ഒല അടുത്തപണി തുടങ്ങി, വരുന്നൂ ഇലക്ട്രിക്ക് ഓട്ടോറിക്ഷകൾ!
ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ട്രിയോ, പിയാജിയോ ആപ് ഇ-സിറ്റി, ബജാജ് ആർഇ തുടങ്ങിയ ഇലക്ട്രിക് ത്രീ വീലറുകളുമായാണ് റാഹി മത്സരിക്കുക
രാജ്യത്തെ ഇലക്ട്രിക്ക് ഇരുചക്രവാഹന വിഭാഗത്തിലെ മുമ്പനാണ് ഒല ഇലക്ട്രിക്. ഈ വിഭാഗത്തിൽ കമ്പനിക്ക് ഏകദേശം 42 ശതമാനം വിപണി വിഹിതമുണ്ട്. ഇപ്പോഴിതാ രാജ്യത്തെ ഇലക്ട്രിക് ത്രീ-വീലർ അല്ലെങ്കിൽ ഇലക്ട്രിക് ഓട്ടോറിക്ഷ വിപണിയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി. ഈ ഇലക്ട്രിക് വാഹനത്തിൻ്റെ പേര് റാഹി എന്നായിരിക്കാം എന്നാണ് റിപ്പോര്‍ട്ടുകൾ. ഈ മാസം അവസാനത്തോടെ കമ്പനി ഇത് അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപഭോക്താക്കൾക്ക് ഇത് കമ്പനിയിൽ നിന്ന് നേരിട്ട് വാങ്ങാനും സാധിക്കും. ഇന്ത്യൻ വിപണിയിൽ മഹീന്ദ്ര ട്രിയോ, പിയാജിയോ ആപ് ഇ-സിറ്റി, ബജാജ് RE തുടങ്ങിയ ഇലക്ട്രിക് ത്രീ വീലറുകളുമായാണ് റാഹി മത്സരിക്കുക.
ഇലക്‌ട്രിക് ഓട്ടോറിക്ഷയുടെ ലോഞ്ച് ഓല ഇലക്‌ട്രിക്‌സിൻ്റെ വിപുലീകരണ പദ്ധതികളിലെ ഒരു സുപ്രധാന ചുവടുവയ്പാണ്. 2022 ഡിസംബറിൽ തന്നെ ഐപിഒയ്ക്ക് അപേക്ഷിച്ച കമ്പനി 5,500 കോടി രൂപ വരെ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഐപിഒയ്ക്ക് മുന്നോടിയായി, ഓല ഇലക്ട്രിക് ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ തങ്ങളുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അവിടെ നിലവിൽ മുൻനിര സ്ഥാനം വഹിക്കുന്നു.
ഉൽപ്പന്നം മെച്ചപ്പെടുത്തുന്നതിനായി, കമ്പനി അടുത്തിടെ സ്കൂട്ടറിൻ്റെ ബാറ്ററിയുടെ വാറൻ്റി എട്ട് വർഷമായി ഉയർത്തി. ഇതുകൂടാതെ, കൂടുതൽ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കാനും അതിൻ്റെ സേവന ശൃംഖല വിപുലീകരിക്കാനും പദ്ധതിയിടുന്നു. നിലവിൽ മിക്ക നഗരങ്ങളിലും കമ്പനിക്ക് ഒരു ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ മാത്രമേയുള്ളൂ.
ഒല ഇലക്ട്രിക് തങ്ങളുടെ തമിഴ്‌നാട് പ്ലാൻ്റിൽ ജിഗാഫാക്‌ടറി സ്ഥാപിക്കാനുള്ള പദ്ധതിയിലും പ്രവർത്തിക്കുന്നു. ഈ ഫാക്ടറിയിൽ കമ്പനി ബാറ്ററി സെല്ലുകൾ നിർമ്മിക്കും. ഐപിഒ വഴി സമാഹരിക്കുന്ന ഫണ്ട് ഗിഗാഫാക്‌ടറി സ്ഥാപിക്കുന്നതിനുള്ള സഹായത്തിനായി ഉപയോഗിക്കും. 2023ൽ ഇലക്ട്രിക് സ്കൂട്ടർ വിഭാഗത്തിൽ 41% വിപണി വിഹിതമാണ് ഒല ഇലക്ട്രിക്കിനുള്ളത്. 2023 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനി 2,631 കോടി രൂപയുടെ വരുമാനം ഉണ്ടാക്കിയെങ്കിലും 1,472 കോടി രൂപയുടെ നഷ്ടവും രേഖപ്പെടുത്തി എന്നാണ് റിപ്പോര്‍ട്ടുകൾ.