ഒന്നും കാണാൻ പറ്റുന്നില്ല, ആകാശമാകെ ചാരപ്പുക! ഇങ്ങോട്ടുള്ള വിമാനങ്ങൾ റദ്ദാക്കി ഇൻഡിഗോയും എയർ ഇന്ത്യയും
ഇന്തോനേഷ്യൻ ദ്വീപിൽ അഗ്നിപർവത സ്‌ഫോടനത്തിൽ നിന്നുള്ള ചാരമേഘങ്ങൾ കാരണമാണ് ഇൻഡിഗോയും എയർ ഇന്ത്യയും ബുധനാഴ്ച ബാലിയിലേക്കുള്ള തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയത്.
ബാലിയിലേക്കുള്ള വിമാന സർവ്വീസുകൾ റദ്ദാക്കി ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ. ഇന്ത്യ, മലേഷ്യ, സിംഗപ്പൂർ, ഹോങ്കോംഗ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ നിരവധി പ്രമുഖ വിമാനക്കമ്പനികൾ ബാലിയിലേക്കുള്ള തങ്ങളുടെ വിമാന സവ്വീസുകൾ റദ്ദാക്കി. ഫ്‌ളോറസ് ദ്വീപിലെ ശക്തമായ അഗ്നിപർവ്വത സ്‌ഫോടനം കാരണമാണ് ഈ നടപടി. മൗണ്ട് ലെവോടോബി ലാക്കി-ലാക്കി അഗ്നിപർവ്വതമാണ് കഴിഞ്ഞ ദിവസം പൊട്ടിത്തെറിച്ചത്. ഒമ്പത് കിലോമീറ്റർ ഉയരത്തിലായിരുന്നു സ്‍ഫോടനം. ഇത് വ്യോമയാന സുരക്ഷയ്ക്ക് കാര്യമായ അപകടമുണ്ടാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇന്തോനേഷ്യൻ ദ്വീപിൽ അഗ്നിപർവത സ്‌ഫോടനത്തിൽ നിന്നുള്ള ചാരമേഘങ്ങൾ കാരണമാണ് ഇൻഡിഗോയും എയർ ഇന്ത്യയും ബുധനാഴ്ച ബാലിയിലേക്കുള്ള തങ്ങളുടെ വിമാനങ്ങൾ റദ്ദാക്കിയത്. ഇൻഡിഗോയും എയർ ഇന്ത്യയും മാത്രമല്ല മുൻകരുതലിൻ്റെ ഭാഗമായി മറ്റ് നിരവധി വിമാനക്കമ്പനികൾ ബാലിയിലേക്കുള്ള തങ്ങളുടെ സർവീസുകൾ നിർത്തിവച്ചു. ഇൻഡിഗോയും എയർ ഇന്ത്യയും യഥാക്രമം ബെംഗളൂരു, ദില്ലി എന്നിവിടങ്ങളിൽ നിന്ന് ബാലിയിലേക്ക് പ്രതിദിന വിമാന സർവീസുകൾ നടത്തുന്നു.
അഗ്നിപർവ്വത സ്ഫോടനത്തിൽ നിന്നുള്ള ചാരം ജെറ്റ് എഞ്ചിനുകൾക്ക് കേടുപാടുകൾ വരുത്തുകയും വിൻഡ്സ്ക്രീൻ മറയ്ക്കുന്നതിലൂടെ ദൃശ്യപരത നശിപ്പിക്കുകയും ചെയ്യും. ഇത് എല്ലാ വിമാനങ്ങൾക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്നു. അതുകൊണ്ടുതന്നെ സുരക്ഷയ്ക്കും മുൻകരുതലിനുമായി ഏഷ്യയിലെയും ഓസ്‌ട്രേലിയയിലെയും പല എയർലൈനുകളും ബാലിയിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കി. പടിഞ്ഞാറൻ നുസ തെങ്കാര പ്രവിശ്യയിലെ ലോംബോക്ക് ദ്വീപിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയവയിൽ ഉൾപ്പെടും.
ബാലി, ലോംബോക്ക്, ലാബുവാൻ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളെ റദ്ദാക്കൽ ബാധിക്കുമെന്ന് എയർ ഏഷ്യ സോഷ്യൽ മീഡിയ വഴി യാത്രക്കാരെ അറിയിച്ചു. 2024 നവംബർ 13-ന് ക്വാലാലംപൂരിലേക്കും ബാലിയിലേക്കുമുള്ള ആറ് വിമാനങ്ങൾ - MH715, MH714, MH851, MH850, MH853, MH852 എന്നിവ റദ്ദാക്കിയതായി മലേഷ്യൻ എയർലൈൻസ് വെബ്‌സൈറ്റിൽ വ്യക്തമാക്കി.
അഗ്നിപർവ്വത സ്‌ഫോടനം കാരണം സിംഗപ്പൂർ എയർലൈൻസും അവരുടെ ചെലവുകുറഞ്ഞ വിമാനക്കമ്പനിയായ സ്‌കൂട്ടും ബാലിയിലേക്കും ലോംബോക്കിലേക്കും പോകുന്ന വിമാനങ്ങൾ നിർത്തിവച്ചു. ഹോങ്കോങ്ങിലെ കാഥേ പസഫിക് വ്യാഴാഴ്ച വരെയുള്ള വിമാനങ്ങളുടെ ഷെഡ്യൂൾ പുനഃക്രമീകരിച്ചു. ഓസ്‌ട്രേലിയയിലെ ജെറ്റ്‌സ്റ്റാർ, വിർജിൻ ഓസ്‌ട്രേലിയ, ക്വാണ്ടാസ് തുടങ്ങിയ വിമാനക്കമ്പനികളും വിമാനങ്ങൾ നിർത്തി.
ആഹാ അടിപൊളി! ടൂറും പോകാം, ജോലിയും ചെയ്യാം! വേറിട്ടൊരു വിസയുമായി ഈ രാജ്യം!
അതേസമയം നിരവധി ആഭ്യന്തര, അന്തർദേശീയ ഫ്ലൈറ്റുകളെ ബാധിച്ചെങ്കിലും, ഡെൻപസർ ഇൻ്റർനാഷണൽ എയർപോർട്ട് എന്നും ഐ ഗുസ്‍തി എൻഗുറാ റായ് ഇൻ്റർനാഷണൽ എയർപോർട്ട് എന്നും അറിയപ്പെടുന്ന ബാലി അന്താരാഷ്ട്ര വിമാനത്താവളം തുറന്ന് പ്രവർത്തിക്കുകയും സാധാരണ പ്രവർത്തനം തുടരുകയും ചെയ്യുന്നതായാണ് റിപ്പോട്ടുകൾ.