Asianet News MalayalamAsianet News Malayalam

മണിയറ, മാറിടം, മാന്തുക..! കേട്ടിട്ടുണ്ടോ ഈ സ്ഥലപ്പേരുകള്‍?!

  • കൗതുകമുള്ള ചില സ്ഥലനാമങ്ങള്‍
Different names of places in world

ഒരുപക്ഷേ ചില സഞ്ചാരികളെങ്കിലും കേട്ടിട്ടുണ്ടാകും പേരിലെ പ്രത്യേകത കൊണ്ട് അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞ വെയില്‍സിലുള്ള ഒരു കൊച്ചുഗ്രാമത്തെക്കുറിച്ച്. ഒരുവാക്കില്‍ 58 അക്ഷരങ്ങളുള്ള ലോകത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പേരിനുടമയാണ് ഈ ഗ്രാമം. ഇവിടുത്തെ കാലാവസ്ഥാ റിപ്പോർട്ട് പറയാൻ ശ്രമിച്ച ബ്രിട്ടീഷ്  ന്യൂസ് ചാനലിലെ അവതാരകരെല്ലാം പേരു പറയനാവാതെ നക്ഷത്രമെണ്ണിയതോടെയാണ് ഈ ഗ്രാമം കൗതുക വാര്‍ത്തകളില്‍ ഇടം നേടുന്നത്.

ഇങ്ങനെ കൗതുകകരമായ പേരുകളുള്ള നിരവധി സ്ഥലങ്ങളുണ്ട്. ഈ സ്ഥലപ്പേരുകളൊന്നും പരിഹസിക്കാനുള്ളതല്ല എന്ന് ഓര്‍മ്മപ്പെടുത്തുമ്പോഴും ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കുമ്പോഴുമൊക്കെ ചില സ്ഥലപ്പേരുകള്‍ മറ്റുള്ളവര്‍ക്ക് വിചിത്രമായി തോന്നുക സ്വാഭാവികം മാത്രമാണ്. പക്ഷേ ഓരോ സ്ഥലപ്പേരിനു പിന്നിലും അതിന്‍റേതായ ചരിത്രവും ഭാഷാപരമായ പ്രത്യകതകളുമുണ്ടാകും. ഓരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും മതപരവും രാഷ്ട്രീയവും സാംസ്കാരികവുമായി പശ്ചാത്തലങ്ങളുമൊക്കെയാണ് ഇത്തരം പേരുകളുടെ പിറവിക്ക് പിന്നില്‍. അതാതു ദേശത്തെ ഭൂരിഭാഗം ദേശവാസികളും ആ പേരുകളില്‍ ഏറെ അഭിമാനിക്കുന്നുമുണ്ടാകും. ഇതാ അത്തരം കൗതുകമുള്ള ചില സ്ഥലനാമങ്ങള്‍ പരിചയപ്പെടാം


മണിയറ
ദമ്പതികളുടെ ശയനമുറിയാവും ഈ പേരിനൊപ്പം പലരുടെയും മനസിലേക്ക് ഓടിയെത്തുക. എന്നാല്‍ ഈ മണിയറ കണ്ണൂര്‍ ജില്ലയില്‍ പയ്യന്നൂര്‍ നഗരസഭാ പ്രദേശത്ത് ഉള്‍പ്പെടുന്ന ഒരു മനോഹരമായ ഗ്രാമമാണ്. ചെങ്കല്‍ക്കുന്നുകളും വയലുകളുമൊക്കെ നിറഞ്ഞ ഈ ഗ്രാമത്തിലൂടെയാണ് പാട്ടുകളിലൂടെ പേരു കേട്ട വണ്ണാത്തിപ്പുഴ ഒഴുകുന്നത്.

Different names of places in world

മാറിടം
പേടിക്കേണ്ട, ആരുടെയും നെഞ്ചത്തു കയറുന്ന കാര്യമല്ല കേട്ടോ. കോട്ടയം ജില്ലയിലാണ് ഈ സ്ഥലം. പാലാക്ക് സമീപം കടപ്ലാമറ്റം പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം വിശാലമായ പാടശേഖരങ്ങളൊക്കെ നിറഞ്ഞ മനോഹരമായ ഗ്രാമമാണ്. മാറിടം പാടശേഖരം നികത്തുന്നതുമായി ബന്ധപ്പെട്ട വിവാദ ങ്ങള്‍ അടുത്തകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

മാന്തുക
ചൊറിയുമ്പോഴും ദേഷ്യം വരുമ്പോഴുമുള്ള ആ മാന്തലേ അല്ല ഇത്. പത്തനതിട്ട ജില്ലയില്‍ പന്തളത്തിന് സമീപമുള്ള സ്ഥലനാമമാണ്. എം സി റോഡില്‍ കുളനടക്കും ചെങ്ങന്നൂരിനുമിടയില്‍ ഒരു യാത്ര പോയാല്‍ മാന്തുക കാണാം.

Different names of places in world

കോഴ
മൂവാറ്റുപുഴ-കോട്ടയം റൂട്ടില്‍ കുറവിലങ്ങാടിനടുത്താണ് കോഴ. കുപ്രസിദ്ധമായ ബാര്‍ കോഴ വാര്‍ത്തകളുടെ കാലത്ത് പാലയില്‍ നിന്നും കോഴയിലേക്കുള്ള വഴികാണിച്ചു കൊണ്ടുള്ള ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു.

Different names of places in world

പട്ടിക്കാട്
മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ നിലമ്പൂര്‍ റോഡിലാണ് പട്ടിക്കാട്.

Different names of places in world

സ്വര്‍ഗം
നമ്മളിതു വരെ കണ്ടിട്ടില്ലെങ്കിലും ഏറെ കേട്ടിട്ടുള്ള ആ സ്വര്‍ഗ്ഗം ഇതല്ല കേട്ടോ. ഈ പേരില്‍ രണ്ടു സ്ഥലങ്ങളുണ്ട് കേരളത്തില്‍. ഒരെണ്ണം എറണാകുളത്തും മറ്റൊരെണ്ണം കാസര്‍കോടും.  എറണാകുളം ജില്ലയിലെ ചെങ്ങമനാട് പഞ്ചായത്തിലെ സ്വര്‍ഗത്തിലെത്താന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും ഓട്ടോ പിടിച്ചാല്‍ മതി. ഇനി കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരത്തിനടുത്ത സ്വര്‍ഗെ എന്ന ഗ്രാമത്തെക്കുറിച്ച്. ഓര്‍ക്കുക, ഈ ഗ്രാമം ഇന്ന് നമ്മുടെ ഓര്‍മ്മകളിലെത്തുക എന്‍ഡോസള്‍ഫാന്‍ ദുരന്തം വിതച്ച ഭീതിതമായ ചിത്രങ്ങള്‍ക്കൊപ്പമാണ്.

Different names of places in world

ദേവലോകം
ദേവലോകം എന്ന പേരിലും കേരളത്തില്‍ രണ്ട് ദേശങ്ങളുണ്ട്. ഒരെണ്ണം കാസര്‍കോടും മറ്റൊരെണ്ണം കോട്ടയത്തും. കാസര്‍കോട് ബദിയടുക്കയ്ക്കടുത്ത ദേവലോകം ക്രൂരമായ ഒരു കൊലപാതകത്തിന്‍റെ പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കോട്ടയം ജില്ലയിലെ ദേവലോകത്താണ് മലങ്കര ഓര്‍ത്തഡോക്സ് സഭാ ആസ്ഥാനം.

Different names of places in world

പാതാളം
എറണാകുളത്ത് എലൂരിനു സമീപമാണ് പാതാളം. കളമശ്ശേരി ബസിലും ഇടപ്പള്ളി-മുട്ടാര്‍-മഞ്ഞുമ്മല്‍ വഴിയും പാതാളത്ത് എത്താം. അതുപോലെ വയനാട്ടില്‍ ബ്രഹ്മഗിരി മലനിരകളിലെ പക്ഷിപ്പാതാളവും പ്രസിദ്ധമാണ്.

Different names of places in world

സൗദിപ്പടി
മലപ്പുറം മഞ്ചേരി റൂട്ടിലെ സ്ഥലം. ഒരുകാലത്ത് ഈ പ്രദേശത്ത് നിന്നും നിരവധിയാളുകള്‍ സൗദിയില്‍ ജോലി തേടി പോയിരുന്നു. അങ്ങനെയാണ് ഈ ദേശത്തിന് സൗദിപ്പടി എന്ന പേരു വന്നത്.

പിരാന്തന്‍ കാവ്
മലപ്പുറത്ത് ചട്ടിപ്പറമ്പിന് സമീപമാണ് ഈ സ്ഥലം. പ്രദേശത്തെ ക്ഷേത്രവുമായി ബന്ധപ്പെട്ടാവണം ഈ പേരുണ്ടായതെന്നാണ് കരുതുന്നത്.

നരകപ്പടി
കോട്ടയം ജില്ലയില്‍ കാഞ്ഞിരപ്പള്ളിക്ക് അടുത്താണ് നരകപ്പടി.

കടന്നാക്കുടുങ്ങി
മലപ്പുറം കോട്ടപ്പടി - തിരൂര്‍ റോഡിലാണ് കടന്നാക്കുടുങ്ങി. വീതി കുറഞ്ഞ ഈ റോഡില്‍ രണ്ടു ഓട്ടോറിക്ഷകള്‍ നേര്‍ക്കു നേര്‍ വന്നാല്‍ കുടുങ്ങും. അതിനാലാണ് ഈ പേരു വന്നത്. മലപ്പുറം ഉപതെരെഞ്ഞെടുപ്പു കാലത്താണ് ഈ പേര് പ്രസിദ്ധമാകുന്നത്.

Different names of places in world

മച്ചി
കണ്ണൂര്‍ ജില്ലയിലെ ചെറുപുഴ പഞ്ചായത്തിലാണ് 'മച്ചി' എന്നും 'മച്ചിയില്‍' എന്നും അറിയപ്പെടുന്ന സ്ഥലം. പയ്യന്നൂരു നിന്നും ചെറുപുഴയ്ക്ക് പോകുന്ന ബസില്‍ പാടിയോട്ടുചാല്‍ കഴിഞ്ഞാല്‍ മച്ചി എത്തും.

കുണ്ട്യം
കാസര്‍കോട് ജില്ലയിലെ കാക്കടവിനടുത്തുള്ള ഈ ചെറുഗ്രാമം.

ഇനി മലയാള ഉച്ചാരണത്തിലെ അര്‍ത്ഥഭേദം നിമിത്തം സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ തീര്‍ത്ത ചില സ്ഥലങ്ങളുണ്ട്. ആ ദേശവാസികളോട് ക്ഷമ ചോദിച്ച് കൊണ്ട് അവയെക്കൂടി പരിചയപ്പെടാം.

അമ്മായിയപ്പന്‍
തമിഴ്നാട്ടിലെ തിരുവാരൂര്‍ ജില്ലയില്‍ കുടവാസല്‍ താലൂക്കിലാണ് അമ്മായിയപ്പന്‍ എന്ന സ്ഥലം. സിണ്ടിക്കേറ്റ് ബാങ്കും സ്കൂളും പോളിടെക്നിക്കുമൊക്കെയുള്ള ഈ സ്ഥളം പക്ഷേ മലയാളിയെ ഓര്‍മ്മിപ്പിക്കുന്നത് ഭാര്യാപിതാവിനെയായിരിക്കും.

Different names of places in world

വെല്ലമടി
വെല്ലമടി (VELLAMADI) എന്ന തമിഴ് ദേശത്തെ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ 'വെള്ളമടി' എന്നാക്കി മാറ്റി. കന്യാകുമാരിക്ക് സമീപം അഗസ്തീശ്വരത്താണ് ഈ സ്ഥലം.

Different names of places in world

മറന്നോഡൈ
തമിഴനാട്ടിലെ വില്ലുപുരത്തിനു സമീപം തിരുനാവല്ലൂരില്‍. ഉച്ചാരണത്തിലെ പ്രത്യേകത മൂലം ഈ സ്ഥലവും മലയാളികളുടെ ട്രോള്‍ പട്ടികയില്‍ ഇടംപിടിച്ചു. "മറന്നില്ല‍ഡൈ" എന്നാണ് ഇവിടെപ്പോയ മലയാളികളുടെ സ്നേഹപൂര്‍വ്വമുള്ള മറുപടി.

Different names of places in world

അരാടാ
ആരെടാ എന്നു ചോദിച്ചാല്‍ ഞാനാടാ എന്നു പറയുന്നതാണ് മലയാളിയുടെ ശീലം. അപ്പോള്‍ പിന്നെ അങ്ങനൊരു സ്ഥലപ്പേരു കൂടി ഉണ്ടെങ്കില്‍ മലയാളി ട്രോളര്‍മാര്‍ക്ക് ചാകര തന്നെയെന്ന് ഉറപ്പ്. 'അരാടാ' (ARADA) എന്ന സ്ഥലത്തിനാണ് ഈ വിധി. ഈ പേരില്‍ കിഴക്കന്‍ ചാഡ്‌, എത്യോപ്യ, ഹോണ്ടുറാസ് എന്നിങ്ങനെ  പല രാജ്യങ്ങളിലും സ്ഥലങ്ങളുണ്ട്.  റൊമാനിയയില്‍ അരാടാ എന്ന നദിയുമുണ്ട്. ട്രോളര്‍മാര്‍ ആരാടാ എന്നാക്കി ഈ സ്ഥലത്തിനെ.

Different names of places in world

പന്നപട്ടി
തമിഴ്നാട്ടിലെ സേലത്ത് കടിയാംപട്ടിയിലെ ഈ സ്ഥലം ഓമല്ലൂര്‍ നിയോജക മണ്ഡലത്തിലാണ്.

Different names of places in world

കൈകട്ടി
മലയാളി ട്രോളന്മാര്‍ കൈകാട്ടി എന്ന് പറയുന്ന കൈകട്ടി (KAIKATTY)യും തമിഴ്നാട്ടിലാണ്. തിരുച്ചിറപ്പള്ളിയിലെ ഈ ചെറുഗ്രാമം ശിവഗംഗ ജില്ലയുടെ അതിര്‍ത്തിയുമാണ്.

Different names of places in world

മോസ്കോ, അമേരിക്കന്‍ സിറ്റി, വത്തിക്കാന്‍ സിറ്റി, പാകിസ്ഥാന്‍ കവല, ഫ്രഞ്ചുമുക്ക്, ആലോചനാമുക്ക്, പൂവാലന്‍ കൈ അങ്ങനെ കേരളത്തിലെ തന്നെ കൗതുകം നിറഞ്ഞ സ്ഥലനാമങ്ങളുടെ പട്ടിക നീളുന്നു. ഇങ്ങനെ കൗതുകം ജനിപ്പിക്കുന്ന സ്ഥലപ്പേരുകള്‍ ഇനിയും ഒരുപാടുണ്ടാകും. തല്‍ക്കാലം ഇത്രയും മതി. ഇനി ആദ്യം പറഞ്ഞ വെയില്‍സിലെ ആ ഗ്രാമത്തിന്‍റെ നീളമുള്ള പേരറിയേണ്ടേ? ഇതാ ഈ ചിത്രത്തിലുണ്ട്. സഞ്ചാരികള്‍ വായിക്കാന്‍ കഴിയുമോ എന്നു ശ്രമിച്ചു നോക്കൂ.

Different names of places in world

 

Image and info courtesy: Anavandi, tourismnewslive.com,google

Latest Videos
Follow Us:
Download App:
  • android
  • ios