നെഞ്ചാകെ സ്വിഫ്റ്റല്ലേ എന്ന് ജനം, തോല്‍പ്പിക്കാനാകില്ല മക്കളേ എന്ന് എതിരാളികളോട് മാരുതി!
കഴിഞ്ഞ 16 വര്‍ഷമായി നിരത്തിലുള്ള വാഹനം വില്‍പ്പനയില്‍ ഒരു നിര്‍ണ്ണായക നാഴിക്കക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍
നിലവിൽ ഇന്ത്യയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന കാറാണ് ജനപ്രിയ ഹാച്ച്ബാക്കായ മാരുതി സുസുക്കി സ്വിഫ്റ്റ്. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ രാജ്യത്തെ ഹാച്ച്ബാക്ക് വാഹന വിപണിയുടെയും ഒപ്പം മാരുതി സുസുക്കിയുടെയും തലേവര തന്നെമാറ്റിയെഴുതിയ തലൈവരാണ് അക്ഷരാര്‍ത്ഥത്തില്‍ സ്വിഫ്റ്റ്. കഴിഞ്ഞ 16 വര്‍ഷമായി നിരത്തിലുള്ള വാഹനം വില്‍പ്പനയില്‍ ഒരു നിര്‍ണ്ണായക നാഴിക്കക്കല്ല് പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. സിഫ്റ്റിന്റെ വില്‍പ്പന 25 ലക്ഷം കടന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.
2005 ലാണ് ആദ്യമായി സ്വിഫ്റ്റിനെ മാരുതി വിപണിയിലെത്തിക്കുന്നത്. സ്വിഫ്റ്റിന്റെ മൂന്നാം തലമുറ വാഹനമാണ് ഇപ്പോള്‍ നിരത്തിലുള്ളത്. 2018ലെ ദില്ലി ഓട്ടോ എക്‌സ്‌പോയിലാണ് നിലവിലെ സ്വിഫ്റ്റിന്റെ ഔപചാരിക അരങ്ങേറ്റം നടന്നത്.
2020നുള്ളില്‍ 22 ലക്ഷം വില്‍പ്പന നേടിയ സ്വിഫ്റ്റ് മോഡല്‍ ഒരു വര്‍ഷത്തിനുള്ളില്‍ 25 ലക്ഷമെന്ന നാഴികക്കല്ല് തൊട്ടു. ഈ വര്‍ഷം ജനുവരിയിലെ കണക്ക് അനുസരിച്ച് 23 ലക്ഷം സ്വിഫ്റ്റുകളാണ് വിറ്റഴിച്ചിട്ടുള്ളതെന്നായിരുന്നു മാരുതി അറിയിച്ചിരുന്നത്. എന്നാല്‍, കേവലം എട്ട് മാസത്തിനുള്ളില്‍ രണ്ട് ലക്ഷം യൂണിറ്റുകള്‍ വിറ്റഴിച്ച് 25 ലക്ഷം എന്ന മാജിക്കല്‍ നമ്പറിലെത്തുകയായിരുന്നു. ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെയെല്ലാം പ്രതികൂലമായി ബാധിച്ചിരുന്ന 2020-ല്‍ പോലും ഭേദപ്പെട്ട വില്‍പ്പന സ്വന്തമാക്കി സ്വിഫ്റ്റ് ഉള്‍പ്പെടുന്ന ശ്രേണിയിലെ ടോപ്പ് സെല്ലിങ്ങ് മോഡല്‍ എന്ന ഖ്യാതി ഈ വാഹനം നേടിയിട്ടുണ്ട്.
2004 ല്‍ ഒരു ഓട്ടോ എക്‌സ്‌പോയിലാണ് കണ്‍സെപ്റ്റ് എസ്' എന്ന ആശയ രൂപത്തില്‍ സ്വിഫ്റ്റിനെ കമ്പനി ആദ്യമായി അവതരിപ്പിച്ചത്. ബി+ ഹാച്ച്ബാക്ക് സെഗ്മെന്റിലേക്കുള്ള കമ്പനിയുടെ ചുവടുവയ്‍പായിരുന്നു അത്. മൂന്ന് തലമുറകളിലായി അവതരിപ്പിക്കപ്പെട്ട സ്വിഫ്റ്റ് മാരുതിയുടെ വില്‍പ്പനയില്‍ പ്രധാന പങ്കാളിത്തം വഹിക്കുന്നുണ്ട്. 2020 ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടതും ഈ മോഡലാണ്. 2021 സാമ്പത്തിക വര്‍ഷത്തില്‍ 1,72,671 യൂണിറ്റ്, 2020 ല്‍ 1,87,916 യൂണിറ്റ്, 2018 ല്‍ 1,75,928 യൂണിറ്റ് എന്നിങ്ങനെയാണ് ഈ ജനപ്രിയ മോഡലിന്റെ വില്‍പ്പന. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാല് മാസങ്ങളില്‍ 61,482 യൂണിറ്റുകളുടെ വില്‍പ്പനയും കൈവരിച്ചു.
1.2 ലിറ്റര്‍ പെട്രോള്‍, 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകളിലായിരുന്നു സ്വിഫ്റ്റ് ആദ്യമെത്തിയിരുന്നത്. എന്നാല്‍, ബി.എസ്-6 മാനദണ്ഡത്തിലുള്ള എന്‍ജിന്റെ വരവോടെ ഡീസല്‍ എന്‍ജിന്‍ മോഡല്‍ നിരത്തൊഴിയുകയായിരുന്നു. നിലവില്‍ 83 പി.എസ്.പവറും 113 എന്‍.എം.ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാണ് ഈ വാഹനത്തിന്‍റെ ഹൃദയം. അഞ്ച് സ്പീഡ് മാനുവല്‍ എ.എം.ടി ഗിയര്‍ബോക്സുകളാണ് ട്രാന്‍സ്‍മിഷന്‍ ഓപ്‍ഷനുകള്‍.
ചെറിയ മാറ്റങ്ങളോടെ മാരുതി സുസുക്കി അടുത്തിടെ സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ 2021 പതിപ്പ് പുറത്തിറക്കിയിരുന്നു LXi, VXi, ZXi, ZXi+ എന്നീ നാല് വേരിയന്റുകളിലാണ് സ്വിഫ്റ്റ് വിപണിയില്‍ എത്തുന്നത്. 5.85 ലക്ഷം രൂപ മുതല്‍ 8.53 ലക്ഷം രൂപ വരെയാണ് സ്വിഫ്റ്റിന്റെ എക്സ്ഷോറും വില. ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സ്മാര്‍ട്ട് കീ, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ്, എല്‍.ഇ.ഡി.പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, എല്‍.ഇ.ഡി.ടെയ്ല്‍ലാമ്പ്, സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം തുടങ്ങിയ ഫീച്ചറുകള്‍ സ്വിഫിറ്റില്‍ ഉണ്ട്. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു.
അതേസമയം നാലാം തലമുറ സ്വിഫ്റ്റിന്‍റെ പണിപ്പുരയിലാണ് കമ്പനിയെന്നും 2022 പകുതിയോടെ വാഹനം ആഗോള വിപണിയിൽ എത്തിയേക്കുമെന്നും അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സുസുക്കിയുടെ ജന്മദേശമായ ജപ്പാനിലായിരിക്കും സ്വിഫ്റ്റ് ആദ്യം എത്തുക എന്നും നാലാം തലമുറ സ്വിഫ്റ്റിന് പുതിയ ഡിസൈൻ ഭാഷ നൽകാനാണ് സുസുക്കിയുടെ നീക്കം എന്നുമാണ് റിപ്പോര്‍ട്ടുകള്‍. പുതിയ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും വാഹനം നിർമിക്കുക. പുതിയ പ്ലാറ്റ്ഫോം ഇന്ത്യയിലേയ്ക്ക് എത്തുമോ എന്നത് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ, മാരുതി സുസുക്കിയുടെ മിക്ക വാഹനങ്ങളും ഹാർടെക് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് നിർമിച്ചിരിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona