ഡ്രൈവിങ് ലൈസൻസ്: ലേണേഴ്സ് പരീക്ഷയിലും സമഗ്രമായ മാറ്റം, പരീക്ഷ കടുക്കും!

ഒരുദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്.

Driving license learners test criteria will change soon, says minister K B Ganesh Kumar prm

തിരുവനന്തപുരം: ഡ്രൈവിങ് ലൈസൻസ് ലഭിക്കുന്നതിനുള്ള ലേണേഴ്സ് പരീക്ഷയിൽ സമ​ഗ്രമായ മാറ്റം വരുത്തുമെന്ന് മന്ത്രി ​ഗണേഷ് കുമാർ. പരീക്ഷാ രീതിയിൽ മാറ്റമുണ്ടാകും. നേരത്തെ 20 ചോദ്യങ്ങളിൽ 12 എണ്ണത്തിന് ശരിയുത്തരമെഴുതിയാൽ ലേണിങ് പരീക്ഷ പാസാകുമായിരുന്നു. ഇനി ചോദ്യങ്ങളുടെ എണ്ണം 20ൽ നിന്ന് 30ആക്കി ഉയർത്തും. 30 ചോദ്യങ്ങളിൽ 25 എണ്ണത്തിനും ശരിയുത്തരമെഴുതിയാൽ മാത്രമേ ലേണേഴ്സ് പരീക്ഷ പാസാകൂവെന്നും മന്ത്രി വ്യക്തമാക്കി. ഒരുദിവസം ഒരു ഓഫീസിൽ നിന്ന് 20ലധികം ലൈസന്‍സ് അനുവദിക്കരുതെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇക്കാര്യം വ്യക്തമാക്കി ഉത്തരവ് ഉടന്‍ പുറപ്പെടുവിക്കും. വാഹനം ഓടിക്കുക എന്നതല്ല, വാഹനം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനമെന്നും മന്ത്രി പറഞ്ഞു. ശുപാർശ കൊണ്ടുവന്നാൽ ലൈസൻസ് നൽകില്ല. ഡ്രൈവിങ് സ്കൂളുകളുടെ പ്രവർത്തനത്തിലും മാറ്റം വരുത്തുമെന്നും എല്ലാം ക്യാമറയിൽ പകർത്തുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് നാലര ലക്ഷം ലൈസൻസും ആർസി ബുക്കും വിതരണം ചെയ്യാനുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. 

ലൈസൻസ് കൊടുക്കുന്ന നടപടി കർശനമാക്കുമെന്ന് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ലൈസന്‍സിനായുള്ള പ്രായോഗിക പരീക്ഷയില്‍ എച്ച് മാത്രമെടുത്തിട്ട് കാര്യമില്ല. വണ്ടി റിവേഴ്സ് എടുക്കണം. പാർക്ക് ചെയ്യണം, റിവേഴ്സ് എടുത്ത് പാർക്ക് ചെയ്ത് കാണിക്കണമെന്നും മന്ത്രി പറഞ്ഞു. താൻ ​ഗൾഫിൽ പോയി ലൈസൻസ് എടുത്തപ്പോൾ ഇതെല്ലാം ചെയ്തിട്ടാണ് ലൈസൻസ് നൽകിയതെന്നും അദ്ദേഹം പറ‍ഞ്ഞു.

ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിൽ ക്യാമറ സ്ഥാപിക്കും. അതിനുള്ള നിർദേശം നൽകിയിട്ടുണ്ട്. സ്ത്രീകളോട് മോശമായി ഉദ്യോ​ഗസ്ഥർ പെരുമാറുന്നുവെന്ന പരാതിയെ തുടർന്നാണ് നടപടി. വ്യാപകമായി ലൈസൻസ് കൊടുക്കുന്നവർ ആ സ്ഥാനത്തുണ്ടാകില്ല. തെറ്റുവരുത്തിയാൽ ലൈസൻസ് കിട്ടില്ല. കേരളത്തിലെ ലൈസൻസിന് അന്തസുണ്ടാകും. ഇത് മനുഷ്യജീവന്റെ പ്രശ്നമാണ്. പലർക്കും ലൈസൻസുണ്ട്. പക്ഷേ ജീവിതത്തിൽ ഓടിക്കാൻ അറിയില്ല. പലർക്കും പാർക്ക് ചെയ്യാൻ അറിയില്ല. എല്ലാ കാര്യങ്ങളിലും വിജയിച്ചാൽ മാത്രമേ ലൈസൻസ് അനുവദിക്കൂവെന്നും ലൈസൻസ് നേരിട്ട് കൊടുക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി മാധ്യമപ്രവർകരോട് പറഞ്ഞു. 

Latest Videos
Follow Us:
Download App:
  • android
  • ios