പരിഷ്കാരി തന്നെ! കിയ സെൽറ്റോസ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ പരീക്ഷണം ക്യാമറയിൽ പതിഞ്ഞു, റിപ്പോർട്ട്
മാരുതി ഗ്രാൻഡ് വിറ്റാര ബ്രെസ, ടൊയോട്ട ഹൈറൈഡർ, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിറ്റോറൻ സി3 എയർക്രോസ് എന്നിവയ്‌ക്കെതിരെ മത്സരിക്കാൻ മിഡ് - ലൈഫ് അപ്‌ഡേറ്റ് സെൽറ്റോസിനെ സഹായിക്കും.
കിയ ഇന്ത്യ 2023 ജൂലൈ പകുതിയോടെ വൻ തോതിൽ പരിഷ്‍കരിച്ച സെൽറ്റോസിനെ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റഡ് മോഡൽ കമ്പനിയുടെ ആന്ധ്രാപ്രദേശ് ആസ്ഥാനമായുള്ള പ്ലാന്‍റിന് സമീപം പരീക്ഷണത്തിനിടെ ക്യാമറയില്‍ പതിഞ്ഞതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മാരുതി ഗ്രാൻഡ് വിറ്റാര ബ്രെസ, ടൊയോട്ട ഹൈറൈഡർ, വരാനിരിക്കുന്ന ഹോണ്ട എലിവേറ്റ്, സിറ്റോറൻ സി3 എയർക്രോസ് എന്നിവയ്‌ക്കെതിരെ മത്സരിക്കാൻ മിഡ് - ലൈഫ് അപ്‌ഡേറ്റ് സെൽറ്റോസിനെ സഹായിക്കും. അതിന്‍റെ കസിനും സെഗ്‌മെന്റ് ലീഡറുമായ ഹ്യൂണ്ടായ് ക്രെറ്റയ്ക്കും 2024ന്റെ തുടക്കത്തിൽ ഒരു പ്രധാന അപ്‌ഡേറ്റ് ലഭിക്കും. പുതിയ 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് അൽപ്പം മെച്ചപ്പെടുത്തിയ ഡിസൈനും ധാരാളം നൂതന സാങ്കേതികവിദ്യകളുമായാണ് വരുന്നത്. എന്നാൽ എഞ്ചിൻ സജ്ജീകരണം നിലവിലേത് തന്നെ തുടരും.
മെറൂൺ ഷേഡിലുള്ള പരീക്ഷണ മോഡൽ ടോപ്പ് എൻഡ് ജിടി ലൈൻ വേരിയന്റാണ്. പുതിയ ഗ്രില്ലും പുതിയ എൽഇഡി ഡിആർഎല്ലുകളുള്ള പരിഷ്കരിച്ച ഹെഡ്‌ലാമ്പുകളും പുതുക്കിയ ബമ്പറും എസ്‌യുവിയുടെ സവിശേഷതകളാണ്. എന്നിരുന്നാലും, 'ഐസ് ക്യൂബ്' എൽഇഡി ഫോഗ് ലാമ്പ് അസംബ്ലിയും അലോയ് വീലുകളും നിലവിലെ മോഡലിൽ നിന്ന് മാറ്റിയിട്ടുണ്ട്. പുതിയ സെൽറ്റോസിന് മുന്നിലും പിന്നിലും എൽഇഡി സ്ട്രിപ്പ് ഉണ്ട്. വാതിലുകളിലെ ക്ലാഡിംഗ് നിലവിലുള്ളതിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്നു. പിൻഭാഗത്ത്, പുതുതായി രൂപകൽപ്പന ചെയ്ത ടെയിൽലാമ്പുകൾ ലഭിച്ചേക്കാം. ജിടി ലൈൻ ട്രിമ്മിൽ റെഡ് ഇൻസെർട്ടുകളും ഡ്യുവൽ എക്‌സ്‌ഹോസ്റ്റ് ടിപ്പുകളുമുള്ള ഫ്രണ്ട്, റിയർ ബമ്പറുകൾ ഉണ്ടാകും.
പുതിയ 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റിനായി രണ്ട് പ്രധാന ഫീച്ചർ അപ്‌ഗ്രേഡുകൾ ഉണ്ടാകും. ഒരു പനോരമിക് സൺറൂഫും അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം സാങ്കേതികവിദ്യയും ആണ് ഇവ. സുരക്ഷാ സഹായ സ്യൂട്ട് ബ്ലൈൻഡ് സ്പോട്ട് കൂട്ടിയിടി മുന്നറിയിപ്പ്, ഫോർവേഡ് കൂട്ടിയിടി ഒഴിവാക്കൽ അസിസ്റ്റ്, ഇന്റലിജന്റ് സ്പീഡ് ലിമിറ്റ് അസിസ്റ്റ്, സ്‌മാർട്ട് ക്രൂയിസ് കൺട്രോൾ വിത്ത് സ്റ്റോപ്പ് ആൻഡ് ഗോ, ഹൈവേ ഡ്രൈവിംഗ് അസിസ്റ്റ്, സുരക്ഷിതമായ എക്‌സിറ്റ് മുന്നറിയിപ്പ്, റിയർ ക്രോസ് ട്രാഫിക് കൂട്ടിയിടി ഒഴിവാക്കൽ അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകൾ വാഗ്ദാനം ചെയ്യും. പുതിയ സെൽറ്റോസിന് ആംബിയന്റ് ലൈറ്റിംഗ് സംവിധാനത്തോടുകൂടിയ പുതിയ ഇന്റീരിയർ തീം ലഭിക്കും.
പുതിയ 2023 കിയ സെൽറ്റോസ് ഫെയ്‌സ്‌ലിഫ്റ്റ് 1.4 എൽ ടർബോ പെട്രോൾ യൂണിറ്റിന് പകരം പുതിയ 1.5 എൽ ടർബോ പെട്രോൾ എഞ്ചിൻ നൽകുമെന്ന് റിപ്പോര്‍ട്ടുകൾ ഉണ്ട്. പുതിയ 1.5 എൽ പെട്രോൾ മോട്ടോർ 160 ബിഎച്ച്പിയും 253 എൻഎം ടോർക്കും. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് DCT ഗിയർബോക്‌സ് ഉപയോഗിച്ച് ഇത് സ്വന്തമാക്കാം. നിലവിലുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും (115bhp/144Nm), 1.5L ഡീസൽ (116bhp/250Nm) എന്നിവയും ഓഫറിൽ ലഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം കാണാം...