കാക്കയെ പേടിച്ച് കാര്‍ മൂടിയാല്‍ സംഭവിക്കുന്നത്!
പക്ഷികൾ കാഷ്‍ഠിക്കാതിരിക്കാനും പൊടി പിടിക്കാതിരിക്കാനുമെല്ലാം കാർ കവർ സഹായിക്കുമെങ്കിലും വാഹനങ്ങള്‍ മുടുന്നത് ഗുണമാണോ ദോഷമാണോ എന്നത് പലര്‍ക്കും ഇപ്പോഴും സംശയമുള്ള കാര്യമാണ്. ഇതാ അറിയേണ്ടതെല്ലാം
ഒരു വാഹനം എന്നത് സാധാരാണക്കാരെ സംബന്ധിച്ച് ദീര്‍ഘകാലത്തെ സ്വപ്‍നമാണ്. കാലങ്ങളായി സ്വരുക്കൂട്ടിവച്ച പണം ഉപയോഗിച്ചും കടം വാങ്ങിയുമൊക്കെയാവും പലരും ആ സ്വപ്‍നം യാതാര്‍ത്ഥ്യമാക്കുന്നത്.
ഇങ്ങനെ സ്വന്തമാക്കുന്ന വാഹനങ്ങള്‍ നല്ല രീതിയില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ മിക്ക ആളുകളും. ഇത്തരത്തില്‍ നമ്മുടെ നാട്ടില്‍ പൊതുവെ കാണുന്ന ശീലമാണ് വാഹനങ്ങള്‍ മൂടി സൂക്ഷിക്കുന്നത്. വാഹനത്തിൽ പക്ഷികൾ കാഷ്‍ഠിക്കാതിരിക്കാനും പൊടി പിടിക്കാതിരിക്കാനുമെല്ലാം കാർ കവർ സഹായിക്കും.
കാര്‍ വീടിന്‍റെ പോര്‍ച്ചിലാണ് കിടക്കുന്നതെങ്കിലും മൂടി സൂക്ഷിക്കാറുണ്ട് ചിലര്‍. വാഹനത്തില്‍ പൊടി പിടിക്കാതെ സൂക്ഷിക്കാന്‍ ഇത്തരത്തില്‍ മൂടുന്നത് നല്ലതാണെങ്കിലും വാഹനങ്ങള്‍ മുടുന്നതുകൊണ്ട് ഗുണമാണോ ദോഷമാണോ എന്നത് പലര്‍ക്കും ഇപ്പോഴും സംശയമുള്ള കാര്യമാണ്. കാര്‍ മൂടിയിടുന്നതു കൊണ്ട് ഗുണവും ദോഷവും ഉണ്ടെന്നതാണ് സത്യം. അവ എന്തൊക്കെയെന്ന് നോക്കാം.
ഗുണങ്ങള്‍
കാർ കവറുകൾ യുവി കിരണങ്ങളിൽ നിന്ന് കാറിനെ സംരക്ഷിക്കും. പക്ഷേ ഗുണമേന്മയുള്ള കാര്‍ കവറുകള്‍ ആയിരിക്കണമെന്ന് മാത്രം. അതുപോലെ വെയിൽ ഏൽക്കുന്നതു മൂലമുള്ള നിറം മങ്ങലും (അകത്തും പുറത്തും) മൂടി സൂക്ഷിക്കുന്നത് ഇല്ലാതാക്കും. ചെറിയ സ്ക്രാച്ചുകളിൽ നിന്നും ചെറിയ കേടുപാടുകളിൽ നിന്നും രക്ഷിക്കുന്നതിനും മൂടല്‍ സഹായിക്കും.
ദോഷങ്ങള്‍
ഗുണം പോലെ തന്നെ ദോഷ വശങ്ങളും കാർ മൂടിവെയ്ക്കുന്നതുകൊണ്ടുണ്ട്. പോളിത്തീൻ, നൈലോൺ, പ്ലാസ്റ്റിക് നിർമിത കാർ കവറുകൾ ഉപയോഗിച്ച് കാർ മൂടുമ്പോൾ കാറിലോ കവറിലോ ഈർപ്പം ഉണ്ടെങ്കിൽ ഇത് പെയിന്റിനു പുറത്ത് മങ്ങിയ പാടു വീഴാൻ ഇടയാക്കും എന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്. ഇത് കാർ പോളിഷ് ചെയ്താലേ പോകൂ. അതുകൊണ്ട് കാർ മൂടിവയ്ക്കുമ്പോൾ ഈർപ്പരഹിതമാണെന്ന് ഉറപ്പുവരുത്തുക. അതുപോലെ മാസങ്ങളോളം മൂടിവയ്ക്കുന്നതും ഒഴിവാക്കുക.
കാറിന്‍റെ പുതുമയും തിളക്കവും നിലനിര്‍ത്താന്‍ ഇതാ ചില പൊടിക്കൈകള്‍
ഈ കാറുകള്‍ ഒരിക്കലും മൂടരുത്
ചെളിയും പൊടിയും നിറഞ്ഞ സാഹചര്യത്തില്‍, കവര്‍ ഉപയോഗിച്ച് കാര്‍ മൂടാന്‍ ശ്രമിക്കുന്നതും തിളക്കം കുറയ്ക്കാനിടയാക്കും. പൊടിയും ചെളിയും പെയിന്റിന് മേല്‍ പാടുകള്‍ വീഴ്ത്തും.
ഈ സമയത്ത് കവര്‍ ഉപയോഗിക്കണം
നേരിട്ടുള്ള സൂര്യപ്രകാശം കാറിന്റെ തിളക്കം നഷ്ടപ്പെടുത്തും എന്നതില്‍ യാതൊരു സംശയവുമില്ല. ദീര്‍ഘനേരം തുറസായ പ്രദേശത്ത് കാര്‍ പാര്‍ക്ക് ചെയ്യുന്നുണ്ട് എങ്കില്‍, കാര്‍ കവര്‍ ഉപയോഗിക്കുന്നത് ഉത്തമമാണ്.
വൃത്തിയാക്കാന്‍ മൈക്രോ ഫൈബര്‍
കാര്‍ വൃത്തിയാക്കാന്‍ എപ്പോഴും മൈക്രോ ഫൈബര്‍ തുണി മാത്രം ഉപയോഗിക്കുക. കഴുകിയതിന് ശേഷമുള്ള വെള്ളം അതിവേഗം തുടച്ച് നീക്കാന്‍ മൈക്രോ ഫൈബറിന് സാധിക്കും. മൃദുവായതിനാല്‍ തന്നെ തുടച്ച പാടുകളും കാറിലുണ്ടാകില്ല.
ഉണങ്ങിയ തുണി ഉപയോഗിക്കരുത്
ഉണങ്ങിയ തുണി ഉപയോഗിച്ച് കാര്‍ തുടയ്ക്കാന്‍ ശ്രമിക്കരുത്. ഇങ്ങനെ ചെയ്‍താല്‍ പൊടിപടലങ്ങള്‍ പെയിന്‍റില്‍ ഉരഞ്ഞ് സ്‌ക്രാച്ചുകളും പാടുകളും വീഴ്ത്തും. തിളക്കം എളുപ്പം നഷ്ടപ്പെടും. നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുന്നതാണ് അത്യുത്തമം.
പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിക്കുക
കാറിന്റെ പെയിന്റ് സംരക്ഷിക്കുന്നതില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിമിന് സാധിക്കും. പക്ഷേ അല്‍പ്പം ചെലവേറും. നിങ്ങളുടെ കാര്‍ പുതിയതാണ് എങ്കില്‍ പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഉപയോഗിച്ച് തിളക്കം സംരക്ഷിക്കാം. ഹൈവെ യാത്രകളിലാണ് പെയിന്റ് പ്രൊട്ടക്ഷന്‍ ഫിലിം ഏറെ ഫലപ്രദമാവുക.
ഷാംപൂ ബെസ്റ്റാണ്
തിളക്കം നിലനിര്‍ത്തുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ കാര്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഷാംപൂ ഉപയോഗിക്കുന്നതിന് മുമ്പും ശേഷവും കാര്‍ നന്നായി വെള്ളം ഉപയോഗിച്ച് കഴുകണം.
മുകളില്‍ നിന്നും താഴോട്ട് കാര്‍ കഴുകുക
മുകളില്‍ നിന്നും താഴോട്ടാണ് കാര്‍ കഴുകേണ്ടത്. കാരണം ബമ്പറിലും കാറിന്റെ അടിഭാഗത്തുമാണ് ഏറിയ പങ്ക് ചെളിയും പൊടിയും അടിഞ്ഞ് കൂടിയിട്ടുണ്ടാവുക. തിരിച്ചാണ് ചെയ്യുന്നതെങ്കില്‍ ഈ ചെളിയും മണ്ണും മുകളിലേക്കും പടരുമെന്ന് ചുരുക്കം.