കണ്ട്രോള്‍ പോയില്ല, പപ്പടവുമായില്ല; പാലക്കാട്ടെ ഡ്രൈവര്‍ മാത്രമല്ല ആ കാറും സൂപ്പറാ!
. മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്സ്‍യുവി300 ആയിരുന്നു ആ കാര്‍. പാലക്കാട് സ്വദേശിയായ ഡാന്‍റിസ് ജോര്‍ജ്ജ് ആയിരുന്നു മനോധൈര്യം കൊണ്ട് സ്റ്റിയറിംഗിനെ നിയന്ത്രിച്ച മിടുക്കനായ ആ കാര്‍ ഡ്രൈവര്‍.
ചുവന്ന സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാറിനെ പിന്നില്‍ നിന്നും ഇടിച്ചുതെറിപ്പിക്കുന്ന ബസ്. നിയന്ത്രണം നഷ്‍ടമായി മുന്നോട്ട് പായുന്ന കാര്‍. അത് നടുവിലെ ഡിവൈഡറിലേക്കോ മറ്റു വാഹനങ്ങളിലേക്കോ ഇടിച്ചുകയറാൻ തുടങ്ങിയ നിമിഷങ്ങള്‍. ആളുകള്‍ ഭയന്നുവിറച്ച ആ നിമിഷങ്ങളലൊന്നില്‍ വാഹനങ്ങള്‍ക്കിടയിലെ ചെറിയ ഗ്യാപ്പുകളിലൂടെ കറങ്ങിത്തിരിഞ്ഞ് ആ കാര്‍ നിന്നു. തലനാരിഴയ്ക്ക് ഒഴിവായത് വൻദുരന്തം. കഴിഞ്ഞ കുറച്ചുമണിക്കൂറുകളായി സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് ഈ സിസിടിവി വീഡിയോ ദൃശ്യങ്ങള്‍.
പാലക്കാട്ടെ കാഴ്ചപറമ്പ് സിഗ്നൽ ജംങ്ഷനിൽ ഇന്നലെയായിരുന്നു ഞെട്ടിക്കുന്ന ഈ അപകടം. പലരും അപകടത്തില്‍പ്പെട്ട കാര്‍ ഏതെന്നും ധൈര്യശാലിയായ ആ കാര്‍ ഡ്രൈവര്‍ ആരെന്നുമൊക്കെ അന്വേഷിക്കുന്നുണ്ടാകും. മഹീന്ദ്രയുടെ കോംപാക്ട് എസ്‍യുവിയായ എക്സ്‍യുവി300 ആയിരുന്നു ആ കാര്‍. പാലക്കാട് സ്വദേശിയായ ഡാന്‍റിസ് ജോര്‍ജ്ജ് ആയിരുന്നു മനോധൈര്യം കൊണ്ട് സ്റ്റിയറിംഗിനെ നിയന്ത്രിച്ച മിടുക്കനായ ആ കാര്‍ ഡ്രൈവര്‍.
അപകടത്തെക്കുറിച്ച് ഡാന്‍റിസ് പറയുന്നത്
"പാലക്കാടുനിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്നു. സിഗ്നലിൽ റെഡ് കണ്ടപ്പോൾ നിർത്തി. കണ്ണാടിയിൽ നോക്കിയപ്പോൾ അമിത വേഗത്തിൽ ബസ് വരുന്നത് കണ്ടു. ഉടൻ ഹാൻഡ് ബ്രേക്ക് മാറ്റി വണ്ടി മുന്നോട്ടെടുത്തു. പക്ഷ അതിന് മുമ്പേ ബസ് കാറിന് പിന്നില്‍ ഇടിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ നിന്നുള്ള ഷോക്കിലായിരുന്നു ആദ്യം. വണ്ടി ഡിവൈഡറിൽ ഇടിക്കുമെന്ന് കണ്ടപ്പോൾ സ്റ്റിയറിങ് തിരിച്ചു. വണ്ടി നിയന്ത്രണത്തിലാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുന്നിലുള്ള ഗ്യാപ്പിൽ കൂടി വണ്ടിയെടുക്കാൻ പറ്റി. എല്ലാം ദൈവാധീനമാണ്. സീറ്റ് ബെൽറ്റ് ഇട്ടിരുന്നു. പിന്നിലിരിക്കുന്നവരും സീറ്റ് ബെൽറ്റ് ഇടേണ്ടതിന്റെ ആവശ്യകതയാണ് അപകടത്തിൽ നിന്ന് മനസിലായത്. ഒറ്റയ്ക്കായിരുന്നതുകൊണ്ട് അപകടമൊന്നും പറ്റിയില്ല. ദൈവം കാത്തുവെന്നേ പറയാനുള്ളു.." ഡാന്‍റിസ് ജോര്‍ജ്ജ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
മഹീന്ദ്ര XUV300 എന്നാല്‍
മഹീന്ദ്ര ആൻഡ് മഹീന്ദ്ര നിർമ്മിക്കുന്ന ഒരു സബ് കോംപാക്റ്റ് ക്രോസ്ഓവർ എസ്‌യുവിയാണ് മഹീന്ദ്ര XUV300. 2019 ഫെബ്രുവരി 14നായിരുന്നു എക്സ് യു വി 300 വിപണിയില്‍ അരങ്ങേറിയത്. മഹീന്ദ്ര ഏറ്റെടുത്ത കൊറിയൻ കമ്പനിയായ സാങ്‌യോങിന്റെ ടിവോലിയാണ് രൂപമാറ്റത്തോടെ എക്‌സ്‍യുവി300 ആയെത്തിയത്. 1.2 ലിറ്റർ, 110 ബിഎച്ച്പി പെട്രോൾ, 1.5 ലിറ്റർ, 115 ബിഎച്ച്പി ഡീസൽ എന്നിവയാണ് എഞ്ചിൻ ഓപ്ഷനുകൾ. 109 bhp കരുത്തും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ അല്ലെങ്കിൽ 115 bhp കരുത്തും 300 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ ഡീസൽ മോട്ടോറാണ് മഹീന്ദ്ര XUV 300-ൽ നൽകിയിരിക്കുന്നത്. മഹീന്ദ്ര XUV300-ന് 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്‍പീഡ് എഎംടി ഗിയർബോക്‌സ് ലഭിക്കും.
സുരക്ഷയില്‍ കേമൻ
വിപണിയിൽ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെ മുതിർന്നവരുടെ സുരക്ഷയ്ക്കായി 5-സ്റ്റാർ ഗ്ലോബൽ NCAP റേറ്റിംഗ് ലഭിച്ചു. ശക്തമായ സുരക്ഷയൊരുക്കുന്ന ഇന്ത്യന്‍ വാഹനങ്ങളില്‍ ടാറ്റ നെക്‌സോണിനെ പിന്നിലാക്കിക്കൊണ്ടായിരുന്നു മഹീന്ദ്ര എക്‌സ്‌യുവി 300 ന്‍റെ നേട്ടം. കുട്ടിയാത്രക്കാരുടെ സംരക്ഷണത്തിനുള്ള 4-സ്റ്റാർ സുരക്ഷാ റേറ്റിംഗും കാറിന് ലഭിച്ചു. മുതിർന്നവരുടെ സുരക്ഷയും കുട്ടികളുടെ സുരക്ഷാ സ്‌കോറും ഇന്ത്യൻ വിപണിയിലെ മറ്റേതൊരു കാറിനേക്കാളും ഉയർന്നതാണ്. ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), കാൽനട സംരക്ഷണ ആവശ്യകതകൾ എന്നിവയ്ക്കായി G-NCAP കാർ കൂടുതൽ പരീക്ഷിച്ചു. ഒരു വാഹനത്തിന് അവാർഡ് ലഭിക്കണമെങ്കിൽ ഈ രണ്ട് ടെസ്റ്റുകളും നിർബന്ധമാണ്.
ആഗോളതലത്തില്‍ നടത്തുന്ന ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് നേടിയതിന് പിന്നാലെ അതേവര്‍ഷം തന്നെ ഏറ്റവും സുരക്ഷിതമായ ഇന്ത്യന്‍ വാഹനത്തിന് ഗ്ലോബല്‍ എന്‍-ക്യാപ് (ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം) നല്‍കുന്ന സേഫര്‍ ചോയിസ് അവാര്‍ഡും വാഹനത്തിന് ലഭിച്ചിരുന്നു. ഗ്ലോബല്‍ എന്‍-ക്യാപ് 2020ന് ആരംഭിച്ച അവാര്‍ഡ് പ്രോഗ്രാം അന്നത്തെ ദില്ലി ഓട്ടോ എക്‌സ്‌പോയിലായിരുന്നു പ്രഖ്യാപിച്ചത്. ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, കാല്‍നടയാത്രക്കാര്‍ക്ക് ഉറപ്പാക്കുന്ന സുരക്ഷ എന്നിവ പരിഗണിച്ചാണ് അവാര്‍ഡ്.
ആറ് എയർബാഗുകൾ, EBD ഉള്ള എബിഎസ്, ഓൾ-വീൽ ഡിസ്ക് ബ്രേക്കുകൾ, കോർണർ ബ്രേക്കിംഗ് കൺട്രോൾ, ഫ്രണ്ട് ആൻഡ് റിയർ പാർക്കിംഗ് സെൻസറുകൾ തുടങ്ങിയ സവിശേഷതകൾ ലഭിക്കുന്നു. ഇടിപരീക്ഷയില്‍ 37.44 പോയന്റാണ് എക്‌സ്‌യുവി 300-ന് ലഭിച്ചത്. മുതിര്‍ന്നവരുടെ സുരക്ഷയില്‍ 17-ല്‍ 16.42 പോയന്‍റും എക്‌സ്‌യുവിക്ക് ലഭിച്ചു. യാത്രക്കാരുടെ തല, കഴുത്ത്, കാല്‍മുട്ട് എന്നിവയ്ക്ക് ഈ വാഹനം മികച്ച സുരക്ഷ ഒരുക്കുന്നുണ്ടെന്നാണ് ക്രാഷ് ടെസ്റ്റില്‍ തെളിയിച്ചിരിക്കുന്നത്. യാത്രക്കാര്‍ക്ക് മികച്ച സുരക്ഷയും ഡ്രൈവറിന് പര്യാപ്‍തമായ സുരക്ഷയും നല്‍കുന്നതിനൊപ്പം ഫുട്ട്‌വെല്‍ ഏരിയ കൂടുതല്‍ ദൃഢമാണെന്നും ക്രാഷ് ടെസ്റ്റ് സാക്ഷ്യപ്പെടുത്തുന്നു.
ഇന്ത്യന്‍ വാഹനങ്ങളില്‍ ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷ സ്വന്തമാക്കുന്ന മൂന്നാമത്തെ വാഹനമായിരുന്നു മഹീന്ദ്ര എക്‌സ്‌യുവി300. ടാറ്റയുടെ നെക്‌സോണ്‍, അല്‍ട്രോസ് മോഡലുകള്‍ മുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നു. അല്‍ട്രോസ് 29 പോയന്റും നെക്‌സോണ്‍ 25 പോയന്റും നേടിയാണ് ഈ നേട്ടം സ്വന്തമാക്കിയത്. എല്ലാ വേരിയന്റിലും രണ്ട് എയർബാഗുകൾ (ടോപ് വേരിയന്റിൽ ഏഴ് എയർബാഗുകൾ) എബിഎസ്, ഇബിഡി, 4 വീലുകളുകളിലും ഡിസ്‌ക് ബ്രേക്ക് എന്നിവയുണ്ട്. റോൾ ഓവർ വിറ്റിഗേഷൻ ട്രാക്ഷൻ കൺട്രോൾ, ഡൈനാമിറ്റ് സ്റ്റിയറിങ് ടോർക്ക്, ഹിൽസ്റ്റാർട്ട് അസിസ്റ്റ് എന്നിവയും സേഫ്റ്റി ഫീച്ചറുകളിൽ പെടുന്നു.
ഹ്യൂണ്ടായ് വെന്യു, മാരുതി സുസുക്കി ബ്രെസ്സ, കിയ സോനെറ്റ്, ടാറ്റ നെക്‌സോൺ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന വിഭാഗത്തിലേക്ക് നേരിട്ട് മത്സരിക്കുന്നു മഹീന്ദ്ര XUV300.
മഹീന്ദ്ര XUV300 ഫേസ്‌ലിഫ്റ്റ് പരീക്ഷണത്തില്‍; കൂടുതൽ വിശദാംശങ്ങൾ