ഒരിടവേളയ്ക്ക് ശേഷം ജനപ്രിയൻ തിരിച്ചുവരുന്നു, കയ്യടിച്ച് സാധാരണക്കാര്‍!
ബിഎസ് 6 ഫേസ്-2 മാനദണ്ഡങ്ങൾക്കനുസൃതമായി കമ്പനി ഇപ്പോൾ പാഷൻ പ്ലസിൽ പുതുക്കിയ എഞ്ചിൻ നൽകിയിട്ടുണ്ട്. ബൈക്ക് ഇനി E-20 പെട്രോളിലും പ്രവർത്തിക്കും. പുതിയ ഹീറോ പാഷൻ പ്ലസിന്റെ ദില്ലി എക്‌സ് ഷോറൂം വില 75,131 രൂപയാണ്.
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം 100സിസി സെഗ്‌മെന്‍റിലേക്ക് ജനപ്രിയ ഇരുചക്ര വാഹന ബ്രൻഡായ ഹീറോ മോട്ടോകോർപ്പ് തങ്ങളുടെ ജനപ്രിയ ബൈക്കായ പാഷൻ പ്ലസ് പുതിയ രൂപത്തിൽ അവതരിപ്പിച്ചു. ഏകദേശം മൂന്നു വർഷത്തിന് ശേഷമാണ് പാഷൻ പ്ലസ് ഇന്ത്യയിൽ തിരിച്ചെത്തിയത്. 2020 ന്റെ തുടക്കത്തിൽ, BS6 മലിനീകരണ മാനദണ്ഡങ്ങൾ പാലിക്കാൻ കഴിയാത്തതിനാൽ കമ്പനി പാഷൻ പ്ലസിന്‍റെ ഉല്‍പ്പാദനം നിര്‍ത്തുകയായിരുന്നു. ബിഎസ് 6 ഫേസ്-2 മാനദണ്ഡങ്ങൾക്കനുസൃതമായി കമ്പനി ഇപ്പോൾ പാഷൻ പ്ലസിൽ പുതുക്കിയ എഞ്ചിൻ നൽകിയിട്ടുണ്ട്. ബൈക്ക് ഇനി E-20 പെട്രോളിലും പ്രവർത്തിക്കും. പുതിയ ഹീറോ പാഷൻ പ്ലസിന്റെ ദില്ലി എക്‌സ് ഷോറൂം വില 75,131 രൂപയാണ്.
പുതിയ ഹീറോ പാഷൻ പ്ലസ് 97.2 സിസി, സിംഗിൾ സിലിണ്ടർ, എയർ കൂൾഡ്, ഫ്യുവൽ ഇഞ്ചക്‌റ്റഡ് എഞ്ചിൻ, 4 സ്പീഡ് മാനുവൽ ഗിയർബോക്‌സ് ഉപയോഗിച്ച് ട്യൂൺ ചെയ്‌തിരിക്കുന്നു. ഈ എഞ്ചിൻ 7.9 bhp കരുത്തും 8.05 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. ബിഎസ്6 ഘട്ടം 2 മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് എഞ്ചിൻ നിർമ്മിച്ചിരിക്കുന്നത്. ഇതിന് E20 ഇന്ധനത്തിലും പ്രവർത്തിക്കാൻ കഴിയും. എഞ്ചിൻ ന്യൂട്രൽ ഗിയറിൽ ആയിരിക്കുമ്പോൾ കുറച്ച് നിമിഷങ്ങൾക്ക് ശേഷം എഞ്ചിൻ കട്ട് ചെയ്യുന്ന i3s സാങ്കേതികവിദ്യ പോലുള്ള സവിശേഷതകളുമായാണ് മോട്ടോർസൈക്കിൾ ഇപ്പോൾ വരുന്നത്. റൈഡർ ക്ലച്ചിൽ അമര്‍ത്തുമ്പോൾ തന്നെ എഞ്ചിൻ സജീവമാകും. മൊബൈൽ ഉപകരണങ്ങൾ ചാർജ് ചെയ്യുന്നതിനായി ഒരു സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്ററും ഇടത് ഹാൻഡിൽബാറിൽ യുഎസ്ബി പോർട്ടും ഉണ്ട്. ഇത് കൂടാതെ, ഡിജിറ്റൽ അനലോഗ് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്. ഫ്യുവൽ ഗേജും ട്രിപ്പ് മീറ്ററുകളും ഡിജിറ്റൽ ലേഔട്ടിൽ കാണിക്കുമ്പോൾ സ്പീഡോമീറ്റർ ഒരു അനലോഗ് യൂണിറ്റാണ്.
ഹീറോ പാഷൻ പ്ലസിന്റെ രൂപകൽപ്പനയിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. എന്നാൽ ബോഡി പാനലുകളിൽ ചില പുതിയ ഗ്രാഫിക്സ് ലഭ്യമാണ്. മൂന്ന് നിറങ്ങളിലാണ് (ഷേഡ്‌സ് സ്‌പോർട്‌സ് റെഡ്, ബ്ലാക്ക് നെക്‌സസ് ബ്ലൂ, ബ്ലാക്ക് ഹെവി ഗ്രേ) ബൈക്കിനെ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കംഫർട്ട് ഫീച്ചറുകളെക്കുറിച്ച് പറയുമ്പോൾ, ടെലിസ്കോപ്പിക് ഫ്രണ്ട് ഫോർക്കുകളും പിന്നിൽ ഡ്യുവൽ സ്പ്രിംഗ്-ലോഡഡ് ഷോക്ക് അബ്സോർബറുകളും നൽകിയിട്ടുണ്ട്. ഇതിന് പുറമെ ഐബിഎസോടു കൂടിയ ഡ്രം ബ്രേക്കിംഗ് സംവിധാനവും ബൈക്കിൽ നൽകിയിട്ടുണ്ട്.
അളവുകളുടെ കാര്യത്തിൽ, പാഷൻ പ്ലസ് 1,982 എംഎം നീളവും 1,087 എംഎം ഉയരവും 770 എംഎം വീതിയും ലഭിക്കുന്നു. സീറ്റിന് 790 എംഎം ഉയരം ലഭിക്കുമ്പോൾ ഗ്രൗണ്ട് ക്ലിയറൻസ് 168 എംഎം ആണ്. മോട്ടോർസൈക്കിളിന് 115 കിലോഗ്രാം ഭാരം ഉണ്ട്, ഇന്ധന ടാങ്കിന് 11 ലിറ്റർ ശേഷിയുണ്ട്. ഹോണ്ട ഷൈനിനും ബജാജ് പ്ലാറ്റിനയ്ക്കും എതിരെയാണ് ഹീറോ പാഷൻ പ്ലസ് മത്സരിക്കുന്നത്.
അടിമുടി മാറിയോ ഈ ഹീറോ ജനപ്രിയൻ? ഇതാ അറിയേണ്ടതെല്ലാം!