കേരളത്തിൽ രണ്ടു പുതിയ ഇ വി സ്റ്റോറുകൾ കൂടി തുറന്ന് ടാറ്റ
കണ്ണൂരിലെ തോട്ടട, തൃശ്ശൂരിലെ കുട്ടനെല്ലൂർ എന്നിവിടങ്ങളിലായി പുതിയ രണ്ട് ഇ വി സ്റ്റോറുകളാണ് കമ്പനി തുറന്നത്. ഇതോടെ കേരളത്തിൽ മാത്രം, ടാറ്റയുടെ പ്രേത്യേക ഇ വി സ്റ്റോറുകളുടെ എണ്ണം നാലായി ഉയർന്നു.
ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കേരളത്തിൽ രണ്ട് ഇലക്ട്രിക്ക് കാർ ഷോറൂമുകൾ തുറന്നു. കണ്ണൂരിലെ തോട്ടട, തൃശ്ശൂരിലെ കുട്ടനെല്ലൂർ എന്നിവിടങ്ങളിലായി പുതിയ രണ്ട് ഇ വി സ്റ്റോറുകളാണ് കമ്പനി തുറന്നത്. ഇതോടെ കേരളത്തിൽ മാത്രം, ടാറ്റയുടെ പ്രേത്യേക ഇ വി സ്റ്റോറുകളുടെ എണ്ണം നാലായി ഉയർന്നു.
5200 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന കണ്ണൂരിലെ ആദ്യത്തെ സ്റ്റോറിൽ, വില്പനക്ക് പുറമെ സർവീസ് , സ്പേർ പാർട്സ് സൗകര്യങ്ങൾക്കായി പത്ത് പ്രത്യേക സർവീസ് വർക്ക് ഷോപ്പ് ബേയും ഒരുക്കിയിട്ടുണ്ട്. ഇലക്ട്രിക്ക് കാർ ഉപഭോക്താക്കൾക്ക് പരമ്പരാഗത വാഹന വിൽപ്പനയ്ക്കപ്പുറം ഉയർന്ന നിലവാരത്തിൽ ഉള്ള റീട്ടെയിൽ അനുഭവം നൽകുന്നവനായി ക്രമീകരിച്ചിരിക്കുകയാണ് ടാറ്റയുടെ എല്ലാ ഇ വി സ്റ്റോറുകളും എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
അതേസമയം ടാറ്റ മോട്ടോഴ്‌സ് ഉടൻ തന്നെ ഇലക്ട്രിക് കാറുകളുടെ വില 30 ശതമാനം വരെ കുറച്ചേക്കും എന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. ഇതിനായി എംജി മോട്ടോർ ഇന്ത്യയുടെ മാതൃകയിൽ 'ബാറ്ററി-ആസ്-എ-സർവീസ്' (ബാസ്) മോഡൽ അവതരിപ്പിക്കാൻ കമ്പനി പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ടുകൾ. ഈ പദ്ധതി അനുസരിച്ച് ബാറ്ററിയുടെ വില ഇലക്ട്രിക് കാറിന്‍റെ വിലയിൽ നിന്ന് ഒഴിവാകും.
വ്യവസായ വിദഗ്ധരുടെ അഭിപ്രായത്തിൽ, ബാറ്ററികൾ പ്രത്യേകം വാടകയ്‌ക്കെടുക്കുന്ന ഈ പദ്ധതി നടപ്പിലാക്കിയാൽ ടാറ്റയുടെ ഇലക്ട്രിക് വാഹനങ്ങളുടെ വില രണ്ടുലക്ഷം മുതൽ 3.5 ലക്ഷം വരെ കുറയും. ഇതോടെ വാഹനത്തിൻ്റെ വിലയും ബാറ്ററിയുടെ വാടകയും മാത്രമേ ഉപഭോക്താക്കൾ നൽകേണ്ടിവരൂ. നിലവിൽ, ടാറ്റ മോട്ടോഴ്‌സിൻ്റെ ഇലക്ട്രിക് ശ്രേണിയിൽ ടിയാഗോ ഇവി, പഞ്ച് ഇവി, നെക്‌സോൺ ഇവി, കർവ് ഇവി എന്നിവ ഉൾപ്പെടുന്നു.
ബാറ്ററി-ആസ്-എ-സർവീസ് മോഡലിലൂടെ വിപണിയിൽ തങ്ങളുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്താൻ കഴിയുമെന്നാണ് ടാറ്റ മോട്ടോഴ്‌സ് പ്രതീക്ഷിക്കുന്നത്. ബാറ്ററികൾ വാടകയ്‌ക്കെടുക്കുന്നതിലൂടെ, ഇലക്ട്രിക് വാഹനങ്ങളുടെ എക്‌സ്-ഷോറൂം വില 25 ശതമാനം മുതൽ 30 ശതമാനം വരെ കുറയും. ഇത് കൂടുതൽ കൂടുതൽ ഉപഭോക്താക്കളെ ഈ വാഹനങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകൾ.
കമ്പനി ഉടൻ തന്നെ ഈ പദ്ധതി അവതരിപ്പിക്കാനുള്ള സാധ്യത ശക്തമാണെന്നാണ് റിപ്പോര്‍ട്ടുകൾ. ടാറ്റയുടെ ഉപഭോക്താക്കൾ ഈ മോഡൽ സ്വീകരിക്കാൻ തയ്യാറാണെന്നും കമ്പനി കരുതുന്നു. കാരണം ഇത് അവർക്ക് ഡ്രൈവ് ചെയ്യാനുള്ള സാമ്പത്തിക ഓപ്ഷൻ നൽകുന്നു. ഇന്ത്യയിലെ ആദ്യത്തെ 'ബാറ്ററി-ആസ്-എ-സർവീസ്' (ബാസ്) സ്‍കീം അവതരിപ്പിച്ചത് ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോർ ഇന്ത്യയാണ്. ഈ പദ്ധതി പ്രകാരം കിലോമീറ്ററിന് 3.50 രൂപ നിരക്കിൽ ബാറ്ററി വാടക നൽകി ഉപഭോക്താക്കൾക്ക് എംജിയുടെ വാഹനങ്ങൾ ഓടിക്കാം. എം ജി കോമറ്റ് ഇവി, എജി വിൻഡ്‍സർ ഇവി, എംജി ഇസെഡ്എസ് ഇവി തുടങ്ങിയ മോഡലുകളിൽ ഈ പദ്ധതി നടപ്പിലാക്കി.
ടാറ്റ ഹാരിയറിനും സഫാരിക്കും പുതിയ സുരക്ഷാ ഫീച്ചറുകളും നിറങ്ങളും
എന്താണ് ബാറ്ററി-ആസ്-എ-സർവീസ് പ്രോഗ്രാം?
ബാറ്ററി-ആസ്-എ-സർവീസ് (BaaS) എന്നത് ബാറ്ററിയുടെ വിലയും വാഹനത്തിൻ്റെ വിലയും വേർതിരിക്കുന്ന ഒരു പദ്ധതിയാണ്. ബാറ്ററി ഉപയോഗത്തെ അടിസ്ഥാനമാക്കിയാണ് ഉപഭോക്താക്കൾ നിരക്ക് നൽകുന്നത്. അതായത് വാഹനം സഞ്ചരിക്കുന്ന ദൂരത്തിന് അനുസരിച്ച് ബാറ്ററിയുടെ നിരക്ക് ഈടാക്കും. ഇതിനായി, ഉപഭോക്താക്കൾ എല്ലാ മാസവും വാടക (ഇഎംഐ) നൽകേണ്ടിവരും. എങ്കിലും, ബാറ്ററി ചാർജിംഗ് പ്രത്യേകം നൽകേണ്ടിവരും.