ട്രംപ് ഏതിലെന്ന് മഷിയിട്ടാലും കിട്ടില്ല, ചുരളഴിയാത്ത രഹസ്യങ്ങളുമായി ആ കോപ്റ്ററുകളും ഇന്ത്യയില്‍!
മറീന്‍ വണ്‍ എന്നാല്‍ ഒരു ഹെലികോപ്റ്റര്‍ അല്ല. നിരവധി ഹെലികോപ്റ്ററുകള്‍ ചേര്‍ന്ന കൂട്ടമാണ് മറീന്‍ വണ്‍. അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഹെലികോപ്റ്റര്‍ വിശേഷങ്ങള്‍
ദില്ലി: അമേരിക്കൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിന്‍റെ ഇന്ത്യാ സന്ദര്‍ശനം തുടങ്ങാനൊരുങ്ങുകയാണ്. അദ്ദേഹത്തിന് യാത്ര ചെയ്യാനുള്ള മറീന്‍ വണ്‍ എന്നറിയപ്പെടുന്ന ഹൈലികോപ്റ്ററുകള്‍ ദില്ലിയില്‍ എത്തിക്കഴിഞ്ഞു. ഔദ്യോഗിക യാത്രാ വിമാനമായ എയര്‍ഫോഴ്സ് വണ്ണിലേക്ക് അമേരിക്കന്‍ പ്രസിഡന്‍റിനെ എത്തിക്കുക എന്നതാണ് മറീന്‍ വണ്ണിന്‍റെ ചുമതല. പ്രസിഡന്‍റിന്‍റെ ചെറുയാത്രകള്‍ക്കും മറീന്‍ വണ്‍ ഉപയോഗിക്കാറുണ്ട്. മറീന്‍ വണ്ണിന്‍റെ വിശേഷങ്ങള്‍ അറിയാം.
ഒന്നല്ല, ഒരുസംഘം
മറീന്‍ വണ്‍ എന്നാല്‍ ഒരു ഹെലികോപ്റ്റര്‍ അല്ല. നിരവധി ഹെലികോപ്റ്ററുകള്‍ ചേര്‍ന്ന കൂട്ടമാണ് മറീന്‍ വണ്‍ എന്നറിയപ്പെടുന്നത്.
അതീവ രഹസ്യം
സാധാരണ രീതിയില്‍ അഞ്ച് ഹെലികോപ്റ്ററുകളുടെ ഒരു സംഘമായിട്ടാണ് മറീന്‍ വണ്‍ സഞ്ചരിക്കുക. പ്രസിഡന്‍റുണ്ടാകുക അതിലൊന്നിലായിരിക്കും. എന്നാല്‍ ഏത് ഹെലികോപ്റ്ററിലാണ് പ്രസിഡന്‍റ് സഞ്ചരിക്കുന്നത് എന്നത് അതീവ രഹസ്യമായിരിക്കും. പ്രസിഡന്‍റിന്‍റെ കോപ്റ്ററിനെ ലക്ഷ്യം വെച്ച് നടത്തുന്ന ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ വേണ്ടിയാണിത്.
ചരിത്രം
1957 ല്‍ അമേരിക്കയുടെ 34-മത് പ്രസിഡന്‍റായ ഡ്വൈറ്റ് ഐസനോവറിന്‍റെ കാലം മുതലാണ് മറീന്‍ വണ്‍ ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ച് തുടങ്ങിയത്.
സൗകര്യങ്ങള്‍
അമേരിക്കൻ ഡിഫൻസ് കമ്പനിയായ ലോക്ക്ഹീഡ് മാർട്ടിന്റെ സഹകമ്പനി സീക്രോസ്കൈ എന്ന കമ്പനിയുടെ വിഎച്ച്–3ഡി സീകിങ്, വിച്ച്–60എൻ വൈറ്റ് ഹോക്ക് എന്നീ ഹെലികോപ്റ്ററുകളാണ് മറീൻ വൺ ആയി ഉപയോഗിക്കുന്നത്. ആകെ 200 സ്ക്വയര്‍ ഫീറ്റാണ് അകത്തെ സ്ഥലം. പരമാവധി 14 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ഈ ഹെലികോപ്റ്ററിനുള്ളില്‍ ഒരു ശുചിമുറിയും ഉണ്ട്.
സുരക്ഷ
ഹെലികോപ്റ്റർ എൻജിൻ ശബ്ദം ഉള്ളിലേക്കു വരാതിരിക്കാനും വെടിയുണ്ട ഏൽക്കാതിരിക്കാനും ശേഷിയുള്ള ബോഡിയാണ് ഇതിന്. ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാന മിസൈൽ വാണിങ് സിസ്റ്റം, ആന്റി മിസൈൽ ഡിഫൻസ് സിസ്റ്റം തുടങ്ങിയ അത്യാധുനിക സൗകര്യങ്ങളുമുണ്ട്. മൂന്ന് എൻജിനുള്ള ഹെലികോപ്റ്ററിന്റെ ഒരു എൻജിൻ പ്രവർത്തന രഹിതമായാലും സുരക്ഷിതമായി സഞ്ചരിക്കാം. മണിക്കൂറിൽ 214 കിലോമീറ്റർ വരെ വേഗത്തിൽ ഈ ഹെലികോപ്റ്ററുകള്‍ സഞ്ചരിക്കും. ബാലിസ്റ്റിക് മിസൈൽ പ്രതിരോധ സംവിധാനത്തിനു പുറമേ മിസൈൽ വാണിങ് സിസ്റ്റം, ആന്റി മിസൈൽ ഡിഫൻസ് സിസ്റ്റം, അത്യാധുനിക കമ്യൂണിക്കേഷൻ സിസ്റ്റം തുടങ്ങിയവ മറീൻ വണ്ണിനെ ലോകത്തിലെ ഏറ്റവും സുരക്ഷിത ഹെലികോപ്റ്ററാക്കുന്നു.
പറത്തുന്നത്
മറീൻ ഹെലികോപ്റ്റർ സ്വാഡ്രോൺ വണ്ണാണ് (എച്ച്എംഎക്സ്–1)മറീൻ വണ്ണിന്റെ ചുമതല. എച്ച്എംഎക്സ് വണ്ണിന്റെ നാലു പൈലറ്റുമാരാണ് ഹെലികോപ്റ്റർ പറത്തുക. അമേരിക്കൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സ്റ്റേറ്റ് തലവന്മാർ, ഡിഫൻസ് തലവന്മാർ തുടങ്ങിയ വിവിഐപികളുടെ യാത്രാചുമതല എച്ച്എംഎക്സ് വണ്ണിനാണ്.
എത്തിച്ചത് ഗ്ലോബ് മാസ്റ്റര്‍
ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍ വിമാനത്തിലാണ് ഹെലിക്കോപ്റ്ററുകള്‍ ഇന്ത്യയിലെത്തിച്ചത്. നിലവില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റ വിമാനങ്ങളില്‍ ഒന്നാണ് ബോയിങ്ങിന്‍റെ സി 17 ഗ്ലോബ് മാസ്റ്റര്‍. ട്രംപിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി ഇത്തരം ആറ് വിമാനങ്ങള്‍ ഇന്ത്യയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതില്‍ ആദ്യത്തേതാണ് കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയത്. മറീന്‍ വണ്‍ ഹെലിക്കോപ്റ്ററുകള്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനങ്ങള്‍, ട്രംപ് സഞ്ചിരിക്കുന്ന കാഡിലാക് വണ്‍ കാര്‍, സുരക്ഷാ ഉപകരണങ്ങള്‍ എന്നിവയാണ് സി 17 ല്‍ എത്തിക്കുക.
ചുരുളഴിയാത്ത രഹസ്യങ്ങളുമായി ട്രംപിന്‍റെ ആ കാര്‍ ഇന്ത്യയില്‍!
ട്രംപും മോദിയും
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയമായ മൊട്ടേര ഉദ്ഘാടനം ചെയ്തതിന് ശേഷം സര്‍ദാര്‍ വല്ലഭായി പട്ടേല്‍ ഇന്‍റര്‍ നാഷണല്‍ എയര്‍പ്പോര്‍ട്ടിലേക്ക് മറീന്‍ വണ്‍ ഹെലികോപ്റ്ററിലാവും ട്രംപ് സഞ്ചരിക്കുക. 22 കിലോമീറ്റര്‍ നീളുന്ന റോഡ് ഷോയിലൂടെയാണ് ട്രംപും മോദിയും ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തുന്നത്.
ബീസ്റ്റ് നേരത്തേ എത്തി
പ്രസിഡന്‍റിന്‍റെ സന്ദര്‍ശനത്തിന് മുന്നോടിയായി 'ദി ബീസ്റ്റ്' എന്ന് ഓമനപ്പേരുള്ള അദ്ദേഹത്തിന്റെ പ്രസിഡൻഷ്യൽ ലിമോസിൻ അഥവാ കാഡിലാക്ക് കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യയിലെത്തിയിരുന്നു.