ഷാർജയിൽ എല്ലാം കണ്ടും അനുഭവിച്ചും നിതിൻ ഗഡ്കരി! അത്ഭുതപ്പെടുത്താൻ സ്കൈ ബസ് ഇന്ത്യയിലേക്ക്, ധാരണ
യു സ്കൈ ടെക്നോളജി സ്കൈ ബസ് സൊല്യൂഷൻസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൊബിലിറ്റി സേവനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഐ സ്കൈ മൊബിലിറ്റിയുമായി ധാരണയായിട്ടുണ്ടെന്നും നിതിൻ ഗഡ‍്കരി അറിയിച്ചു.
ഷാര്‍ജ: ഷാർജയിലെ യു സ്‌കൈ ടെക്‌നോളജിയുടെ പൈലറ്റ് സർട്ടിഫിക്കേഷനും എക്സ്പീരിയൻസ് സെന്‍ററും സന്ദർശിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. സ്കൈ ബസില്‍ മന്ത്രി പരീക്ഷണ യാത്രയും നടത്തി. പ്രാഗ് സന്ദര്‍ശനത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങി വരവേയൊണ് ഗഡ്കരി ഷാർജയിൽ ഇറങ്ങിയത്. യു സ്കൈ ടെക്നോളജി അവതരിപ്പിച്ച സുരക്ഷാ മാതൃകകളും എവാക്വേഷൻ ഡെമോയും അദ്ദേഹം കണ്ട് മനസിലാക്കി.
യു സ്കൈ ടെക്നോളജി സ്കൈ ബസ് സൊല്യൂഷൻസ് വികസിപ്പിച്ചെടുത്തിട്ടുണ്ട്. മൊബിലിറ്റി സേവനങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ഐ സ്കൈ മൊബിലിറ്റിയുമായി ധാരണയായിട്ടുണ്ടെന്നും നിതിൻ ഗഡ‍്കരി അറിയിച്ചു. നഗരവാസികൾക്ക് സുഗമമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിനൊപ്പം മലിനീകരണവും ഗതാഗതക്കുരുക്കും കുറയ്ക്കാൻ സ്കൈ ബസ് ഉപകാരപ്രദമാണ്. അതേസമയം, ചെക്ക് റിപ്പബ്ലിക്കിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ഹൈഡ്രജന്‍ ബസില്‍ യാത്ര ചെയ്തിരുന്നു. പ്രാഗിലായിരുന്നു യാത്ര.
സുസ്ഥിരവും പരിസ്ഥിതി സൗഹാര്‍ദപരവുമായ യാത്രാ ബദലുകള്‍ തേടുന്നതിന്‍റെ ഭാഗമായിരുന്നു ഈ 'ടെസ്റ്റ് ഡ്രൈവ്'. "കാർബൺ ബഹിർഗമനത്തിനും പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്കും എതിരായ പോരാട്ടത്തിൽ ഹൈഡ്രജൻ ബസുകൾ പ്രത്യാശയുടെ വെളിച്ചമാണ്. ഇത് ഹരിത ഭാവിക്ക് വഴിയൊരുക്കുന്നു"- വീഡിയോ പങ്കുവെച്ച് നിതിന്‍ ഗഡ്കരി കുറിച്ചു.
ഒക്‌ടോബർ ഒന്നിന് ചെക്ക് റിപ്പബ്ലിക്കിലെത്തിയ ഗഡ്കരിക്ക് പ്രാഗ് വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. തിങ്കളാഴ്ച പ്രാഗിൽ നടന്ന 27-ാമത് ലോക റോഡ് കോൺഗ്രസിൽ റോഡ് സുരക്ഷയെക്കുറിച്ചുള്ള മന്ത്രിതല സെഷനിൽ അദ്ദേഹം പങ്കെടുത്തു. സ്റ്റോക്ക്ഹോം പ്രഖ്യാപനത്തിൽ പറഞ്ഞിരിക്കുന്ന ആഗോള റോഡ് സുരക്ഷാ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം ആവർത്തിച്ചു. ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഇന്ധന സെൽ ബസ് സെപ്റ്റംബർ 25 ന് ഉദ്ഘാടനം ചെയ്തത്.