റോഡ് ക്യാമറ പൊളി, ഈ ബുള്ളറ്റ് ഓടിക്കുന്നയാൾക്ക് കിട്ടിയത് ചില്ലറ പണിയല്ല! ഹെൽമറ്റ് പിഴ തപ്പി, മോഷണം തെളിഞ്ഞു
ഹെൽമറ്റില്ലാതിരുന്ന ലബീഷിന്റെ മുഖം തലശ്ശേരി കൊടുവളളിയിലെ റോഡ് ക്യാമറയിൽ പതിയുകയായിരുന്നു
കാസർകോട്: റോഡ് ക്യാമറയിൽ ഹെൽമറ്റ് ഇല്ലാതെ കുടുങ്ങിയ ബുള്ളറ്റ് യാത്രക്കാരന് കിട്ടിയത് മുട്ടൻ പണി. ഹെൽമറ്റ് പിഴക്കായി വണ്ടി നമ്പർ തപ്പിയപ്പോൾ തെളിഞ്ഞത് മോഷണം. ബുളളറ്റ് മോഷ്ടിച്ച് ഹെൽമറ്റില്ലാതെ ഓടിച്ചുപോയ പ്രതിയാണ് റോഡ് ക്യാമറയിൽ കുടുങ്ങിയത്. മുഖം വ്യക്തമായി തെളിഞ്ഞതോടെ കാസർകോട് സ്വദേശി ലബീഷിനെ പൊലീസ് പിടികൂടുകയായിരുന്നു. കണ്ണൂർ റെയിൽവെ സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ചാണ് ഇയാൾ കടന്നത്. ഈ മാസം നാലിന് വൈകീട്ടായിരുന്നു മോഷണം. ഹെൽമറ്റില്ലാതിരുന്ന ലബീഷിന്റെ മുഖം തലശ്ശേരി കൊടുവളളിയിലെ റോഡ് ക്യാമറയിൽ പതിയുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതോടെ കോഴിക്കോട് നടക്കാവ് പൊലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു.
അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത തലശ്ശേരിയിൽ നിന്ന് സ്കൂട്ടർ മോഷ്ടിച്ച് മുങ്ങിയ കളളനെ വടകര ജയിലിൽ നിന്നും പൊലീസ് പൊക്കി എന്നതാണ്. വയനാട് പുത്തൻകുന്ന് സ്വദേശി മുഹമ്മദ് ഷമീറിനെയാണ് തലശ്ശേരി പൊലീസ് പിടികൂടിയത്. പഴയ വാഹനങ്ങള്‍ മാത്രം മോഷ്ടിക്കുന്നതാണ് ഈ കളളന്‍റെ ശീലം. 5 മാസം മുൻപ് തലശേരി റെയിൽവെ സ്റ്റേഷനിൽ നിന്നും സ്കൂട്ടർ മോഷ്ടിച്ച് ഷമീർ മുങ്ങിയിരുന്നു. സ്കൂട്ടർ മോഷണം പോയതോടെ തലശ്ശേരി പൊലീസിൽ പരാതിയും എത്തിയിരുന്നു. അന്വേഷണം കോഴിക്കോട് താമരശ്ശേരിയിൽ നടന്ന മോഷണ കേസുകളിലേക്കും എത്തി. അങ്ങനെയാണ് ഷമീറിനെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്. മറ്റൊരു കേസിൽ വടകര സബ് ജയിലിൽ കഴിയുകയാണ് പ്രതിയെന്ന് പൊലീസ് കണ്ടെത്തി. ജയിലിലെത്തി ഷമീറിനെ ചോദ്യം ചെയ്തതോടെ തലശ്ശേരി മോഷണക്കേസിന്‍റെ ചിത്രം തെളിയുകയായിരുന്നു. മോഷ്ടിച്ച വാഹനങ്ങള്‍ കോഴിക്കോടും മലപ്പുറത്തുമായി വിൽപ്പന നടത്തുകയായിരുന്നു ഇയാളുടെ പതിവ്. വിറ്റു പോകാതെ വന്നാൽ വാടകയ്ക്ക് നൽകുകയും ചെയ്തിരുന്നു ഇയാൾ. മോഷ്ടിക്കുന്നത് പഴയ വാഹനമായതിനാൽ ഉടമകള്‍ പരാതിയുമായെത്തുന്നത് കുറവായിരുന്നു എന്നതാണ് പ്രതിക്ക് പലപ്പോഴും ഗുണമായിരുന്നത്. തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം