ആരുടെ ഭാഗത്താണ് ന്യായം, എന്താണ് റോബിൻ ബസിന്റെ യഥാർത്ഥ പ്രശ്നം? പരിശോധിക്കാം...
നമ്മുടെ നാട്ടിൽ രണ്ട് തരത്തിൽ വാഹനങ്ങൾ ഓടുന്നുണ്ട്. ഒന്ന് കോണ്ട്രാക്റ്റ് കാരിയേജ്. മറ്റൊന്ന് സ്റ്റെയ്ജ് കാരിയേജ്. മുൻകൂർ വാടകയ്ക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്ന തരം വാഹനങ്ങളാണ് കോണ്ട്രാക്റ്റ് കാരിയേജുകൾ.
റോബിൻ ബസ്സും നാട്ടുകാരും ഒരു ഭാഗത്ത്. കേരള-തമിഴ്നാട് മോട്ടോർ വാഹന വകുപ്പുകളും കെഎസ്ആർടിസിയും മറുവശത്ത്. വണ്ടി തടഞ്ഞും പരിശോധിച്ചും പിഴയീടാക്കിയും യുദ്ധമിങ്ങനെ മുറുകി വരികയാണ്. എന്താണ് ഈ തർക്കത്തിലെ വാസ്തവം. ന്യായം ആരുടെ ഭാഗത്താണ്? നീതി നിഷേധിക്കപ്പെടുന്നത് ആർക്കാണ്? ഈ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരമൊന്ന് പരിശോധിക്കാം...
നമ്മുടെ നാട്ടിൽ രണ്ട് തരത്തിൽ വാഹനങ്ങൾ ഓടുന്നുണ്ട്. ഒന്ന് കോണ്ട്രാക്റ്റ് കാരിയേജ്. മറ്റൊന്ന് സ്റ്റെയ്ജ് കാരിയേജ്. മുൻകൂർ വാടകയ്ക്ക് കോൺട്രാക്ട് അടിസ്ഥാനത്തിൽ വാടകയ്ക്ക് എടുക്കുന്ന തരം വാഹനങ്ങളാണ് കോണ്ട്രാക്റ്റ് കാരിയേജുകൾ. ഇവ ബോർഡ് വെച്ച് ട്രിപ്പ് നടത്താൻ പാടില്ല. യാത്രയ്ക്കിടയിൽ സ്റ്റാൻഡിൽ കയറുകയോ ഓരോ സ്റ്റോപ്പിൽ നിന്നും യാത്രക്കാരെ കയറ്റി ഇറക്കുകയോ, ടിക്കറ്റുകൊടുത്ത് പണം വാങ്ങുകയോ ചെയ്യാനും അനുവാദമില്ല. എന്നാൽ സ്റ്റെയ്ജ് കാരിയേജുകളിൽ, അതായത് പകലോ രാത്രിയോ എന്നില്ലാതെ, ബോർഡ് വെച്ച്, സ്റ്റോപ്പിൽ നിർത്തി നിർത്തി ആളെ കയറ്റി പോവുന്ന ബസ്സുകൾക്ക്, ഇതൊക്കെ ആകാം. അതേസമയം വിദ്യാർത്ഥികൾക്കും അംഗപരിമിതർക്കും മറ്റുമുള്ള യാത്രാ സൗജന്യങ്ങൾ നൽകാനും ഇവർ ബാധ്യസ്ഥരാണ്.
Also Read: റോബിനെ 'വെട്ടാനെത്തിയ' കെഎസ്ആര്‍ടിസി ബസിന് പെര്‍മിറ്റില്ലേ? വിശദീകരണം
ഒരു സ്റ്റെയ്ജ് കാരിയേജിന് താൽക്കാലികമായി സ്‌പെഷ്യൽ കോണ്ട്രാക്റ്റ് കാരിയേജ് പെർമിറ്റ് ലഭിക്കാൻ മോട്ടോർ വാഹന നിയമത്തിൽ വ്യവസ്ഥയുണ്ട്. എന്നാൽ കോണ്ട്രാക്റ്റ് കാരിയേജുകൾക്ക് താൽക്കാലികമായിപ്പോലും സ്റ്റെയ്ജ് കാരിയേജ് പെർമിറ്റ് നൽകാൻ അനുവാദമില്ല. കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമായിട്ടാണ് ഇതുവരെ ടൂറിസ്റ്റ് ബസ്സുകൾ ഓടിയിരുന്നത്. അപ്പോൾ പല സംസ്ഥാനങ്ങളിലും വെവ്വേറെ നികുതി അടയ്ക്കണമായിരുന്നു. ആ അസൗകര്യം ഒഴിവാക്കാനാണ് 2023 ൽ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടം കൊണ്ടുവന്നത്. അതുപ്രകാരം ഇന്ത്യയിലെ ഏത് സംസ്ഥാനത്തെയും നികുതി അടച്ച് കോണ്ട്രാക്റ്റ് കാരിയേജ് ഓപ്പറേറ്റ് ചെയ്യുന്ന ബസ്സുടമയ്ക്ക്, മൂന്ന് ലക്ഷം രൂപ വർഷം പെർമിറ്റ് ഫീസ് അടച്ചാൽ, ഇന്ത്യയിലെ ഏത് സംസ്ഥാനത്തിലൂടെയും തന്റെ ബസ് ഓടിക്കാം.
ഈ പുതിയ നിയമത്തിലെ ചില വ്യവസ്ഥകൾ പ്രകാരം നിലവിൽ കോൺട്രാക്ട് കാരിയേജ് ആയ തന്റെ ബസ്സിനെ, ബോർഡ് വെച്ച്, സ്റ്റോപ്പിൽ നിർത്തി ആളെ കയറ്റി സ്റ്റെയ്ജ് കാരിയേജ് പോലെ ഓടിക്കാം എന്നാണ് റോബിൻ ബസ് ഉടമ ഗിരീഷ് അവകാശപ്പെടുന്നത്. എന്നാൽ, അങ്ങനെ ഒന്നും തന്നെ പുതിയ നിയമത്തിൽ പറയുന്നില്ലെന്ന്, തുടർച്ചയായി വണ്ടി തടഞ്ഞു പിഴ ഈടാക്കുന്ന മോട്ടോർ വാഹന വകുപ്പും വ്യക്തമാക്കുന്നു. തർക്കം എന്തായാലും ഹൈക്കോടതിയുടെ പരിഗണനയിലാണ്.