സമയം തെളിഞ്ഞ തെരുവുനായക്ക് ജോലി കിട്ടി, ഹ്യുണ്ടായിയില്‍ സെയില്‍സ് കണ്‍സള്‍ട്ടന്‍റ്!
ഫോട്ടോയോട് കൂടിയ കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് വരെ സ്വന്തമായുള്ള ഹ്യുണ്ടായിയുടെ ഔദ്യോഗിക ജോലിക്കാരനാണ് ഈ നായ
പുത്തനൊരു കാര്‍ വാങ്ങാനായി ഷോറൂമിലേക്ക് കയറിച്ചെല്ലുകയാണ് നിങ്ങള്‍. അതാ സെയിസ്‍മാന്‍റെ ടാഗും തൂക്കി നിങ്ങളുടെ മുമ്പിലേക്ക് ഒരു നായ വരുന്നു. ഒന്നു ഓര്‍ത്തു നോക്കൂ. എന്തൊരു കൌതുകമായിരിക്കും അല്ലേ? നടക്കാത്ത കാര്യമെന്നും സാങ്കല്‍പ്പിക ചിന്തയെന്നും കള്ളക്കഥയെന്നുമൊക്കെ എഴുതിത്തള്ളാന്‍ വരട്ടെ. ഒരു നായക്ക് കാര്‍ ഷോറൂമില്‍ ജോലി കിട്ടിയ കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
അങ്ങ് ബ്രസീലിലാണ് നായക്ക് കാര്‍ ഷോറൂമില്‍ സെയില്‍സ് ഡോഗായി ജോലി കിട്ടിയത്. സംഭവം ഇങ്ങനെയാണ്. ഹ്യുണ്ടായിയുടെ ഷോറൂമിന് സമീപം ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു ഈ തെരുവു നായ. ജീവനക്കാരുമായി പെട്ടെന്ന് അവനങ്ങ് ഇണങ്ങി. ഇതോടെ ഈ നായയെ ദത്തെടുക്കാന്‍ അവരങ്ങു തീരുമാനിച്ചു. ദത്തെടുക്കുക മാത്രമല്ല 'ടക്സണ്‍ പ്രൈം' എന്ന് പേരും നല്‍കി അവനെ ജോലിക്കുമെടുത്തു.
രണ്ട് ദിവസം മുമ്പ് കമ്പനി തന്നെയാണ് തങ്ങളുടെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെ ട്യൂസണെ പരിചയപ്പെടുത്തിയത്. 'ഹ്യുണ്ടായിയുടെ പുതിയ സെയില്‍സ് ഡോഗ് ട്യൂസണ്‍ പ്രൈമിനെ പരിചയപ്പെടുത്തുന്നു. ഒരു വയസ് പ്രായമുള്ള ട്യൂസണെ ഹ്യുണ്ടായ് കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു. ഇവന്‍ സഹ പ്രവര്‍ത്തകരേയും ഉപഭോക്തക്കളേയും ഇപ്പോള്‍ തന്നെ കൈയിലെടുത്തു കഴിഞ്ഞു'- ഇതായിരുന്നു കമ്പനിയുടെ കുറിപ്പ്.
ബ്രസീലിലെ എസ്പിരിറ്റോ സാന്റോയിലുള്ള ഹ്യുണ്ടായി ഷോറൂമിലെ ജീവനക്കാരനാണിപ്പോള്‍ ഈ നായ. ഫോട്ടോയോട് കൂടിയ കമ്പനിയുടെ തിരിച്ചറിയല്‍ കാര്‍ഡ് വരെ സ്വന്തമായുള്ള ഹ്യുണ്ടായിയുടെ ഔദ്യോഗിക ജോലിക്കാരനാണ് ടസ്‍കണ്‍. ഇവിടെ ചെന്നാല്‍ ജോലിക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡും കഴുത്തില്‍ തൂക്കി ഇരിക്കുന്ന ട്യൂസണെ കാണാം. ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പിലെ സെയില്‍സ് വിഭാഗത്തിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കുകയാണ് ടക്‌സന്റെ ജോലി.
ഷോറൂമിനുള്ളില്‍ തന്നെയാണ് ടക്സന്റെ താമസവും. എന്തായാലും സോഷ്യല്‍ മീഡിയയിലെ താരമാണ് ഇപ്പോള്‍ ഈ സെയില്‍സ് ഡോഗ്. 32800 ത്തില്‍ അധികം പേരാണ് ഇതിനകം ഈ ടക്‌സനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ഏത് നായക്കും ഒരു ദിവസമുണ്ടെന്ന് പറയുന്ന നാടന്‍ ചൊല്ലിന്‍റെ ആഴം ഇപ്പോള്‍ വാഹനപ്രേമികള്‍ക്കെങ്കിലും പിടികിട്ടിക്കാണുമെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.