24 മണിക്കൂറില്‍ ഒരുലക്ഷം ബുക്കിംഗ്, 48 മണിക്കൂറില്‍ 1100 കോടിയുടെ കച്ചവടം; ഇത് ഒല മാജിക്ക്!

പര്‍ച്ചേസ് വിന്‍ഡോ തുറന്ന് വെറും 48 മണിക്കൂറിനുള്ളില്‍ 1100 കോടി രൂപയാണ് വില്‍പ്പനയിലൂടെ ഒല നേടിയിരിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

Ola Electric sells e scooters worth Rs 1100 crore in just 48 hours

24 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷം ബുക്കിംഗ് നേടി രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയില്‍ വിപ്ലവം സൃഷ്‍ടിച്ച ഒല വീണ്ടും ശ്രദ്ധേയമാകുന്നു. ബുക്കിംഗിലെ റെക്കോഡ് വില്‍പ്പനയിലും ഈ റെക്കോഡ് തുടരുകയാണ് ഒല. പര്‍ച്ചേസ് വിന്‍ഡോ തുറന്ന് വെറും 48 മണിക്കൂറിനുള്ളില്‍ 1100 കോടി രൂപയാണ് വില്‍പ്പനയിലൂടെ ഒല നേടിയിരിക്കുന്നതെന്ന് ബിസിനസ് സ്റ്റാന്‍ഡേര്‍ഡ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

രണ്ട് ദിവസത്തിനുള്ളില്‍ 1100 കോടി രൂപയുടെ വില്‍പ്പനയാണ് നേടിയിരിക്കുന്നതെന്നും മൂല്യത്തില്‍ അടിസ്ഥാനത്തില്‍ ഇത് ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണെന്നും  ഒല ഗ്രൂപ്പ് സി.ഇ.ഒ. ഭവീഷ് അഗര്‍വാള്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വാഹന വ്യവസായത്തില്‍ മാത്രമല്ല, ഇന്ത്യയിലെ ഇ-കൊമേഴ്‌സ് ചരിത്രത്തില്‍ തന്നെ ഒരു ദിവസത്തെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയെന്ന റെക്കോഡാണ് ഒല നേടിയിട്ടുള്ളതെന്നും നമ്മള്‍ ശരിക്കും ഡിജിറ്റല്‍ ഇന്ത്യയില്‍ തന്നെയാണ് ജീവിക്കുന്നതെന്ന് വീണ്ടും തെളിയുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഒല ഇലക്ട്രിക്കിന്റെ പര്‍ച്ചേസ് വിന്‍ഡോ നിലവില്‍ അടച്ചിരിക്കുകയാണ്. എന്നാല്‍, റിസര്‍വേഷന്‍ ഇപ്പോഴും തുടരുന്നുണ്ട്. പര്‍ച്ചേസ് വിന്‍ഡോ നവംബര്‍ ഒന്നാം തിയതി വീണ്ടും തുറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നതെന്ന് കമ്പനി അറിയിച്ചു. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഇപ്പോള്‍ ബുക്ക് ചെയ്യാമെന്നും ഒല അറിയിച്ചു. മുന്‍പ് തന്നെ ബുക്ക് ചെയ്തിട്ടും കഴിഞ്ഞ ദിവസങ്ങളില്‍ വാഹനം ലഭിക്കാത്തവര്‍ക്ക് നവംബര്‍ ഒന്നാം തിയതി ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ഒല ഉറപ്പുനല്‍കി.

എസ്1, എസ് 1 പ്രോ എന്നീ രണ്ട് വേരിയന്റുകളായാണ് ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടര്‍ വിപണിയിലെത്തുന്നത്. കൂടുതല്‍ റേന്‍ജ്, ഉയര്‍ന്ന പവര്‍, വലിയ സ്റ്റേറേജ് കപ്പാസിറ്റി , മികച്ച കണക്ടിവിറ്റി ഉള്‍പ്പെടെ, ഇലക്ട്രിക് സ്‍കൂട്ടർ രംഗത്ത് വിപ്ലവം സൃഷ്ടിച്ചാണ് ഒല വിപണിയിലെത്തുന്നത്. 85,000 രൂപ മുതല്‍ 1,29,000 രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്ഷോറൂം വില. ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌കൂട്ടറായ ഹോണ്ട ആക്ടീവയുടെ വിലയേക്കാള്‍ കുറവാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

എസ്1 ഒറ്റ ചാര്‍ജില്‍ 121 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 90 കിലോമീറ്ററാണ് വാഹനത്തിന്റെ പരമാവധി വേഗത. എസ്1 വേരിയന്റ് വെറും 3.6 സെക്കന്റ് കൊണ്ട് 40 കിലോമീറ്റര്‍ വേഗത കൈവരിക്കും.  നോര്‍മല്‍ ‚സ്പോര്‍ട്ട് എന്നീ രണ്ട് ഡ്രൈവ് മോഡുകള്‍. എസ് 1 പ്രോ വേരിയന്റില്‍ നോര്‍മല്‍ ‚സ്പോര്‍ട്ട് ഡ്രൈവ് മോഡുകള്‍ക്ക് പുറമേ ഹൈപ്പര്‍ മോഡും നല്‍കിയിട്ടുണ്ട്. എസ് 1 പ്രോ ഒറ്റ ചാര്‍ജില്‍ 181 കിലോമീറ്റര്‍ സ‍ഞ്ചരിക്കും. മണിക്കൂറില്‍ 115 കിലോമീറ്ററാണ് എസ് 1 പ്രോയുടെ പരമാവധി വേഗത.

ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ 10 നിറങ്ങളിലാണ് വിപണിയില്‍ എത്തന്നത്. ഗ്ലോസി, മാറ്റ് ഫിനിഷിൽ ചുവപ്പ്, പിങ്ക്, മഞ്ഞ, സിൽവർ, വെളുപ്പ്, കറുപ്പ് നിറങ്ങളിലെല്ലാം ഒലയുടെ ഇലക്ട്രിക്ക് സ്‍കൂട്ടർ ലഭ്യമാണ്.  എസ്1 വേരിയന്‍റ് അഞ്ച് നിറങ്ങളിൽ ലഭ്യമാകുമ്പോള്‍ പ്രോയ്ക്ക് കമ്പനി 10 കളർ ഓപ്ഷനുകൾ നൽകിയിട്ടുണ്ട്​.

ഒല സ്‍കൂട്ടര്‍ വാങ്ങുന്നത് എങ്ങനെ?
ഒല ആപ്പിലെ പര്‍ച്ചേസ് വിന്‍ഡോ കഴിഞ്ഞ ദിവസം തുറന്നു. ബുധനാഴ്‍ച വൈകുന്നേരം 6 മുതലാണ് കമ്പനി​ പർച്ചേസ്​ വിൻഡോ തുറന്നത്​. നേരത്തേ വാങ്ങുന്നവർക്ക്​ മുൻഗണനാ ഡെലിവറി ലഭിക്കും. വാഹനം വാങ്ങലും നിറങ്ങളുടെ തെരഞ്ഞെടുപ്പും ടെസ്​റ്റ്​ ഡ്രൈവ്​ ബുക്കിങുമെല്ലാം ഓൺലൈനായാണ്​ നിർവഹിക്കേണ്ടത്​. വാഹനം ഹോം ​ഡെലിവറി ആയി വീട്ടിലെത്തിക്കും.

വാങ്ങല്‍ പ്രക്രിയ
ജൂലൈ 15 ന് ഓല സ്​കൂട്ടറുകൾക്ക് ബുക്കിംഗ്​ സ്വീകരിച്ചുതുടങ്ങിയിരുന്നു. നേരത്തെ റിസർവേഷൻ ഉള്ള ആർക്കും ഓൺലൈനായി ഓല സ്​കൂട്ടറുകളുടെ വാങ്ങൽ നടപടികളിലേക്ക് കടക്കാം. മുഴുവൻ വാങ്ങൽ പ്രക്രിയയും പരിധികളില്ലാതെ ഡിജിറ്റൽ ആയാണ്​ ലഭ്യമാക്കുന്നതെന്ന്​ കമ്പനി അധികൃതർ പറയുന്നു. ഷോറൂമുകൾ സന്ദർശിക്കാതെ വീട്ടിൽ ഇരുന്ന്​ ഓല സ്​കൂട്ടർ വാങ്ങാം. മുൻഗണനാ ക്രമത്തിലായിരിക്കും ഡെലിവറി നടക്കുക. സ്റ്റോക്​ അവസാനിക്കുന്നതുവരെ മാത്രമേ വിൻഡോ തുറന്നിരിക്കുകയുള്ളൂ.

ആവശ്യമായ വകഭേദവും ഇഷ്​ടപ്പെടുന്ന നിറവും തിരഞ്ഞെടുക്കുക എന്നതാണ് വാഹനം വാങ്ങുന്നതി​ന്‍റെ ആദ്യ പടി. എസ് 1, എസ് 1 പ്രോ എന്നിങ്ങനെ രണ്ട്​​ വേരിയൻറുകളാണ്​ ഒലക്കുള്ളത്​. 10 നിറങ്ങളിൽ നിന്നും 2 ഫിനിഷുകളിൽ നിന്നും ഇഷ്​ടമുള്ളതും​ തിരഞ്ഞെടുക്കാം. ആദ്യം ഓർഡർ ചെയ്​തതിന്​ ശേഷവും വേണമെങ്കിൽ വേരിയൻറിനേയും നിറത്തെയും മാറ്റാനും സാധിക്കും. പക്ഷേ വാഹനം ഡെലിവറിക്കായി പുറപ്പെടുന്നതുവരെ മാത്രമേ ഇത്​ സാധ്യമാവുകയുള്ളൂ.

പണം അടയ്ക്കുന്നത് എങ്ങനെ?
ഓല ഫിനാൻഷ്യൽ സർവീസസ് (OFS)ഉപഭോക്​താക്കൾക്ക്​ തിരഞ്ഞെടുക്കാൻ സൗകര്യപ്രദമായ ഇൻ-ക്ലാസ് ഫിനാൻസിങ്​ ഓപ്ഷനുകൾ നൽകുമെന്ന്​ കമ്പനി പറയുന്നു. ഡൗൺപേയ്​മെൻറ്​ അടച്ചശേഷം ധനസഹായം ആവശ്യമുണ്ടെങ്കിൽ ഓല ഫിനാൻഷ്യൽ സർവീസസ് ​സഹായിക്കും. ഐഡിഎഫ്​സി ഫസ്റ്റ് ബാങ്ക്, എച്ച്​ഡിഎഫ്​സി, ടാറ്റ ക്യാപിറ്റൽ എന്നിവയുൾപ്പെടെയുള്ള ബാങ്കുകളുമായി ചേർന്നാണ്​ ഒല നിലവില്‍ പ്രവർത്തിക്കുന്നത്​. ഇഎംഐകൾ 2999 രൂപയിലും (ഓല എസ് 1 ) 3199 രൂപയിലും (ഓല എസ് 1 പ്രോ) ആരംഭിക്കും. എച്ച്ഡിഎഫ്​സി ബാങ്ക് ഓല ഇലക്ട്രിക് ആപ്പുകളിൽ മിനിറ്റുകൾക്കുള്ളിൽ യോഗ്യതയുള്ള ഉപഭോക്താക്കൾക്ക് പ്രീ-അപ്രൂവ്ഡ് വായ്​പ നൽകും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona   

Latest Videos
Follow Us:
Download App:
  • android
  • ios