സാധാരണക്കാരന്‍റെ ആഡംബര ബൈക്ക്, ഹോണ്ട എസ്‍പി 160, അറിയാം അഞ്ച് കാര്യങ്ങൾ
യൂണിക്കോൺ, എക്സ്-ബ്ലേഡ് എന്നിവയ്ക്ക് ശേഷം ഹോണ്ടയുടെ മൂന്നാമത്തെ 160 സിസി മോട്ടോർസൈക്കിളാണിത്. ഹോണ്ട SP160-നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.
രാജ്യത്തെ കമ്മ്യൂട്ടർ മോട്ടോർസൈക്കിള്‍ വിപണി വികസിച്ചുകൊണ്ടിരിക്കുകയാണ്. സാധാരണ കമ്മ്യൂട്ടർ മോട്ടോർസൈക്കിളുകള്‍ ഇന്ന് ആളുകൾക്ക് ആവശ്യമില്ല. പകരം, അവരുടെ ദൈനംദിന ആവശ്യങ്ങൾ നിറവേറ്റുന്ന, എന്നാൽ സാധാരണ കമ്മ്യൂട്ടർ മോട്ടോർസൈക്കിൾ പോലെ തോന്നാത്ത ഒരു ബൈക്കാണ് പലരും ആഗ്രഹിക്കുന്നത്. ഇക്കാരണത്താൽ, 160 സിസി മോട്ടോർസൈക്കിളുകൾ ഇന്ത്യൻ വിപണിയിൽ വളരെ ജനപ്രിയമാണ്. ഈ സെഗ്‌മെന്റിലേക്കുള്ള ഏറ്റവും പുതിയ മോഡലാണ് ഹോണ്ടയിൽ നിന്നുള്ള SP160. യൂണിക്കോൺ, എക്സ്-ബ്ലേഡ് എന്നിവയ്ക്ക് ശേഷം ഹോണ്ടയുടെ മൂന്നാമത്തെ 160 സിസി മോട്ടോർസൈക്കിളാണിത്. ഹോണ്ട SP160-നെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ ഇതാ.
വിലയും വകഭേദങ്ങളും
രണ്ട് വേരിയന്റുകളിലായാണ് SP160 ഹോണ്ട എത്തുന്നത്. ഡ്യുവൽ ഡിസ്‍കും സിംഗിൾ ഡിസ്‍കും ഉണ്ട്. യഥാക്രമം 1.22 ലക്ഷം രൂപയും 1.18 ലക്ഷം രൂപയുമാണ് ഇവയുടെ വില . രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്.
പുതിയ 750 സിസി ബോബർ ബുള്ളറ്റിന്‍റെ പണിപ്പുരയില്‍ റോയൽ എൻഫീൽഡ്
ഫീച്ചറുകൾ
എൽഇഡി ഹെഡ്‌ലാമ്പ്, ഹസാർഡ് സ്വിച്ച്, എഞ്ചിൻ കിൽ സ്വിച്ച് എന്നിവ SP160-ന്റെ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെടുന്നു. ഇതുകൂടാതെ ക്ലോക്ക്, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ, ഫ്യുവൽ ഗേജ്, സ്പീഡോമീറ്റർ, ടാക്കോമീറ്റർ, ട്രിപ്പ് മീറ്ററുകൾ, ഓഡോമീറ്റർ, ഇന്ധനവുമായി ബന്ധപ്പെട്ട വിവരങ്ങൾ എന്നിങ്ങനെ വിവിധ വിവരങ്ങൾ കാണിക്കുന്ന ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും ഉണ്ട്.
എക്സ്-ബ്ലേഡുമായി എഞ്ചിൻ പങ്കിടുന്നു
ഹോണ്ട എക്സ്-ബ്ലേഡിൽ നിന്നുള്ള എഞ്ചിനാണ് SP160 ന് ഹോണ്ട ഉപയോഗിച്ചിരിക്കുന്നത്. ഒരേയൊരു മാറ്റം ഈ എഞ്ചിൻ ഇപ്പോൾ BS6 സ്റ്റേജ് 2 പാലിക്കുന്നു എന്നതാണ്. എഞ്ചിന് 162.71 സിസി ഡിസ്‌പ്ലേസ്‌മെന്റ് ഉണ്ട്. സിംഗിൾ സിലിണ്ടർ എഞ്ചിന് ഫ്യൂവൽ ഇഞ്ചക്ഷൻ ലഭിക്കുന്നു. കൂടാതെ 7,500 ആർപിഎമ്മിൽ 13.27 ബിഎച്ച്‌പിയും 5,500 ആർപിഎമ്മിൽ 14.58 എൻഎം പീക്ക് ടോർക്ക് ഔട്ട്‌പുട്ടും ഉത്പാദിപ്പിക്കുന്നു. ഇത് അഞ്ച് സ്‍പീഡ് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു.
ഹാർഡ്‌വെയർ
SP160-ന് ഡയമണ്ട്-ടൈപ്പ് ഫ്രെയിമാണ് ഹോണ്ട ഉപയോഗിക്കുന്നത്. മുൻവശത്ത് ടെലിസ്കോപ്പിക് ഫോർക്കുകളും പിന്നിൽ മോണോഷോക്കും സസ്പെൻഡ് ചെയ്‍തിരിക്കുന്നു. ബ്രേക്കിംഗ് ഹാർഡ്‌വെയറിൽ മുന്നിൽ 276 എംഎം ഡിസ്‌ക് അടങ്ങിയിരിക്കുന്നു, പിന്നിൽ 220 എംഎം ഡിസ്‌ക് അല്ലെങ്കിൽ 130 എംഎം ഡ്രം ബ്രേക്ക് ഉണ്ട്.
സ്‌പോർട്ടി ലുക്ക്
SP160 ന്റെ രൂപത്തിന് ഹോണ്ട പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. SP160 ന്റെ മൊത്തത്തിലുള്ള രൂപകൽപ്പന ഇപ്പോഴും ഒരു യാത്രാ ബൈക്കിന്‍റെതാണ്. എന്നാൽ ഇതില്‍ കുറച്ച് സ്‌പോർട്ടി ടച്ചോടെയാണ് വരുന്നത്. ഉദാഹരണത്തിന്, ഹെഡ്‌ലാമ്പിന് ഒരു അഗ്രസീവ് കൗൾ, ടാങ്ക് ആവരണങ്ങൾക്കൊപ്പം മസ്കുലർ ഫ്യൂവൽ ടാങ്ക്, അടിഭാഗത്ത് ഒരു കൗൾ എന്നിവയും ഉണ്ട്.