലാണ് ഇത്. തേയിലത്തോട്ടങ്ങളാൽ മൂടപ്പെട്ട പർവതങ്ങള്‍. ഇത് മറ്റേതൊരു കാഴ്ചയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കാഴ്ചയാണ്. ഇത് മനോഹരമാണെന്ന് സത്യസന്ധമായി പറഞ്ഞാൽ മാത്രം പോരാ, ഈ സ്ഥലത്തിന്‍റെ മഹത്വം വിവരിക്കാൻ വാക്കുകൾക്ക് കഴിയില്ല.' സീന്‍ ഹാമണ്ട് തന്‍റെ വീഡിയോയ്ക്ക് ഒപ്പം കുറിച്ചു.